HOME » NEWS » Kerala » CM PINARAYI VIJAYAN INAUGURATES DR PK WARRIER S 100TH BIRTHDAY CELEBRATIONS AS TV

ആയുർവേദാചാര്യൻ ഡോ. പി.കെ.വാരിയരുടെ നൂറാം പിറന്നാൾ ആഘോഷങ്ങൾക്ക് തുടക്കമായി; ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

ഈ മാസം എട്ടാം തീയതിയാണ് പികെ വാര്യരുടെ നൂറാം പിറന്നാൾ. കോവിഡ് സാഹചര്യം മുൻനിർത്തി ആഘോഷം ഒഴിവാക്കി 'ശതപൂർണിമ' എന്ന പേരിൽ ഓൺലൈൻ പരിപാടികൾ മാത്രമാണ് നടത്തുന്നത്.

News18 Malayalam | news18-malayalam
Updated: June 2, 2021, 7:18 AM IST
ആയുർവേദാചാര്യൻ ഡോ. പി.കെ.വാരിയരുടെ നൂറാം പിറന്നാൾ ആഘോഷങ്ങൾക്ക് തുടക്കമായി; ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി
ഈ മാസം എട്ടാം തീയതിയാണ് പികെ വാര്യരുടെ നൂറാം പിറന്നാൾ. കോവിഡ് സാഹചര്യം മുൻനിർത്തി ആഘോഷം ഒഴിവാക്കി 'ശതപൂർണിമ' എന്ന പേരിൽ ഓൺലൈൻ പരിപാടികൾ മാത്രമാണ് നടത്തുന്നത്.
  • Share this:
കോട്ടക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റിയും മെഡിക്കൽ ഡയറക്ടറുമായ പദ്മഭൂഷൺ ഡോ. പികെ വാരിയരുടെ നൂറാം പിറന്നാൾ ആഘോഷങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഓൺലൈൻ ആയിട്ടായിരുന്നു ചടങ്ങുകൾ സംഘടിപ്പിച്ചത്.

സമൂഹത്തിന്റെ പുരോഗതിക്ക് വേണ്ടി  സമർപ്പിച്ച ധന്യമായ ജീവിതമാണ് പി.കെ. വാരിയരുടേത് എന്ന്  മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ വാക്കുകളുടെ ചുരുക്കം ഇങ്ങനെ ." ഇന്ന് ആര്യവൈദ്യശാലയുടെ മാനേജിങ് ട്രസ്റ്റി എന്ന നിലയിൽ മാത്രമായി ഒതുങ്ങുന്നതല്ല അദ്ദേഹത്തിന്റെ വ്യക്തിത്വം. ആയുർവേദത്തിനും നമ്മുടെ സംസ്കാരത്തിനൊട്ടാകെയും മഹത്തായ സംഭാവനകൾ അദ്ദേഹം നൽകി. ദേശീയ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിലും തുടർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയിലും പ്രവർത്തിച്ച് രൂപംകൊണ്ട് ഉജ്വലവ്യക്തിത്വമാണ് ഡോ. പി.കെ. വാരിയരുടേത്.ഗാന്ധിജിയുടെ ആഹ്വാനമനുസരിച്ച് ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുക്കുന്നതിന് കൊളേജിൽ നിന്ന് പുറത്തിറങ്ങിയ വ്യക്തികൂടിയാണ് അദ്ദേഹം. സാധാരണക്കാ രായ മനുഷ്യരുമായി ഇടപെട്ട് അവരുടെ ജീവിതപ്രശ്നങ്ങൾ സൂക്ഷ്മമായി പഠിച്ച്, അതുവഴി അദ്ദേഹം നേടിയെടുത്ത ജീവിതാവബോധം കുറയറ്റതാണ്.  ആഗോളതലത്തിൽ ആയുർവേദത്തിന് അംഗീകാരം നേടിയെടുക്കുന്നതിനായി ഡോ. പി.കെ. വാരിയർ  നടത്തിയ ശ്രമങ്ങൾ കൂടി പരാമർശിച്ചായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ."ചികിത്സതേടി തനിക്കു മുൻപിൽ എത്തിച്ചേരുന്ന രോഗികൾക്ക് സാന്ത്വനം നൽകി, വ്യക്തി ബന്ധങ്ങൾക്ക് വിലകൽപ്പിക്കുന്ന, വിനയാന്വിതനായ, സ്നേഹസമ്പന്നനായ പ്രതിഭാശാലിയാണ് ആയുർവേദത്തിലെ ഈ കുലപതി. അഗാധമായ മാനവികത പുലർത്തുന്ന മനുഷ്യസ്നേഹിയും മികച്ചഭരണാധികാരി യുമായ ഡോ. പി.കെ. വാരിയർക്ക് ആരോഗ്യവും കർമ്മോത്സുകതയും ആശംസിക്കുന്നു." മുഖ്യമന്ത്രി പറഞ്ഞു.

പൂർണമായും ഓൺലൈനിൽ നടന്ന ചടങ്ങിൽ കോട്ടയ്ക്കൽ നിയോജകമണ്ഡലം എം.എൽ.എ. പ്രൊഫ. കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ കലക്ടർ ശ്രീ കെ. ഗോപാലകൃഷ്ണൻ ഐ.എ.എസ്, കോട്ടയ്ക്കൽ മുനിസിപ്പൽ ചെയർ പേഴ്സൺ ശ്രീമതി ബുഷ്റ ഷബീർ, ആയുഷ് ഡിപ്പാർട് മുൻ സെക്രട്ടറി ശ്രീമതി ഷൈലജ ചന്ദ്ര, എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ആര്യവൈദ്യശാല ചീഫ് ഫിസിഷ്യനും ട്രസ്റ്റിയുമായ ഡോ. പി.എം. വാരിയർ സ്വാഗതമാശംസിച്ചു. ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. ജി.സി. ഗോപാലപിളള  കൃതജ്ഞത പറഞ്ഞു.

Also Read-ഡിജിറ്റൽ പഠനത്തിലേക്ക് പോകുമ്പോൾ, രക്ഷിതാക്കളും അറിഞ്ഞിരിക്കണം ചില കാര്യങ്ങൾ

ഈ മാസം എട്ടാം തീയതിയാണ് പികെ വാര്യരുടെ നൂറാം പിറന്നാൾ. കോവിഡ് സാഹചര്യം മുൻനിർത്തി ആഘോഷം ഒഴിവാക്കി 'ശതപൂർണിമ' എന്ന പേരിൽ ഓൺലൈൻ പരിപാടികൾ മാത്രമാണ് നടത്തുന്നത്. കൊവിഡ് സാഹചര്യങ്ങൾ മാറിയാൽ പുസ്തകപ്രകാശനം സാംസ്കാരിക-സാഹിത്യ കവി സമ്മേളനങ്ങൾ ചിത്രപ്രദർശനം വാർഷിക ആയുർവേദ സെമിനാർ തുടങ്ങിയവയും നടത്തും.

പികെ വാരിയരുടെ ജീവിത രേഖ

1921 ൽ ജനനം. മെട്രിക്കുലേഷനുശേഷം കോട്ടയ്ക്കൽ ആര്യവൈദ്യപാഠശാലയിൽ നിന്ന് ആയുർവേദത്തിൽ ഡിപ്ലോമ നേടി. 1947 ൽ ഫാക്ടറി മാനേജരായി ആര്യവൈദ്യശാലയിൽ നിയമനം. 1953 ൽ രണ്ടാ മത്തെ മാനേജിംഗ് ട്രസ്റ്റിയായി.ആര്യ വൈദ്യശാലയെ പ്രശസ്തിയുടെ ഉന്നതിയിൽ എത്തിച്ചതിൽ ഡോ. പി.കെ. വാരിയർക്കുള്ള പങ്ക് നിസ്തുലമാണ്.

കോട്ടയ്ക്കൽ ആര്യവൈദ്യശാല, ആയുർവേദകോളേജ്, സെന്റർ ഓഫ് മെഡി സിനൽ പ്ലാന്റ് റിസർച്ച് എന്നിവ സ്ഥാപിച്ചു. ഗവേഷണത്തിന് പരമപ്രാധാന്യം നൽകി. ഔഷധ ച്ചെടികളുടെ വലിയ ഒരു ഉദ്യാനം കോട്ടയ്ക്കലിൽ സംരക്ഷിച്ചുവരുന്നത് ഡോ. പി.കെ. വാരിയരുടെ നിർദ്ദേശത്തിലാണ്. പാരമ്പര്യത്തിന്റെ നന്മകൾ ഉൾക്കൊള്ളുമ്പോഴും ആധുനികവത്ക്കരണത്തേയും ഇദ്ദേഹം ഉൾക്കൊണ്ടു.  കഷായത്തെ ടാബ്ലറ്റ് രൂപത്തിലാക്കി. ലേഹ്യത്തെ ഗ്രാന്യൂളുകളാക്കി. ഭസ്മത്തെ ഗുളിക രൂപത്തിലാക്കി. കോട്ടയ്ക്കലിന് പുറമെ പാലക്കാടും നഞ്ചൻകോഡും ആര്യവൈദ്യശാലയ്ക്ക് ഫാക്ടറികളുണ്ടായി. കലയേയും കലാകാരന്മാരേയും പ്രോത്സാഹിപ്പിക്കാനും ആര്യവൈദ്യശാല മുൻകയ്യെടുത്തു. കോട്ടയ്ക്കൽ പി.എസ്.വി. നാട്യസംഘം പ്രശസ്തമായ ഒരു കഥകളി ഗ്രൂപ്പാണ്.

"സ്മൃതിപർവം” എന്ന ആത്മകഥ പ്രസിദ്ധീകരിച്ചിട്ടുണ്ട്.  അതിന് 2009 ലെ കേരളസാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. 1999 ൽ പത്മശ്രീ,  2010 ൽ പത്മഭൂഷൺ, കൂടാതെ നിരവധി അവാർഡുകളും പികെ വാര്യരെ തേടിവന്നിട്ടുണ്ട്. 1987 ൽ കോപ്പൻഹേഗനിൽ നിന്ന് ഡോക്ടർ ഓഫ് മെഡിസിൻ അവാർഡ് നേടി. 1999 ൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിലിറ്റ് നൽകി ആദരിച്ചു. 2009 ൽ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി D.Sc. അവാർഡും നൽകി. 1997 ൽ ആൾ ഇന്ത്യാ ആയുർവേദിക് കോൺഗ്രസ് ആയുർവേദ മഹർഷിപട്ടം നൽകി ആദരിച്ചിട്ടുണ്ട്.

കോടി തലപ്പണ ശ്രീധരൻ നമ്പൂതിരി, പാർവ്വതി എന്ന കുഞ്ചി വാരസ്യാർ എന്നിവരാണ് പി.കെ.വാരിയരുടെ മാതാപിതാക്കൾ.
ഭാര്യ: അന്തരിച്ച കവയിത്രിയായിരുന്ന മാധവിക്കുട്ടി കെ.വാരിയർ. മക്കൾ: ഡോ.കെ.ബാലചന്ദ്ര വാരിയർ, കെ.വിജയൻ വാരിയർ (പരേതൻ), സുഭദ്രാ രാമചന്ദ്രൻ. മരുമക്കൾ: രാജലക്ഷ്മി,രതി വിജയൻ വാരിയർ, കെ.വി.രാമചന്ദ്ര വാരിയർ
Published by: Asha Sulfiker
First published: June 2, 2021, 6:17 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories