നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Happy Birthday VS| 'പ്രിയസഖാവിന്' പിറന്നാള്‍ ആശംസ നേര്‍ന്ന് പിണറായി വിജയന്‍; ആശംസകളോടെ പ്രമുഖർ

  Happy Birthday VS| 'പ്രിയസഖാവിന്' പിറന്നാള്‍ ആശംസ നേര്‍ന്ന് പിണറായി വിജയന്‍; ആശംസകളോടെ പ്രമുഖർ

  അച്യുതാനന്ദന് ആയുരാരോഗ്യം നേർന്ന് നിരവധി ഫോൺകോളുകളാണ് തിരുവനന്തപുരത്തെ 'കവടിയാർ' ഹൗസിലേക്ക് എത്തുന്നത്.

  മുഖ്യമന്ത്രി പിണറായി വിജയൻ, വി എസ് അച്യുതാനന്ദൻ (ഫയൽ ചിത്രം)

  മുഖ്യമന്ത്രി പിണറായി വിജയൻ, വി എസ് അച്യുതാനന്ദൻ (ഫയൽ ചിത്രം)

  • Share this:
   തിരുവനന്തപുരം: 97ാം ജന്മദിനം ആഘോഷിക്കുന്ന മുൻമുഖ്യമന്ത്രിയും സിപിഎം മുതിർന്ന നേതാവുമായ വി എസ് അച്യുതാനന്ദന് ജന്മദിനാശംസനേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രിയസഖാവ് വി എസ്സിന് ജന്മദിനാശംസകള്‍ എന്ന ക്യാപ്ഷനോടെ വിഎസിന്റെ ഫോട്ടോയോടൊപ്പമാണ് പിണറായി വിജയന്‍ വിഎസിന് ജന്മദിനാശംസകള്‍ നേര്‍ന്നത്. ആശംസയറിയിക്കുന്ന മുഖ്യമന്ത്രിയുടെ പോസ്റ്റ് മിനിറ്റുകള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

   Also Read- ജനഹൃദയങ്ങളിൽ കൊത്തിവെച്ച രണ്ടക്ഷരം 'VS'; സമാനതകളില്ലാത്ത കമ്മ്യൂണിസ്റ്റ് വിപ്ലവ നായകന് ഇന്ന് പിറന്നാൾ

   ജീവിച്ചിരിക്കുന്ന ഏറ്റവും ജനകീയനായ കമ്മ്യൂണിസ്റ്റ് നേതാവ്, വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദന് ആയുരാരോഗ്യം നേർന്ന് നിരവധി ഫോൺകോളുകളാണ് തിരുവനന്തപുരത്തെ 'കവടിയാർ' ഹൗസിലേക്ക് എത്തുന്നത്. ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷന്റെ ഔദ്യോഗിക വസതിയിൽ നിന്ന് വിഎസ് പുറത്തേക്ക് ഇറങ്ങിയിട്ട് ഒരു വർഷമാകുന്നു. കോവിഡ് നിയന്ത്രണങ്ങളും പ്രായാധിക്യവും കാരണം വസതിയിൽ തന്നെയാണ് മുഴുവൻ സമയം. ഏത് പ്രതിസന്ധിയിലും തന്നിൽ ഊർജം നിറയ്ക്കുന്ന ജനങ്ങളെ കാണാതെ, അവരോട് സംവദിക്കാതെ വിഎസ് കഴിയുന്നത് ഇതാദ്യമായിട്ടാകാം..   പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

   മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ജന്മദിനാശാംസകൾ നേർന്നു. വി എസിന്റെ മകൻ അരുൺകുമാറിനെ ഫോണിൽ വിളിച്ച് ചെന്നിത്തല ആശംസകൾ അറിയിച്ചു.   നടൻ സുരാജ് വെഞ്ഞാറമൂട്

   വി എസ് അച്യുതാനന്ദന് ജന്മദിനാശംസകൾ നേർന്ന് നടൻ സുരാജ് വെഞ്ഞാറമൂട്. ഫേസ്ബുക്കിൽ വിഎസിനൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് താരം പ്രിയ നേതാവിന് ജന്മദിനാശംസകൾ നേർന്നത്.   സംവിധായകൻ ഡോ. ബിജു

   വി എസ് അച്യുതാനന്ദന് സംവിധായകൻ ഡോ.ബിജു ജന്മദിനാശംസകള്‍ നേർന്നു. ഫേസ്ബുക്ക് കുറിപ്പിലാണ് അദ്ദേഹം
   ആശംസകൾ നേർന്നത്. കുറിപ്പ് ഇങ്ങനെ-
   ഏറെ ഇഷ്ടമുള്ള രാഷ്ട്രീയ നേതാവ് , ഏറെ പ്രിയപ്പെട്ട സഖാവ് . ജനകീയ വിഷയങ്ങളിൽ , പരിസ്ഥിതി വിഷയങ്ങളിൽ ഒക്കെ സാധാരണക്കാരനൊപ്പം നിന്ന ഭരണാധികാരി ..പരിസ്ഥിതി വിഷയങ്ങളിൽ സഖാവ് വി എസ് പുലർത്തിയിരുന്ന ദീർഘ വീക്ഷണമുള്ള കാഴ്ചപ്പാടുകളും ശക്തമായ നിലപാടുകളും കേരളത്തെ സംബന്ധിച്ചിടത്തോളം ഇന്ന് ഏറെ പ്രസക്തമാകുന്നു ..അത് ശക്തിപ്പെടുത്തുവാനോ തുടരാനോ പിന്നീട് സാധിച്ചില്ല എന്നതാണ് കേരളത്തിന്റെ പരിസ്ഥിതി മേഖലയിലെ ഏറ്റവും വലിയ ദുര്യോഗം ...ജനകീയ വിഷയങ്ങളിൽ നിന്നും അകന്നു പോകുന്ന രാഷ്ട്രീയ നേതാക്കൾക്കും ഭരണാധികാരികൾക്കും ഇടയിൽ എന്നും എപ്പോഴും സാധാരണക്കാരായ മനുഷ്യർക്കൊപ്പം അവരുടെ പ്രശ്നങ്ങൾക്കൊപ്പം നിന്നിരുന്ന സഖാവിന് ജന്മദിനാശംസകൾ ....
   എന്റെ രണ്ടു സിനിമകളുടെ ആദ്യ പ്രദർശനം കാണുവാൻ സഖാവ് വി എസ് എത്തിയിരുന്നു .. അമേരിക്കൻ അധിനിവേശത്തിനെതിരായ സിനിമയായ രാമൻ ആദ്യ പ്രദർശനം കാണുവാൻ കലാഭവൻ തിയറ്ററിൽ 2009 ൽ അദ്ദേഹം എത്തിയിരുന്നു . പിന്നീട് 2015 ൽ കേരള അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിൽ എൻഡോസൾഫാൻ വിഷയം പ്രമേയമാക്കിയ വലിയ ചിറകുള്ള പക്ഷികൾ സിനിമയുടെ ആദ്യ പ്രദർശനം കാണുവാനും വി എസ് എത്തി . കാസർഗോട്ടെ എൻഡോസൾഫാൻ വിഷയത്തിൽ സജീവമായി ഇടപെടുകയും വളരെ അനുഭാവപൂർണമായ നിലപാടുകൾ എടുക്കുകയും ചെയ്തിരുന്നു വി എസ് . വലിയ ചിറകുള്ള പക്ഷികൾ സിനിമയിൽ സഖാവ് വി എസിനെ പരാമർശിക്കുകയും ചെയ്യുന്നുണ്ട്. കേരളം ചലച്ചിത്ര മേളയിൽ വി എസ് സിനിമ കാണാനെത്തുമ്പോൾ തിയറ്റർ തിങ്ങി നിറഞ്ഞു കാണികൾ നിലത്തിരുന്നു കാണുന്നത്ര തിരക്കായിരുന്നു. സിനിമയിൽ വി എസിന്റെ പേര് പരാമർശിക്കുമ്പോൾ കാണികൾ ഇടിമുഴക്കം പോലെ ആണ് തിയറ്ററിൽ മുദ്രാവാക്യം വിളിച്ചത്. സിനിമ കണ്ടിറങ്ങിയ വി എസിനെ പൊതിഞ്ഞ മാധ്യമങ്ങൾ സിനിമയിൽ സഖാവിന്റെ ഇടപെടലുകളും പരാമർശിക്കുന്നുണ്ടല്ലോ എന്ന് ചോദിച്ചപ്പോൾ സ്വതസിദ്ധമായ ആ ചിരിയോടെ അദ്ദേഹം മറുപടി പറഞ്ഞത് ഇങ്ങനെയായിരുന്നു.. അതൊക്കെ സത്യമാണല്ലോ ...
   അതെ അതൊക്കെ സത്യം തന്നെയാണ്. എൻഡോസൾഫാൻ വിഷയത്തിൽ എപ്പോഴും ഏറെ അനുഭാവത്തോടെ ആണ് വി എസ് ഇടപെട്ടിരുന്നത്.


   പിന്നീട് 2016 ഡിസംബറിൽ മാവോയിസ്റ്റ് , യു എ പി എ വിഷയങ്ങൾ കൈകാര്യം ചെയ്ത കാട് പൂക്കുന്ന നേരം എന്ന സിനിമ കേരള ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കുമ്പോൾ വി എസ് കാണാൻ എത്തും എന്ന് പറഞ്ഞിരുന്നതാണ്. പക്ഷെ തുടർച്ചയായി രണ്ടു മണിക്കൂർ ഇരിക്കുന്നതിനുള്ള ആരോഗ്യ പ്രശ്നങ്ങൾ കാരണം വരാൻ സാധിച്ചില്ല. 2016 നവംബർ 24 ന് നിരോധിക്കപ്പെട്ട ഒരു കമ്യൂണിസ്റ്റ് വിപ്ലവ സംഘടനയുടെ രണ്ടു രാഷ്ട്രീയ പ്രവർത്തകരെ മാവോയിസ്റ്റുകൾ എന്ന പേരിൽ നിലമ്പൂരിൽ പോലീസ് വെടി വെച്ച് കൊന്നു .. കാട് പൂക്കുന്ന നേരം എന്ന സിനിമയിൽ പരാമർശിച്ച കാര്യങ്ങൾ അവിശ്വസനീയമായ രീതിയിൽ സത്യമായി മാറിയ സാഹചര്യത്തിൽ സഖാവ് വി എസ് ആ സിനിമ കണ്ടിരുന്നെങ്കിൽ എന്താകും അദ്ദേഹത്തിന്റെ പ്രതികരണം എന്നത് കൗതുകത്തോടെ ഞാൻ ഇപ്പോഴും ആലോചിക്കാറുണ്ട് .. ഒരുപക്ഷെ ശക്തമായ മാനവികമായ ഒരു രാഷ്ട്രീയ പ്രതികരണം അദ്ദേഹം തീർച്ചയായും നടത്തിയേനെ എന്നാണ് ഞാൻ വിശ്വസിക്കുന്നത് ...
   ഈ ജന്മദിനത്തിൽ ഏറെ പ്രിയപ്പെട്ട സഖാവിന് , ഏറെ പ്രിയപ്പെട്ട കമ്യൂണിസ്റ്റിന് ,ഏറെ പ്രിയപ്പെട്ട നേതാവിന് ..ഏറെ പ്രിയപ്പെട്ട മനുഷ്യന് , ഹൃദയത്തിൽ തൊട്ട ജന്മദിനാശംസകൾ.
   Published by:Rajesh V
   First published:
   )}