news18
Updated: July 4, 2019, 12:18 PM IST
മുഖ്യമന്ത്രി പിണറായി വിജയൻ
- News18
- Last Updated:
July 4, 2019, 12:18 PM IST
തിരുവനന്തപുരം: ഓര്‍ത്തഡോക്സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കോടതിവിധി ബഹുമാനിച്ചു കൊണ്ടുള്ള സമീപനമാണ് സര്‍ക്കാര്‍ എപ്പോഴും സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. അതേസമയം വിധി നടപ്പാക്കാത്ത സര്‍ക്കാര്‍ നിലപാടിനെതിരെ ആഞ്ഞടിച്ച് ഓര്‍ത്തഡോക്സ് സഭ രംഗത്തെത്തി.
സഭാതര്‍ക്കത്തിലെ വിധി നടപ്പാക്കാത്തതില്‍ സുപ്രീംകോടതി, സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് മുഖ്യമന്ത്രി നിയമസഭയില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. പള്ളിത്തര്‍ക്കത്തില്‍ സുപ്രീം കോടതി വിധി നടപ്പാക്കും എന്ന് ആന്റണി ജോണിന്റെ സബ്മിഷന് മുഖ്യമന്ത്രി മറുപടി നല്കി. കോടതി വിധികളെ ബഹുമാനിക്കുന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. അതില്‍ നിന്നു വ്യത്യസ്തമായ സമീപനം ഒരു വിധിയുടെ കാര്യത്തിലും സ്വീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം കോടതി വിധി നടപ്പാക്കാത്തതില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ഓര്‍ത്തഡോക്സ് സഭ രംഗത്തെത്തി. വിധിയെ വെല്ലു വിളിക്കുന്നവര്‍ക്കൊപ്പമാണ് സര്‍ക്കാര്‍ നിന്നത്. ഇനി സമവായ ചര്‍ച്ചകള്‍ക്കില്ല. വിധി നടപ്പാക്കിയില്ലെങ്കില്‍ കോടതിയലക്ഷ്യത്തിന് ഹര്‍ജി നല്‍കും. അടച്ചിട്ടിരിക്കുന്ന പിറവം പള്ളി അടക്കം ഉടന്‍ തുറന്നുനല്‍കണം എന്നാണ് സഭയുടെ നിലപാട്. കോടതിയുടെ പുതിയ നിരീക്ഷണത്തോടെ പള്ളിത്തര്‍ക്കം വീണ്ടും സജീവമാകുകയാണ്. സംഘര്‍ഷം ഉണ്ടാകാതെ പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാരിന് എങ്ങനെ ആകും എന്നതാണ് ഇനിയുള്ള ചോദ്യം.
First published:
July 4, 2019, 12:18 PM IST