• HOME
 • »
 • NEWS
 • »
 • kerala
 • »
 • ഇനി വെള്ളത്തിലൂടെയും വിളിപ്പുറത്ത് ടാക്സിയെത്തും; മണിക്കൂറിന് 1500 രൂപയ്ക്ക് വാട്ടർ ടാക്സി

ഇനി വെള്ളത്തിലൂടെയും വിളിപ്പുറത്ത് ടാക്സിയെത്തും; മണിക്കൂറിന് 1500 രൂപയ്ക്ക് വാട്ടർ ടാക്സി

മണിക്കൂറിന് 1500 രൂപയാണ് നിരക്ക്. ശേഷിക്കുന്ന സമയത്തിന് മിനിറ്റുകള്‍ കണക്കാക്കി തുകയീടാക്കും. പതിനഞ്ചു നോട്ടിക്കൽ മൈലാണ് മണിക്കൂറിലെ വേഗത.

water taxi

water taxi

 • Share this:
  ആലപ്പുഴ: ആദ്യമായി ജലഗതാഗതവകുപ്പ് നീറ്റിലിറക്കുന്ന വാട്ടര്‍ ടാക്സിയുടെയും 100 പാസഞ്ചര്‍ കപ്പാസിറ്റിയുമുള്ള കാറ്റാമറൈന്‍ ബോട്ട് സര്‍വീസിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച നിർവഹിച്ചു. ആലപ്പുഴ ബോട്ട് ജെട്ടിക്ക് സമീപം ചേർന്ന സമ്മേളനത്തിൽ ഓൺലൈനായാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്.

  റോഡ് ഗതാഗതത്തിലെ ടാക്സി സംവിധാനത്തിന് സമാനമായി ജലഗതാഗത മേഖലയില്‍ വകുപ്പ് ആരംഭിക്കുന്ന പുതിയ സംരംഭമാണ് വാട്ടർ ടാക്സി. ജലഗതാഗത മേഖലയിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കുന്നതിനായി ചെലവുകുറഞ്ഞതും ഏറ്റവും സുരക്ഷിതവും അത്യാധുനിക സൗകര്യങ്ങളോടുകൂടിയതുമാണ് പുതുതായി നീറ്റിലിറക്കുന്ന കാറ്റാമറൈന്‍ ബോട്ടുകളെന്നും മുഖ്യമന്ത്രി പറഞ്ഞു.

  ഈ പദ്ധതികൾ ജലയാനങ്ങളുടെ നാടായ ആലപ്പുഴയിൽ തന്നെ ആരംഭിക്കുന്നതിന് വലിയ ഔചിത്യഭംഗിയുണ്ടെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. മൂന്നുകോടി 14 ലക്ഷം രൂപ ചെലവിട്ടാണ് 4 വാട്ടർ ടാക്സികള്‍ പുറത്തിറക്കുന്നത്. ഇതിൽ ആദ്യത്തേതാണ് ഇന്ന് നീറ്റിലിറക്കിയത്.

  വാട്ടർ ടാക്സിയുടെ പ്രത്യേകതകൾ

  ഒരേസമയം 10 പേര്‍ക്ക് വാട്ടർ ടാക്സിയിൽ യാത്ര ചെയ്യാം. കാറ്റാമറൈന്‍ നിർമാണ രീതിയായതിനാൽ യാത്രാ സുഖവും ഏറെയാണ്. ഫാന്‍, ലൈറ്റ് എന്നിവ സൗരോർജ്ജത്തിലാണ് പ്രവർത്തിപ്പിക്കുന്നത്. സുരക്ഷ സൗകര്യങ്ങൾക്ക് പുറമെ സഹായത്തിന് ഒരാൾകൂടി ബോട്ടിലുണ്ടാകും. മണിക്കൂറിന് 1500 രൂപയാണ് നിരക്ക്. ശേഷിക്കുന്ന സമയത്തിന് മിനിറ്റുകള്‍ കണക്കാക്കി തുകയീടാക്കും. പതിനഞ്ചു നോട്ടിക്കൽ മൈലാണ് മണിക്കൂറിലെ വേഗത. പൊതുജനങ്ങള്‍ക്കും വിനോദ സഞ്ചാരികള്‍ക്കും വാട്ടര്‍ ടാക്‌സിയുടെ സേവനം പ്രയോജനപ്പെടുത്താം.

  കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നവഗതി മറൈന്‍ ആണ്‌ ബോട്ട് നിര്‍മ്മിച്ചത്. 175 കുതിര ശക്തിയുള്ള ഡീസല്‍ എഞ്ചിനാണ് ബോട്ടിന്റെത്. വൈകാതെ മൂന്ന് വാട്ടര്‍ ടാക്‌സികള്‍ കൂടി ജലഗതാഗത വകുപ്പ് നീറ്റീലിറക്കും.യാത്രാബോട്ടുകളെ അപേക്ഷിച്ച്‌ കൂടുതല്‍ വേഗത്തില്‍ ലക്ഷ്യസ്ഥാനത്തേക്ക് എത്തിച്ചേരാന്‍ കഴിയുമെന്നതാണ് വാട്ടര്‍ ടാക്‌സിയുടെ പ്രത്യേകത. അതിവേഗ എഞ്ചിനുകളാണ് ബോട്ടിനുള്ളത്. ജില്ലവിട്ടും യാത്രക്കാര്‍ വിളിക്കുന്ന എവിടേക്കും വാട്ടര്‍ ടാക്‌സിയെത്തും. ഇപ്പോള്‍ ഒരു ടാക്‌സിയാണ് സര്‍വീസ് നടത്തുക.

  നവംബറില്‍ ഒരു ടാക്‌സിയും ഡിസംബറില്‍ രണ്ടു ടാക്‌സികളും സര്‍വീസാരംഭിക്കും. എറണാകുളം-വൈക്കം, ആലപ്പുഴ-കോട്ടയം തുടങ്ങിയ മേഖലകളിലാണ് അതുവരുക. ആലപ്പുഴ സ്റ്റേഷന്‍ കേന്ദ്രീകരിച്ചാകും പ്രവര്‍ത്തനം. വാട്ടര്‍ ടാക്‌സി സേവനത്തിനായി 9400050325, 9400050322 എന്നീ നമ്പരുകളില്‍ വിളിക്കാം. കൂടുതല്‍ ടാക്‌സികള്‍ വരുമ്പോള്‍ പ്രത്യേകം നമ്പരുകളാവും. ഓണ്‍ലൈന്‍ ടാക്‌സി സംവിധാനം പോലെയാക്കുന്നതും പരിഗണിക്കുന്നുണ്ട്.

  ഏഴ് നോട്ടിക്കൽ മൈൽ വേഗതയിൽ സഞ്ചരിക്കാവുന്ന വലുതും സുരക്ഷ സജ്ജീകരണങ്ങളും ഉള്ള ഏഴ് കാറ്റാമറൈന്‍ ബോട്ടുകില്‍ ആദ്യത്തേതാണ് ഇതോടൊപ്പം‍ നീറ്റിലിറക്കിയത്. 14 കോടിയോളം ചെലവിട്ട് ഏഴ് കാറ്റാമറൈന്‍ ബോട്ടുകള്‍ ആണ് നിര്‍മിക്കുന്നത്. ജലഗതാഗത രംഗത്ത് വരുത്തുന്ന മാറ്റങ്ങൾ ടൂറിസം മേഖലയ്ക്ക് കരുത്തുപകരും. ആദിത്യ, വേഗ തുടങ്ങിയ സംരംഭങ്ങൾക്ക് ശേഷമുള്ള പുതിയ സംരംഭം വകുപ്പിനും പൊതുജനങ്ങൾക്കും അഭിമാനിക്കാവുന്ന നേട്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

  യാത്രക്കാർക്കും ജീവനക്കാർക്കും ഒരു പോലെ ഇൻഷുറൻസ് പരിരക്ഷയും ഇതിലുണ്ട്. റോഡുകളിലെ ഗതാഗതക്കുരുക്കും മലിനീകരണപ്രശ്നങ്ങളും ജലഗതാഗതത്തിന്റെ സാധ്യതകൾ കൂട്ടുന്നതായി മുഖ്യമന്ത്രി പറഞ്ഞു. കോവളം-ബേക്കൽ ജലപാത പൂർത്തീകരിക്കുന്നതിന് സർക്കാർ വലിയ പ്രാധാന്യമാണ് നൽകിയിട്ടുള്ളത്. നൂറുദിനകര്‍മപരിപാടികളുടെ ഭാഗമായാണ് ഉദ്ഘാടനം നടന്നത്. ജലഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

  നമ്മുടെ ഗതാഗത സങ്കല്പം റോഡുകളിലേക്ക് മാത്രം ചുരുങ്ങുന്നത് മാറണമെന്ന് ധനമന്ത്രി ടി എം തോമസ് ഐസക് പറഞ്ഞു. ഗതാഗതരംഗത്ത് വൈവിധ്യവൽക്കരണം വേണം. കുട്ടനാട് രണ്ടാം പാക്കേജ് എന്നത് റോഡ് വികസനം മാത്രമല്ല ജലഗതാഗത സംവിധാനത്തിന്റെ പുനരുദ്ധാരണം കൂടിയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. എ.എം.ആരിഫ് എം.പി, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍, ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍, ജില്ല കളക്ടര്‍ എ.അലക്സാണ്ടര്‍, മുന്‍സിപ്പല്‍ ചെയര്‍മാന്‍ ഇല്ലിക്കല്‍ കുഞ്ഞുമോന്‍, ജലഗതാഗത വകുപ്പ് ഡയറക്ടര്‍ ഷാജി വി.നായര്‍, വാര്‍ഡ് കൗണ്‍സിലര്‍ റാണി രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

  റോഡ് ഗതാഗതത്തിലെന്ന പോലെ ജല ഗതാഗതത്തിലുപയോഗിക്കുന്ന ഈ വാട്ടർ ടാക്സി സർവീസ് ജല ഗതാഗത മേഖലയുടെ വികസനത്തിനെന്ന പോലെ വിനോദ സഞ്ചാര മേഖലയിലും പുതിയ ഉണർവു പകരും. ജലഗതാഗതത്തില്‍ കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്നതിനു വേണ്ടി ചെലവ് കുറഞ്ഞതും, വളരെ സുരക്ഷിതവും, ആധുനിക സൗകര്യങ്ങളോടും കൂടിയ യാത്രാ മാര്‍ഗ്ഗം പൊതുജനങ്ങള്‍ക്ക് നല്‍കുക എന്ന ആശയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ആവിഷ്ക്കരിച്ചിട്ടുളള വിവിധ പദ്ധതികളില്‍ ഒന്നാണ് 100 പാസഞ്ചര്‍ കപ്പാസിറ്റിയുളള കറ്റാമറൈന്‍ ബോട്ട്.
  Published by:Anuraj GR
  First published: