• HOME
 • »
 • NEWS
 • »
 • kerala
 • »
 • V D Satheesan | 'ആഭ്യന്തര വകുപ്പിൽ മുഖ്യമന്ത്രി വൻപരാജയമായി മാറിക്കൊണ്ടിരിക്കുന്നു'; വിമർശനവുമായി പ്രതിപക്ഷ നേതാവ്

V D Satheesan | 'ആഭ്യന്തര വകുപ്പിൽ മുഖ്യമന്ത്രി വൻപരാജയമായി മാറിക്കൊണ്ടിരിക്കുന്നു'; വിമർശനവുമായി പ്രതിപക്ഷ നേതാവ്

ഇങ്ങനെയാണ് മുന്നോട്ടു പോകുന്നതെങ്കില്‍ മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് ആവശ്യപ്പെടേണ്ടി വരുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

വി.ഡി. സതീശൻ

വി.ഡി. സതീശൻ

 • Share this:
  കൊച്ചി: ഗുണ്ടാപ്പക തീര്‍ക്കുന്നതിന്റെ ഭാഗമായി യുവാവിനെ കൊലപ്പെടുത്തി, മൃതദേഹം പൊലീസ് സ്റ്റേഷന് മുന്നില്‍ കൊണ്ടിട്ട സംഭവം സംസ്ഥാനത്തിന് തന്നെ അപമാനകരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുഖ്യമന്ത്രി ചികിത്സയ്ക്ക് പോയ സാഹചര്യത്തില്‍ ആര്‍ക്കാണ് ആഭ്യന്തര വകുപ്പിന്റെ ചുമതല ആഭ്യന്തര വകുപ്പില്‍ മുഖ്യമന്ത്രി വന്‍ പരാജയമായി മാറിക്കൊണ്ടിരിക്കുകയാണ്. ഒറ്റപ്പെട്ട സംഭവങ്ങള്‍ എല്ലാ ജില്ലകളിലും ആവര്‍ത്തിക്കുന്നു. ഇങ്ങനെയാണ് മുന്നോട്ടു പോകുന്നതെങ്കില്‍ മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് ആവശ്യപ്പെടേണ്ടി വരുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

  കഴിഞ്ഞ കുറെ മാസങ്ങളായി സംസ്ഥാനത്ത് ഗുണ്ടകള്‍ അഴിഞ്ഞാടുകയാണ്. തിരുവനന്തപുരത്ത് ഗുണ്ടാ സംഘം യുവാവിന്റെ കാല്‍വെട്ടയെടുത്ത് ബൈക്കില്‍ പോയതും മുഖ്യമന്ത്രിയുടെ മൂക്കിനു താഴെയാണ്. ഗുണ്ടകളെ നിലയ്ക്കു നിര്‍ത്താനുള്ള ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല. പൊലീസിനെ നിയന്ത്രിക്കുന്നത് സി.പി.എം ഏരിയാ കമ്മിറ്റികളും ജില്ലാ കമ്മിറ്റികളുമാണെന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്നതാണ് അടുത്തിടെയുണ്ടായ സംഭവങ്ങളെന്നും വി.ഡി സതീശന്‍ പറഞ്ഞു.

  ഒറ്റപ്പെട്ട സംഭവങ്ങളെന്നു പറഞ്ഞ് രക്ഷപ്പെടാനാണ് മുഖ്യമന്ത്രിയും കൂട്ടരും ശ്രമിക്കുന്നത്. ജനങ്ങളുടെ സുരക്ഷിതത്വ ബോധം തന്നെ നഷ്ടപ്പെട്ട അവസ്ഥയാണ്. പട്ടാപ്പകല്‍ നടുറോഡില്‍ ആരും ആക്രമിക്കപ്പെടാമെന്ന സ്ഥിതിയാണ്. ചരിത്രത്തില്‍ ഒരു കാലത്തും ഉണ്ടാകാത്ത തരത്തിലുള്ള ഗുണ്ടാവിളയാട്ടമാണ് കേരളത്തില്‍ നടക്കുന്നത്. ഇതിന്റെ പൂര്‍ണ ഉത്തരവാദിത്തം ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിക്കാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  ഗുണ്ടകളെ നിലയ്ക്കു നിര്‍ത്താനുള്ള ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകാത്തത് നിര്‍ഭാഗ്യകരമാണ്. പല ജില്ലകളിലും ഗുണ്ടകളെ സംരക്ഷിക്കുന്നത് സി.പി.എം നേതാക്കളാണ്. സി.പി.എം നേതാക്കളുടെ പിന്‍ബലത്തോടെയാണ് ഗുണ്ടകള്‍ അഴിഞ്ഞാടുന്നത്. ഇക്കാര്യം നിരവധി തവണ നിയമസഭയ്ക്കുള്ളിലും പുറത്തും പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സി.പി.എം സംരക്ഷിച്ച കൊലക്കേസ് പ്രതികളാണ് ഹൈദരാബാദിലെ ജൂവലറി കവര്‍ച്ചാ കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ക്രിമിനലുകളെ ഉപയോഗിക്കുകയും അവര്‍ പിന്നീട് നടത്തുന്ന എല്ലാ നിയമലംഘനങ്ങള്‍ക്കും കുടപിടിക്കേണ്ട അവസ്ഥയിലേക്ക് സി.പി.എം എത്തിച്ചേര്‍ന്നിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

  അതേ സമയം മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പച്ചയ്ക്ക് വര്‍ഗീയത പറയാന്‍ മത്സരിക്കുകയാണെന്നുംപ്രതിപക്ഷ നേതാവ് പറഞ്ഞു.

  കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ളവര്‍ ഇല്ലെന്ന പ്രസ്താവന പിന്‍വലിച്ച് കോടിയേരി മാപ്പ് പറയണം. വര്‍ഗീയ പാര്‍ട്ടികള്‍ പോലും പറയാന്‍ മടിക്കുന്ന ഹീനമായ ആരോപണമാണ് കോടിയേരി ഉന്നയിച്ചത്. കോടിയേരി സ്വന്തം പാര്‍ട്ടിയിലേക്ക് നോക്കണം. പാര്‍ട്ടി അഖിലേന്ത്യാ സെകട്ടറിമാര്‍, മുഖ്യമന്ത്രിമാര്‍, ജില്ലാ സെക്രട്ടറിമാര്‍ എന്നീ പദവികളിലേക്ക് എത്തിയവരുടെ പട്ടിക പരിശോധിക്കണം. എന്നിട്ട് ആത്മപരിശോധനയ്ക്ക് തയാറായി കോണ്‍ഗ്രസിനോട് മാപ്പ് പറയുന്നതാകും ഉചിതമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

  Also Read - കേരളം ഭീകരവാദത്തിന്റെ ബുദ്ധികേന്ദ്രം, ഡൽഹി യൂണിവേഴ്‌സിറ്റിയിലേക്ക് തീവ്രവാദികളെ റിക്രൂട്ട് ചെയ്യുന്നു: കെ. സുരേന്ദ്രന്‍

  കോണ്‍ഗ്രസിന്റെ അതിശക്തമായ തിരിച്ചുവരവില്‍ ഭയന്നാണ് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുകയും കോണ്‍ഗ്രസിനെതിരെ വര്‍ഗീയവും ജാതീയവുമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്നത്. എല്ലാ വിഭാഗങ്ങളില്‍പ്പെട്ടവരെയും ഉള്‍ക്കൊള്ളുന്ന പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. ഏതെങ്കിലും ഒരു ജനവിഭാഗത്തെ അവഗണിച്ച് കേണ്‍ഗ്രസ് മുന്നോട്ടു പോയിട്ടില്ല. ഒരു ഉളുപ്പുമില്ലാതെയാണ് വര്‍ഗീയ പാര്‍ട്ടികള്‍ പോലും പറയാന്‍ മടിക്കുന്ന ഹീനമായ ആരോപണം കോടിയേരി ഉന്നയിച്ചത്. കോണ്‍ഗ്രസിനു നേരെ കോടിയേരി വിരല്‍ ചൂണ്ടിയപ്പോള്‍ ബാക്കി നാലു വിരലുകളും സ്വന്തം പാര്‍ട്ടിക്കു നേരെയാണെന്ന് ഓര്‍ക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു.

  സില്‍വര്‍ ലൈന്‍ നടപ്പാക്കുമെന്ന വാശിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമ്പോഴാണ് ഇടതു സഹയാത്രികര്‍ ഉള്‍പ്പെടെ നാല്‍പതോളം സാംസ്‌കാരിക പ്രവര്‍ത്തകര്‍ പദ്ധതി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ആവശ്യമെങ്കില്‍ സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
  Published by:Karthika M
  First published: