• HOME
  • »
  • NEWS
  • »
  • kerala
  • »
  • Pinarayi Vijayan| പ്രതിഷേധം തുടരുന്നതിനിടെ മുഖ്യമന്ത്രി ഇന്ന് കണ്ണൂരിൽ; കനത്ത സുരക്ഷ ഒരുക്കി പൊലീസ്

Pinarayi Vijayan| പ്രതിഷേധം തുടരുന്നതിനിടെ മുഖ്യമന്ത്രി ഇന്ന് കണ്ണൂരിൽ; കനത്ത സുരക്ഷ ഒരുക്കി പൊലീസ്

ഇന്നലെ കോഴിക്കോട്ടുനിന്ന് കണ്ണൂരിലേക്ക് മടങ്ങും വഴി വടകരയിൽ വച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയിരുന്നു

  • Share this:
    കണ്ണൂർ: പ്രതിപക്ഷ യുവജന സംഘടനകളുടെ പ്രതിഷേധം തുടരുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan) ഇന്ന് കണ്ണൂരിൽ (Kannur) പൊതുപരിപാടിയിൽ പങ്കെടുക്കും. ഇന്നലെ രാത്രി ജില്ലയിലെത്തിയ മുഖ്യമന്ത്രി രാവിലെ 10.30ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആൻഡ് ലീഡർഷിപ്പ് കോളജ് ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കും. സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ തുടങ്ങിയ പ്രതിഷേധം കണക്കിലെടുത്ത് ഇന്നും കനത്ത സുരക്ഷയാകും മുഖ്യമന്ത്രിക്കായി ഒരുക്കുക.

    ഇന്നലെ രാത്രി കണ്ണൂരിലെത്തിയ പിണറായി വിജയൻ വീട്ടിൽ തങ്ങാതെ കണ്ണൂർ ഗസ്റ്റ് ഹൗസിലേക്ക് താമസം മാറ്റിയിരുന്നു. പിണറായിയിലെ സ്വന്തം വീട്ടിൽ താമസിക്കാനായിരുന്നു തീരുമാനമെങ്കിലും പൊലീസിന്‍റെ അഭ്യർത്ഥന കണക്കിലെടുത്തായിരുന്നു തീരുമാനം. സുരക്ഷ ഒരുക്കാനുള്ള ബന്ധിമുട്ട് പൊലീസ് അറിയിച്ചതിനെ തുടര്‍ന്നാണ് താമസം കണ്ണൂർ ഗസ്റ്റ് ഹൗസിലേക്ക് മാറ്റിയത്.

    ഇന്നലെ കോഴിക്കോട്ടുനിന്ന് കണ്ണൂരിലേക്ക് മടങ്ങും വഴി വടകരയിൽ വച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയിരുന്നു. പത്ത് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. നേരത്തെ കനത്ത സുരക്ഷയിലും ഇന്നലെ കോഴിക്കോട് പലയിടത്തും മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധക്കാർ കരിങ്കൊടി കാട്ടിയിരുന്നു. കാരമ്പറമ്പില്‍ യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകർ കരിങ്കൊടി കാണിച്ചിരുന്നു. യൂത്ത് ലീഗ് പ്രവര്‍ത്തകർ എരഞ്ഞിപ്പാലത്ത് പ്രതിഷേധിച്ചിരുന്നു. പ്രതിഷേധക്കാരെ പലയിടത്തും പൊലീസ് കസ്റ്റഡിയിലെടുത്തു.

    Also Read- Black Mask| കറുത്ത മാസ്ക് അഴിപ്പിക്കരുത്; ഒടുവില്‍ ഡിവൈഎസ്പിമാര്‍ക്ക് ഐജിയുടെ നിര്‍ദേശം

    ഇന്നലെ ഉച്ചയ്ക്ക് 3.30ന് ട്രൈപ്പന്‍റ ഹോട്ടലിൽ നടന്ന പുസ്തക പ്രകാശനമായിരുന്നു മുഖ്യമന്ത്രിയുടെ കോഴിക്കോട്ടെ ആദ്യപരിപാടി. ആദ്യ വേദിയില്‍ തന്നെ പ്രതിഷേധവുമായി കെ എസ്‍ യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെത്തി. തുടർന്ന് നാല് മണിക്ക് ജില്ല സഹകരണ ആശുപത്രിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ബ്ലോക്ക് ഉദ്ഘാടനം നടന്ന വേദിയിലും പ്രതിഷേധക്കാര്‍ എത്തിയിരുന്നു. കോഴിക്കോട് കാരപ്പറമ്പിൽ മുഖ്യമന്ത്രിക്ക് കരിങ്കൊടി കാണിക്കാൻ എത്തിയ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സഹകരണ ആശുപത്രിയിലെ വേദിക്ക് സമീപത്ത് പ്രതിഷേധിക്കാനെത്തിയ യുവമോർച്ച പ്രവർത്തകയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ആശുപത്രിയിലെ വേദിക്ക് സമീപത്ത് നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. രാവിലെ മലപ്പുറം ജില്ലയിലും മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം അടക്കം കനത്ത പ്രതിഷേധം ഉണ്ടായിരുന്നു. തവനൂരിൽ മുഖ്യമന്ത്രി സംസാരിച്ച് കൊണ്ടിരുന്ന വേദിയ്ക്ക് പുറത്ത് പൊലീസും യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി.

    Also Read- Pinarayi Vijayan| 'തീയിൽ കുരുത്തത്, ജ്വലിക്കുന്ന നേതാവ്'; മുഖ്യമന്ത്രിയെ പ്രശംസിച്ച് കോഴിക്കോട് ബിഷപ്പ്

    മുഖ്യമന്ത്രി എത്തുന്ന സ്ഥലങ്ങളിൽ കനത്ത പ്രതിഷേധങ്ങൾക്കും അക്രമങ്ങൾക്കും സാധ്യതയുണ്ടെന്ന് പോലീസ് ഇന്റലിജൻസ് വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയുള്ള ജില്ലയിൽ അതത് പോലീസ് മേധാവികൾ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തും. മുഖ്യമന്ത്രിക്ക് ഒപ്പമുള്ള സ്ഥിരം സുരക്ഷാഗാർഡുകൾക്ക് പുറമേ അധികമായി കമാൻഡോകളെ പ്രത്യേകമായി നിയോഗിച്ചിട്ടുണ്ട്.
    Published by:Rajesh V
    First published: