• HOME
  • »
  • NEWS
  • »
  • kerala
  • »
  • ശ്രീറാമിന്റെ നിയമനം; അതൃപ്തി മാധ്യമങ്ങളിൽ വന്നതിന് മന്ത്രി അനിലിനെ മുഖ്യമന്ത്രി ശകാരിച്ചു

ശ്രീറാമിന്റെ നിയമനം; അതൃപ്തി മാധ്യമങ്ങളിൽ വന്നതിന് മന്ത്രി അനിലിനെ മുഖ്യമന്ത്രി ശകാരിച്ചു

കത്ത് കൊടുത്തുവിട്ടപ്പോൾ തന്നെ ചാനലിൽ വന്നതിന്റെ ഉത്തരവാദിത്തം മന്ത്രിക്ക് തന്നെയെന്ന് പറഞ്ഞായിരുന്നു രൂക്ഷ വിമർശനം.

  • Last Updated :
  • Share this:
    ഐ എ എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമൻ്റെ നിയമന വിവാദം മന്ത്രിസഭാ യോഗത്തിലും തർക്ക വിഷയമായി. ശ്രീറാം വെങ്കിട്ടരാമനെ തന്റെ വകുപ്പിൽ നിയമിച്ചതിനെത്തുടർന്നുള്ള അതൃപ്തി മാധ്യമങ്ങളിൽ വന്നതിന് മന്ത്രി ജി.ആർ.അനിലിനെ മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭായോഗത്തിൽ ശകാരിച്ചു. കത്ത് കൊടുത്തുവിട്ടപ്പോൾ തന്നെ ചാനലിൽ വന്നതിന്റെ ഉത്തരവാദിത്തം മന്ത്രിക്ക് തന്നെയെന്ന് പറഞ്ഞായിരുന്നു രൂക്ഷ വിമർശനം. വകുപ്പിനോട് ആലോചിക്കാതെ ശ്രീറാമിനെ സപ്ളൈകോയിൽ നിയമിച്ചതിൽ ചീഫ് സെക്രട്ടറിയെ മന്ത്രി ജി.ആർ.അനിലും വിമർശിച്ചു.

    ആലപ്പുഴ കളക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ സിവിൽ സപ്ലൈസ് കോർപറേഷൻ ജനറൽ മാനേജരായി ശ്രീറാമിനെ നിയമിച്ചതിലെ അത്യപ്തി തുറന്നു പറഞ്ഞ ഭക്ഷ്യമന്ത്രി ജി.ആർ.അനിലാണ് ചർച്ചയ്ക്ക് തുടക്കമിട്ടത്. വകുപ്പ് മന്ത്രിയോട് ആലോചിക്കാതെ നിയമനങ്ങൾ പതിവാകുന്നുണ്ടെന്നും മന്ത്രി ജി.ആർ.അനിൽ വിമർശിച്ചു. ഒഴിഞ്ഞു കിടന്ന പോസ്റ്റിലാണ് ശ്രീറാമിനെ നിയമിച്ചതെന്ന ചീഫ് സെക്രട്ടറിയുടെ മറുപടി മന്ത്രിയെ ചൊടിപ്പിച്ചു. മന്ത്രിസഭാ യോഗം പോലൊരു വേദിയിൽ കളളം പറയരുത് എന്നായിരുന്നു ജി ആർ അനിലിൻ്റെ തിരിച്ചടി. സംശയകരമായ വ്യക്തിത്വമുളള ഉദ്യോഗസ്ഥരെ നേരത്തെയും തന്റെ വകുപ്പിൽ നിയമിച്ചെന്ന് ചൂണ്ടിക്കാട്ടി ജി.ആർ.അനിൽ വിമർശനം കടുപ്പിച്ചതോടെ മുഖ്യമന്ത്രി ഇടപെട്ടു.


    നിയമനങ്ങൾ ആലോചിച്ച് വേണമെന്ന കാര്യത്തിൽ മന്ത്രിയെ മുഖ്യമന്ത്രി പിന്തുണച്ചു.സാധാരണ ആലോചിച്ച് തന്നെചെയ്യുന്നയാളാണ് ചീഫ് സെക്രട്ടറി.മുൻപെത്തെക്കാളും നന്നായി അത് നടക്കുന്നുണ്ട്. ആദ്യമായി മന്ത്രിയായത് കൊണ്ടാകാം അത് മനസിലാകാത്തതെന്നും മുഖ്യമന്ത്രി അനിലിനോട് പറഞ്ഞു. തുടർന്ന് ശ്രീറാമിന്റെ നിയമനത്തിൽ ഭക്ഷ്യമന്ത്രിക്ക് അതൃപ്തി ഉണ്ടെന്ന വാർത്ത വന്നത് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി മന്ത്രി അനിലിനെ രൂക്ഷമായി വിമർശിച്ചു.'എന്റെ ഓഫീസിലേക്ക് കത്ത്  കൊടുത്ത് വിടുമ്പോഴേ ചാനലിൽ വാർത്ത വന്നു.കത്ത് പൊട്ടിക്കുന്നതിന് മുൻപേ വാർത്ത വരുന്നുണ്ടായിരുന്നു. മന്ത്രിമാർക്ക് ഇക്കാര്യങ്ങളിൽ അഭിപ്രായം പറയാമെന്നും അത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് കത്ത് നൽകാമെന്നും മുഖ്യമന്ത്രി പറഞ്ഞു. വേണമെങ്കിൽ മുഖ്യമന്ത്രിയെ നേരിട്ട് അറിയിക്കാം. എന്നാൽ ആ അഭിപ്രായങ്ങളും കത്തും മാധ്യമങ്ങളിൽ വാർത്തയായി വന്നത് ശരിയായില്ല അതിന്റെ ഉത്തരവാദിത്തം നിങ്ങൾക്ക് തന്നെ. അതിൽ മാറ്റമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

    മൂന്നു വർഷം മുമ്പ് മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാമിന്റെ നിയമനത്തിൽ അതൃപ്തി അറിയിച്ച് അനിൽ മുഖ്യമന്ത്രിക്കു ചൊവ്വാഴ്ച കത്തു നൽകിയിരുന്നു. ഓണക്കിറ്റിന്റെ വിതരണ നടപടികൾ പുരോഗമിക്കുന്ന ഘട്ടത്തിൽ ഉദ്യോഗസ്ഥനെ മാറ്റിയ നടപടി ശരിയായില്ലെന്നു മന്ത്രി കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. തിങ്കളാഴ്ച രാത്രിയാണ് ആലപ്പുഴ കലക്ടർ സ്ഥാനത്തുനിന്ന് ശ്രീറാമിനെ മാറ്റി ഉത്തരവിറക്കിയത്. സപ്ലൈക്കോ ജനറൽ മാനേജരുടെ തസ്തിക ജോയിന്റ് സെക്രട്ടറിയുടേതിനു തുല്യമാക്കി ഉയർത്തിയാണ് ശ്രീറാമിനെ നിയമിച്ചത്. കേരള മുസ്ലീം ജമാ അത്ത് അടക്കമുള്ള സംഘടനകൾ ശ്രീറാമിനെ ആലപ്പുഴ കലക്ടർ സ്ഥാനത്ത് നിയമിച്ചതിന് എതിരെ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
    Published by:Jayesh Krishnan
    First published: