• HOME
  • »
  • NEWS
  • »
  • kerala
  • »
  • ബിനീഷ് കോടിയേരിയ്ക്ക് പരോക്ഷ പിന്തുണയുമായി മുഖ്യമന്ത്രി; പ്രതികളെ സാക്ഷിയാക്കിയ പിണറായി ഇന്ദ്രജാലമെന്ന് വി ഡി സതീശൻ

ബിനീഷ് കോടിയേരിയ്ക്ക് പരോക്ഷ പിന്തുണയുമായി മുഖ്യമന്ത്രി; പ്രതികളെ സാക്ഷിയാക്കിയ പിണറായി ഇന്ദ്രജാലമെന്ന് വി ഡി സതീശൻ

കൊടകര വിഷയത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി തേടിക്കൊണ്ട് റോജി എം ജോൺ നോട്ടീസ് അവതരിപ്പിക്കുന്നതിനിടെയാണ് ബിനീഷ് കോടിയേരി വിഷയം ഉന്നയിച്ചത്

പിണറായി വിജയൻ, വി ഡി സതീശൻ

പിണറായി വിജയൻ, വി ഡി സതീശൻ

  • Share this:
തിരുവനന്തപുരം: മയക്കുമരുന്ന് കേസിൽ ജയിലിൽ കഴിയുന്ന ബിനീഷ് കോടിയേരിയെ പരോക്ഷമായി പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര ഏജൻസികൾ ആരോപിച്ച ഏതെങ്കിലും ആരോപണത്തിൽ തെളിവ് ഹാജരാക്കാൻ കഴിഞ്ഞോയെന്നും ബിനീഷിൻ്റെ പേരു പറയാതെ മുഖ്യമന്ത്രി നിയമസഭയിൽ ചോദിച്ചു. കൊടകര കുഴൽപ്പണക്കേസിൽ ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ളവരെ പ്രതി ചേർക്കാത്തത് ബി ജെ പി- സി പി എം ഒത്തുകളിയാണെന്ന പ്രതിപക്ഷത്തിൻ്റെ ആരോപണത്തിന് മറുപടിയായാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.

കൊടകര വിഷയത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി തേടിക്കൊണ്ട് റോജി എം ജോൺ നോട്ടീസ് അവതരിപ്പിക്കുന്നതിനിടെയാണ് ബിനീഷ് കോടിയേരി വിഷയം ഉന്നയിച്ചത്. സി പി എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ്റെ മകനെതിരായ അന്വേഷണം ഒരുവശത്ത് കേന്ദ്ര ഏജൻസികൾ നടത്തുന്നു. ബിജെപി ഉന്നത നേതാക്കൾ പ്രതികളായ കൊടകര കേസ് മറ്റൊരു വശത്ത് നടക്കുന്നു. എന്നാൽ രണ്ട് വാളുകളും അനങ്ങാതെ നിൽക്കുകയാണെന്നും റോജി എം ജോൺ ആരോപിച്ചു.

Also Read- മരംമുറി ഉത്തരവിറക്കാന്‍ നിയമോപദേശം തേടേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല; റവന്യൂ മന്ത്രി കെ രാജന്‍

അതേസമയം കൊടകര കള്ളപ്പണ കേസിൽ തുടരന്വേഷണത്തിൽ കെ സുരേന്ദ്രനടക്കമുള്ള സാക്ഷികൾ പ്രതികളായേക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. കള്ളപ്പണം ബി ജെ പി ക്കു വേണ്ടി കൊണ്ടു വന്നതാണ്. കേന്ദ്ര ഏജൻസികൾക്ക് സ്വമേധയാ അന്വേഷണം ഏറ്റെടുക്കാവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന പൊലീസ് അന്വേഷണം കൃത്യമായി നടത്തുന്നുണ്ട്. രാഷ്ട്രീയ വിരോധത്തിൻ്റെ പേരിൽ ആരെയെങ്കിലും പ്രതിയാക്കാൻ  കേരള പോലീസ് തയ്യാറല്ല. ബി ജെ പിയുടെ കള്ളപ്പണ കേസ് കേന്ദ്ര ഏജൻസികൾ അന്വേഷിച്ചാൽ എന്തുണ്ടാകുമെന്ന് കോൺഗ്രസിന് അറിയാത്തതല്ല. പക്ഷേ യു ഡി എഫിന് ഇപ്പോൾ കേന്ദ്ര ഏജൻസികളെ വലിയ വിശ്വാസമാണ്. ഇത്ര പച്ചയായി നെറികെട്ട നിലപാടു എങ്ങനെ എടുക്കാൻ കഴിയുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ബി ജെ പി നേതാക്കളെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അവസരം ഒത്തുതീർപ്പിലൂടെ സർക്കാർ ഇല്ലാതാക്കിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു. പ്രതികൾ സാക്ഷിയായി മാറിയ പിണറായി ഇന്ദ്രജാലമാണ് ഇവിടെ നടന്നതെന്നും സതീശൻ പറഞ്ഞു.

Also Read-മുട്ടിൽ മരംമുറി: പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

മുഖ്യമന്ത്രി ഡൽഹിയിൽ പ്രധാനമന്ത്രിയുമായി അടച്ചിട്ട മുറിയിൽ ചർച്ച നടത്തിയത് ഒത്തുതീർപ്പ് ശ്രമങ്ങൾക്കുള്ള തെളിവായി പ്രതിപക്ഷം ഉയർത്തിക്കാട്ടി. എന്നാൽ ഈ ആരോപണത്തിന് രൂക്ഷമായ ഭാഷയിൽ മറുപടി പറഞ്ഞ മുഖ്യമന്ത്രി, ബിജെപിക്കു വേണ്ടിയാണ് പ്രതിപക്ഷം സംസാരിക്കുന്നതെന്നും വിമർശിച്ചു. എന്നാൽ ഒരു പിണറായി അല്ല, ആയിരം പിണറായിമാർ ശ്രമിച്ചാലും സംഘി പട്ടം തങ്ങളുടെ തലയിൽ ഇനി ചാർത്താൻ കഴിയില്ലെന്ന് വി ഡി സതീശൻ തിരിച്ചടിച്ചു.
Published by:Anuraj GR
First published: