കമ്മ്യൂണിസ്റ്റ് നേതാക്കളെല്ലാം ഒളിവിലോ ജയിലിലോ ആയപ്പോള്‍ ശൂരനാടിന്റ മണ്ണില്‍ പ്രസ്ഥാനത്തെ നയിച്ചത് പുതുശേരി: മുഖ്യമന്ത്രി
കമ്മ്യൂണിസ്റ്റ് നേതാക്കളെല്ലാം ഒളിവിലോ ജയിലിലോ ആയപ്പോള്‍ ശൂരനാടിന്റ മണ്ണില്‍ പ്രസ്ഥാനത്തെ നയിച്ചത് പുതുശേരി: മുഖ്യമന്ത്രി
Puthusseri Ramachandran Demise | വിസ്മൃതിയുടെ മാറാലകളില്‍ മറഞ്ഞുപോയിരുന്ന കണ്ണശ്ശ കവികളേയും അവരുടെ കവിതകളെയും കണ്ടെത്തി പുതിയ വെളിച്ചത്തില്‍ സമൂഹ മദ്ധ്യത്തില്‍ അവതരിപ്പിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം: ഭാഷയ്ക്കും സംസ്കാരത്തിനും പുരോഗമന സാംസ്കാരിക പ്രസ്ഥാനങ്ങള്‍ക്കും കനത്ത നഷ്ടമാണ് പുതുശ്ശേരി രാമചന്ദ്രന്റെ നിര്യാണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ശൂരനാട് കലാപത്തെ തുടര്‍ന്നുള്ള ഘട്ടത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതാക്കളെല്ലാം ഒളിവിലോ ജയിലിലോ ആയപ്പോള്‍ വിപ്ലവത്തിന്റെ ആ വീറുറ്റ മണ്ണില്‍ നിന്ന് പ്രസ്ഥാനത്തെ നയിച്ചത് അദ്ദേഹമാണ്. എന്നും അദ്ദേഹം ഇടതുപക്ഷത്തോടുള്ള ഹൃദയ ഐക്യം നിലനിര്‍ത്തി.
ഭാഷാഗവേഷണ രംഗത്ത് അതുല്യ സംഭാവനകളാണ് പുതുശ്ശേരിയുടേത്. വിസ്മൃതിയുടെ മാറാലകളില്‍ മറഞ്ഞുപോയിരുന്ന കണ്ണശ്ശ കവികളേയും അവരുടെ കവിതകളെയും കണ്ടെത്തി പുതിയ വെളിച്ചത്തില്‍ സമൂഹ മദ്ധ്യത്തില്‍ അവതരിപ്പിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭാഷയുടെ സൂക്ഷ്മങ്ങളായ ചരിത്രധാരകളെ കണ്ടെത്തുന്നതിന് ഗവേഷണബുദ്ധിയോടെ അദ്ദേഹം നടത്തിയ ശ്രമങ്ങള്‍ നമ്മുടെ അക്കാദമിക് മണ്ഡലത്തിന് പുതിയ വെളിച്ചം പകര്‍ന്നു നല്‍കിയെന്ന് പിണറായി വിജയൻ ചൂണ്ടിക്കാട്ടി. അതിനൊക്കെ അപ്പുറം മലയാളത്തിന് ക്ലാസിക്കല്‍ ഭാഷാപദവി നേടിയെടുക്കാനാവശ്യമായ ചരിത്രരേഖകള്‍ ഭാഷയുടെ ചെപ്പേടുകളില് നിന്ന് കണ്ടെത്തി അവതരിപ്പിക്കുന്നതിനും അത് മുന്‍നിര്‍ത്തി ശ്രേഷ്ഠഭാഷാപദവിക്ക് മലയാളം അര്‍ഹമാണെന്ന് സമര്‍ത്ഥിക്കുന്നതിനും പുതുശ്ശേരി അസാധാരണമായ അര്പ്പണ്ണബോധമാണ് പ്രകടിപ്പിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ലോകമലയാള സമ്മേളനം തിരുവനന്തപുരത്ത് വിജയകരമായി സംഘടിപ്പിക്കുന്നതിലും ലോകത്തെമ്പാടുമുള്ള മലയാളികളില്‍ ഭാഷാഭിമാനം വളര്‍ത്തുന്നതിലും അദ്ദേഹം നേതൃത്വപരമായ പങ്കാണ് വഹിച്ചതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
മലയാള കാവ്യചരിത്രത്തില്‍ സമാനതകളില്ലാത്ത സ്ഥാനമാണ് പുതുശ്ശേരി രാമചന്ദ്രനുള്ളത്. 'പുതിയ കൊല്ലനും പുതിയൊരാലയും' എന്ന കവിതയുമായി കടന്നുവന്ന് മലയാള സാഹിത്യചരിത്രത്തില്‍ അരുണാഭമായ അധ്യായങ്ങള്‍ എഴുതിച്ചേര്‍ത്തു പുതുശ്ശേരി രാമചന്ദ്രന്. ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ ഘട്ടത്തെ മുന്‍നിര്‍ത്തിയും ഗാന്ധിജിയെ മുന്‍നിര്‍ത്തിയുമുള്ള അദ്ദേഹത്തിന്റെ കവിതകള്‍ വലിയ തോതില്‍ ദേശാഭിമാനം ഉണര്‍ത്തുന്നതായിരുന്നു എന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.