ഇന്റർഫേസ് /വാർത്ത /Kerala / 'യോഗ ഒരു ആരോഗ്യ പരിപാലന രീതി' ആത്മീയതയുമായി ബന്ധപ്പെടുത്തേണ്ടതില്ലെന്ന് മുഖ്യമന്ത്രി

'യോഗ ഒരു ആരോഗ്യ പരിപാലന രീതി' ആത്മീയതയുമായി ബന്ധപ്പെടുത്തേണ്ടതില്ലെന്ന് മുഖ്യമന്ത്രി

പിണറായി വിജയൻ (ഫയൽ ചിത്രം)

പിണറായി വിജയൻ (ഫയൽ ചിത്രം)

യോഗ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാക്കണം. ദൈനംദിനം യോഗ പരിശീലിക്കണം. അത് പൊതുവില്‍ നമ്മുടെ സമൂഹത്തിന്റെ ആരോഗ്യം ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി

  • Share this:

തിരുവനന്തപുരം: യോഗയെ ഒരു ആരോഗ്യ പരിപാലന രീതിയായി തന്നെ കാണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആത്മീയതയുമായോ ഏതെങ്കിലുമൊരു മതവുമായോ ബന്ധപ്പെടുത്തി കാണേണ്ട ഒന്നല്ല ആധുനിക യോഗ. അതിനെ ആത്മീയമായോ മതപരമായോ കണ്ടാല്‍ വലിയൊരു വിഭാഗത്തിന് അതിന്റെ സദ്ഫലം ലഭ്യമല്ലാതെ വരും. മതത്തിന്റെ കള്ളിയിലൊതുക്കിയാല്‍ മഹാഭൂരിപക്ഷത്തിന് യോഗയും അതുകൊണ്ടുണ്ടാകുന്ന ആശ്വാസവും നിഷേധിക്കപ്പെട്ടു പോകും. അത് സംഭവിക്കരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അന്താരാഷ്ട്ര യോഗാദിനാചരണം സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ശരീരത്തിന്റേയും മനസിന്റേയും ഏറ്റവും സന്തുലിതവും ആരോഗ്യപരവുമായ ഒത്തുചേരലാണ് യോഗ എന്ന പദം കൊണ്ട് അര്‍ത്ഥമാക്കുന്നത്. ശാരീരികാരോഗ്യം മാനസികാരോഗ്യത്തിനും മാനസികാരോഗ്യം ശാരീരികാരോഗ്യത്തിനും അത്യന്താപേക്ഷിതമാണ്. ഇവ പരസ്പര പൂരകമാണ്. ഇങ്ങനെയുള്ള ഒരു സമഗ്ര കാഴ്ചപ്പാടാണ് യോഗയെ പ്രോത്സാഹിപ്പിക്കുന്നതിന് പിന്നിലുള്ളത്. യോഗാഭ്യാസം ശാസ്ത്രീയമായ ശാരീരിക വ്യായാമ മുറയാണ്. അതഭ്യസിക്കുന്നത് മനസിന് കൂടി വ്യായാമം നല്‍കുന്നു എന്നതാണ് വസ്തുത. യോഗാഭ്യാസത്തിലൂടെ രോഗങ്ങളെ പ്രതിരോധിക്കാനും ശാരീരിക ഊര്‍ജം ലഭിക്കാനും കഴിയും. അങ്ങനെ സമൂഹത്തിനാകെ ആരോഗ്യവും ശാന്തിയും ഉറപ്പ് വരുത്താന്‍ യോഗ ഉപകരിക്കും. ഈ കാഴ്ചപ്പാട് മുന്‍നിര്‍ത്തിയാണ് അന്താരാഷ്ട്ര യോഗ ദിനാചരണം സംഘടിപ്പിക്കാന്‍ ഐക്യരാഷ്ട്രസഭ തീരുമാനിച്ചത്.

യോഗ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാക്കണം. ദൈനംദിനം യോഗ പരിശീലിക്കണം. അത് പൊതുവില്‍ നമ്മുടെ സമൂഹത്തിന്റെ ആരോഗ്യം ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

Also Read- Happy Yoga Day 2021 | യോഗ ദിനം: പ്രിയപ്പെട്ടവരുമായി പങ്കിടാൻ ചില 'ആരോഗ്യ'സന്ദേശങ്ങൾ അറിയാം

രോഗ ചികിത്സയേക്കാള്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് രോഗ പ്രതിരോധവും ആരോഗ്യ സംരക്ഷണവുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. യോഗ നമുക്ക് നല്‍കുന്നത് ആരോഗ്യ സംരക്ഷണത്തോടൊപ്പം നമ്മുടെ ശരീരത്തിന്റെ പ്രതിരോധ ശേഷി കൂട്ടുന്നതിന് വേണ്ടിയിട്ടുള്ള അസാധാരണമായ ഒരു കഴിവിന്റെ ആര്‍ജിക്കല്‍ തന്നെയാണ്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ യോഗയ്ക്ക് വളരെ പ്രസക്തിയുണ്ട്. 'വീട്ടില്‍ കഴിയാം യോഗയ്‌ക്കൊപ്പം' എന്നതാണ് ഈ വര്‍ഷത്തെ യോഗ ദിനാചരണ തീം. രാജ്യത്തിന്റെ പ്രമേഹ തലസ്ഥാനമാണ് കേരളം. ജീവിതശൈലീ രോഗങ്ങള്‍ വര്‍ധിച്ചു വരുന്ന ഈ കാലത്ത് ഇതിനെതിരേയുള്ള ശക്തമായ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്. ഇക്കാര്യത്തില്‍ യോഗയ്ക്ക് വലിയ രീതിയില്‍ പങ്ക് വഹിക്കാനാകും. നമുക്ക് വേണ്ടത് രോഗത്തിന്റെ ചികിത്സയല്ല രോഗ പ്രതിരോധമാണ്. ചിട്ടയായ ജീവിതത്തിലൂടെയും വ്യായാമത്തിലൂടെയും ജീവിതശൈലീ രോഗങ്ങളില്‍ നിന്നും മുക്തി നേടാന്‍ സാധിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

യോഗത്തില്‍ ആയുര്‍വേദ രംഗത്തെ കുലപതിയായ പദ്മവിഭൂഷണ്‍ ഡോ. പി.കെ വാര്യരെ സംസ്ഥാന ആയുഷ് വകുപ്പ് ആദരിച്ചു. യോഗത്തോണ്‍, വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പെഷ്യല്‍ യോഗ സെഷന്‍, ആയുര്‍യോഗ പദ്ധതി തുടങ്ങിയ പരിപാടിയും യോഗ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചു.

ആയുഷ് വകുപ്പ് സെക്രട്ടറി ഡോ. ശര്‍മിള മേരി ജോസഫ് സ്വാഗതവും നാഷണല്‍ ആയുഷ് മിഷന്‍ ഡയറക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ നന്ദിയും പറഞ്ഞു. കേന്ദ്ര റീജിയണല്‍ ഔട്ട്‌റീച്ച് ബ്യൂറോ ജോ. ഡയറക്ടര്‍ ഡോ. നീതു സോണ, ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.എസ്. പ്രിയ, ഹോമിയോപ്പതി വകുപ്പ് ഡയറക്ടര്‍ ഡോ. എം.എന്‍. വിജയാംബിക, ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. ഹരികൃഷ്ണന്‍ തിരുമംഗലത്ത്, തിരുവനന്തപുരം ഹോമിയോപ്പതി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സുനില്‍ രാജ് എന്നിവര്‍ പങ്കെടുത്തു.

First published:

Tags: Cm pinarayi vijayan, Spirituality, Yoga, Yoga day 2021