• HOME
 • »
 • NEWS
 • »
 • kerala
 • »
 • Pratap Pothen | 'പ്രതാപ് പോത്തന്‍ അയത്ന ലളിതവും വ്യത്യസ്തവുമായ അഭിനയത്തിലൂടെ ജനഹൃദയങ്ങളിലെത്തിയ പ്രതിഭ'; മുഖ്യമന്ത്രി

Pratap Pothen | 'പ്രതാപ് പോത്തന്‍ അയത്ന ലളിതവും വ്യത്യസ്തവുമായ അഭിനയത്തിലൂടെ ജനഹൃദയങ്ങളിലെത്തിയ പ്രതിഭ'; മുഖ്യമന്ത്രി

നടനും സംവിധായകനുമായ പ്രതാപ് പോത്തനെ ചെന്നൈയിലെ ഫ്ലാറ്റില്‍ ഇന്ന് രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്

 • Last Updated :
 • Share this:
  തിരുവനന്തപുരം:  നടനും സിനിമാ സംവിധായകനുമായ പ്രതാപ് പോത്തന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. അയത്നലളിതവും വ്യത്യസ്തവുമായ അഭിനയത്തിലൂടെ ജനഹൃദയങ്ങളിൽ ഇടം നേടിയ പ്രതിഭയെയാണ് നഷ്ടമായത്‌. സംവിധായകൻ എന്ന നിലയിലും നിർമാണ രംഗത്തെ സംഭാവന കൊണ്ടും തെന്നിന്ത്യൻ സിനിമയിൽ തന്റേതായ മുദ്രപതിപ്പിച്ച കലാകാരനായിരുന്നു പ്രതാപ് പോത്തനെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

  ഇടക്കാലത്ത് ചലച്ചിത്ര രംഗത്തുനിന്ന് വിട്ടുനിന്നപ്പോഴും ആസ്വാദക മനസ്സുകളിൽ പ്രതാപിന്റെ സ്ഥാനം മങ്ങിയില്ല. മലയാള ചലച്ചിത്രത്തിലെ മാറുന്ന ഭാവുകത്വത്തിനൊപ്പം അഭിനയത്തിലൂടെ പ്രതാപ് സഞ്ചരിച്ചു.  തകര അടക്കമുള്ള ചിത്രങ്ങളിലെ തനിമയാര്‍ന്ന വേഷങ്ങൾ തലമുറയിൽ നിന്ന് തലമുറകളിലേക്ക് പകരുന്ന അനുഭവം തന്നെയാണ്. വ്യത്യസ്ത ഘട്ടങ്ങളിൽ രാഷ്ട്രീയ സാമൂഹ്യ വിഷയങ്ങളിൽ ശരിയായ അഭിപ്രായപ്രകടനങ്ങൾ നടത്തിയും അദ്ദേഹം ശ്രദ്ധേയനായിട്ടുണ്ട്.

  തന്‍റെ അവസാനകാലത്തും ഊർജസ്വലതയോടെ സിനിമാരംഗത്ത് സജീവമായി തുടരാൻ അദ്ദേഹത്തിന് കഴിഞ്ഞു. പ്രതാപ് പോത്തന്റെ വിയോഗത്തിൽ ദുഃഖിക്കുന്നവർക്കൊപ്പം പങ്കുചേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

  നടനും സംവിധായകനുമായ പ്രതാപ് പോത്തനെ ചെന്നൈയിലെ ഫ്ലാറ്റില്‍ ഇന്ന് രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നൂറിലധികം സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. മുപ്പതോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.

  ഭരതൻ സംവിധാനം ചെയ്ത ആരവം എന്ന സിനിമയിലൂടെയാണ് സിനിമയിലേക്ക് കടന്നുവരുന്നത്.  അവസാനം പുറത്തുവന്ന സിനിമ സിബിഐ 5 ആണ്. കലണ്ടര്‍, അയാളും ഞാനും തമ്മില്‍, 3 ഡോട്‌സ്, ആറു സുന്ദരിമാരുടെ കഥ, അരികില്‍ ഒരാള്‍, ഇടുക്കി ഗോള്‍ഡ്, ലണ്ടന്‍ ബ്രിഡ്ജ്, ബാംഗ്ലൂര്‍ ഡെയ്‌സ്, മുന്നറിയിപ്പ്, വേഗം, മറിയം മുക്ക്, അപ്പവും വീഞ്ഞും, കനല്‍, എസ്ര, ഉയരെ, പച്ചമാങ്ങ, ഫോറന്‍സിക് തുടങ്ങിയവയാണ് അഭിനയിച്ച മറ്റു പ്രധാന മലയാളം സിനിമകള്‍.

  വ്യവസായി ആയിരുന്ന തിരുവല്ല കുളത്തുങ്കല്‍ പോത്തന്റെയും പൊന്നമ്മ പോത്തന്റെയും മകനായി 1952 ഫെബ്രുവരി 15നാണ് പ്രതാപ് പോത്തന്‍ ജനിച്ചത്. ഊട്ടിയിലെ ലോറന്‍സ് സ്‌കൂള്‍, മദ്രാസ് ക്രിസ്ത്യന്‍ കോളജ് എന്നിവിടങ്ങളിലായിരുന്നു പഠനം. കോളജ് പഠന കാലത്ത് നിരവധി നാടകങ്ങളില്‍ അഭിനയിച്ചിരുന്നു. പഠന ശേഷം കുറച്ചുകാലം മുംബൈയില്‍ ഒരു പരസ്യ ഏജന്‍സിയില്‍ കോപ്പിറൈറ്ററായിരുന്നു പ്രവര്‍ത്തിച്ചിരുന്നു. ഇതിന് ശേഷമാണ് സിനിമയിലെത്തുന്നത്.

  മദ്രാസ് പ്ലയേഴ്‌സ് എന്ന തിയേറ്റര്‍ ഗ്രൂപ്പില്‍ അഭിനേതാവായിരുന്ന പ്രതാപ് പോത്തന്റെ അഭിനയ മികവ് കണ്ട് പ്രശസ്ത സംവിധായകന്‍ ഭരതന്‍ തന്റെ ആരവം എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം നല്‍കി. 1978ലായിരുന്നു ആരവം ഇറങ്ങിയത്. 1979ല്‍ ഭരതന്റെ തന്നെ തകര, 1980ല്‍ ചാമരം എന്നീ സിനിമകളില്‍ നായകനായി. അദ്ദേഹത്തിന്റെ അഭിനയം നിരൂപക പ്രശംസയും പ്രേക്ഷക പ്രീതിയും നേടി. തകരയിലെയും ചാമരത്തിലെയും അഭിനയത്തിന് 79-80 വര്‍ഷങ്ങളില്‍ മികച്ച മലയാള നടനുള്ള ഫിലിം ഫെയര്‍ പുരസ്‌ക്കാരം ലഭിച്ചു. 1980ല്‍ മാത്രം പത്തോളം സിനിമകളില്‍ പ്രതാപ് പോത്തന്‍ അഭിനയിച്ചു.

  പ്രതാപ് പോത്തന്‍ ആദ്യം വിവാഹം കഴിച്ചത് പ്രശസ്ത ചലച്ചിത്ര താരം രാധികയെയായിരുന്നു. 1985ല്‍ നടന്ന അവരുടെ വിവാഹം താമസിയാതെ വേര്‍പിരിഞ്ഞു. 1990ല്‍ അദ്ദേഹം അമല സത്യനാഥിനെ വിവാഹം ചെയ്തെങ്കിലും 2012ല്‍ വേര്‍പിരിഞ്ഞു. കേയ പോത്തന്‍ മകളാണ്.സിനിമാ നിര്‍മാതാവായിരുന്ന ഹരിപോത്തന്‍ സഹോദരനാണ്.
  Published by:Arun krishna
  First published: