തിരുവനന്തപുരം: ലോക കേരളസഭയുടെ മേഖലാ സമ്മേളനങ്ങളിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും വീണ്ടും വിദേശത്തേക്ക് പോകും. ജൂണിൽ യുഎസിലും സെപ്റ്റംബ്റിൽ സൗദി അറേബ്യയിലും മേഖലാ സമ്മേളനങ്ങൾ നടത്താൻ സർക്കാർ തീരുമാനിച്ചു. പ്രവാസി കാര്യവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിക്കു പുറമേ, ഏതെല്ലാം മന്ത്രിമാർ പങ്കെടുക്കുമെന്നതിൽ അന്തിമ തീരുമാനമായില്ല.
കഴിഞ്ഞ ഒക്ടോബറിൽ ലണ്ടനിൽ സംഘടിപ്പിച്ച യൂറോപ്പ്-യു കെ മേഖലാ സമ്മേളനത്തിൽ മുഖ്യമന്ത്രിയും 3 മന്ത്രിമാരും ആസൂത്രണ ബോർഡ് അംഗങ്ങളും നോർക്ക ഉദ്യോഗസ്ഥരുമടക്കം വലിയ സംഘം പങ്കെടുത്തിരുന്നു. മുഖ്യമന്ത്രിയും മന്ത്രി വി.ശിവൻ കുട്ടിയും കുടുംബസമേതമാണ് പങ്കെടുത്തത്. മുഖ്യമന്ത്രിയുടെ ലണ്ടൻ സന്ദർശനത്തിന് വിമാന കൂലി ഒഴികെ 43.14 ലക്ഷം രൂപ ചെലവായെന്നാണ് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ വിവരാവകാശ നിയമപ്രകാരം അറിയിച്ചത്.
കഴിഞ്ഞ ജനുവരി 31ന് ചേർ ന്ന ലോകകേരള സഭാ സെക്രട്ടറിയറ്റ് യോഗത്തിലെ തീരുമാന പ്രകാരം യുഎസിലെയും സൗദിയിലെയും മേഖലാ സമ്മേളനങ്ങൾക്കുള്ള ഒരുക്കം സർക്കാർ തുടങ്ങിവച്ചു. യുഎസിലെ സമ്മേളനത്തിന് ചീഫ് സെക്രട്ടറി ചെയർമാനായി 6 അംഗ ഉപസമിതി രൂപീകരിച്ചിട്ടുണ്ട്. സൗദി അറേബ്യയിലെ സമ്മേളനത്തിന് ചീഫ് സെക്രട്ടറി ചെയർമാനായി ഏഴംഗ സമിതിയാണ് രൂപീകരിച്ചത്.
സമിതിയിൽ നോർക്ക റൂട്സ് വൈസ് ചെയർമാൻ എം.എ.യൂസഫലി, ഡയറക്ടർ രവി പിള്ള എന്നിവരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. സമിതികളുടെ നേതൃത്വത്തിലാകും സമ്മേളനങ്ങളുടെ നടത്തിപ്പെന്ന് നോർക്ക വകുപ്പിന്റെ ഉത്തരവിൽ പറയുന്നു. ലോക കേരളസഭാ നടത്തിപ്പിനെച്ചൊല്ലി വിമർശനമുയർന്ന തോടെ 2020ലും 2022ലും ചേർന്ന ലോക കേരള സഭയിൽനിന്നു യു ഡിഎഫ് വിട്ടുനിന്നിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cm pinarayi vijayan, Kerala government, Loka Kerala Sabha