തിരുവനന്തപുരം: ഇസ്രായേലില്‍ കൊല്ലപ്പെട്ട സൗമ്യയുടെ കുടുംബത്തിന്റെ വേദനയില്‍ നാടാകെ ഒന്നിച്ച് പങ്ക് ചേർന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മറിച്ചുള്ള ആരോപണങ്ങള്‍ അസംബന്ധ പ്രചാരണം ഏറ്റെടുക്കുന്നതിന്റെ ഭാഗമാണ്. നമ്മുടെ നാട്ടില്‍ എന്തും വിളിച്ചുപറയാന്‍ തയ്യാറായി നടക്കുന്ന ചില അസംബന്ധ പ്രചാരകരുണ്ട്. മറ്റൊന്നും അവര്‍ക്ക് പറയാനില്ലെന്നും തരംതാണ പ്രചാരണ മാര്‍ഗം സ്വീകരിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഞങ്ങളാണ് ആ കുടുംബത്തിന്റെ ആളുകള്‍ എന്ന് പറഞ്ഞു നടക്കാന്‍ നമ്മുടെ നാട്ടിലെ ബിജെപി നേതാക്കന്മാര്‍ തയ്യാറായിട്ടുണ്ട്. അവരുടെ വാക്കുകളാണ് ഈ പറയുന്ന സ്വരത്തിലൂടെ കേള്‍ക്കാന്‍ കഴിയുന്നത്. ആ കുടുംബത്തിന്റെ വേദനയില്‍ നമ്മളെല്ലാം പങ്കുവഹിച്ചതാണെന്നും നാടാകെ ആ കുടുംബത്തോടൊപ്പവുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇസ്രായേലിന്റെ നിലപാടിനോട് പൊതുവിലുള്ള വിയോജിപ്പ് നമ്മുടെ നാട്ടിലും രാജ്യത്തും ഉള്ളതാണ്. കേന്ദ്ര സര്‍ക്കാരിന് തന്നെ പലസ്തീന്റെ പൊതുവായ കാര്യങ്ങള്‍ തള്ളിക്കളയാന്‍ കഴിഞ്ഞോയെന്നും മുഖ്യമന്ത്രി ചോദിച്ചു. ഇസ്രയേലിനോട് വലിയ അനുഭാവം വെച്ച് പുലര്‍ത്തുന്നവരല്ലേ, അവരുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റിന് തള്ളിക്കളയാന്‍ കഴിഞ്ഞോയെന്നും ഇസ്രയേലിനെ പൂര്‍ണമായും അംഗീകരിച്ച് പറയാന്‍ പറ്റിയോ എന്നും മുഖ്യമന്ത്രി ചോദിച്ചു.
ന്യൂനപക്ഷക്ഷേമവകുപ്പ് കൈകാര്യം ചെയ്യുന്നതിനെ എതിര്‍ത്ത മുസ്ലിംലീഗ് നേതാക്കള്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നൽകി. ന്യൂനപക്ഷ ക്ഷേമവകുപ്പ് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നതിനെ എല്ലാവരും സ്വാഗതം ചെയ്തതായാണ് താന്‍ കണ്ടതെന്നും മുസ്ലീംലീഗ് അല്ല വകുപ്പ് നിശ്ചയിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുസ്ലിം ജനവിഭാഗത്തിന് ഇടതുമുന്നണി സര്‍ക്കാരില്‍ വിശ്വാസമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
''മുസ്ലിം ലീഗല്ല വകുപ്പ് നിശ്ചയിക്കുന്നത്. മുസ്ലിം ജനവിഭാഗം ന്യൂനപക്ഷ വിഭാഗമാണ്. അവര്‍ക്ക് എന്നിലും സര്‍ക്കാരിലും വിശ്വാസമുണ്ടെന്ന കാര്യം എല്ലാവര്‍ക്കും അറിയാം. മുസ്ലിം ലീഗിനല്ല മുസ്ലിം ജനവിഭാഗത്തിന്റെ അട്ടിപ്പേറ് അവകാശം. അത് പേരില്‍ മാത്രമേയുള്ളു'' - മുഖ്യമന്ത്രി പറഞ്ഞു.
പൊതുവായ ആലോചനക്കിടെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നതാണ് നല്ലതെന്ന പൊതുവായ അഭിപ്രായം വന്നു. പ്രവാസി ക്ഷേമ വകുപ്പും മുഖ്യമന്ത്രി തന്നെയാണ് കൈകാര്യം ചെയ്യുന്നത്. ന്യൂനപക്ഷ വകുപ്പിനെപ്പറ്റി വലിയ പരാതിയൊന്നും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഉണ്ടായിട്ടില്ല. മുന്‍ മന്ത്രി കെ ടി ജലീല്‍ വകുപ്പ് നല്ല രീതിയില്‍ കൈകാര്യം ചെയ്തിരുന്നതാണ്. കെ ടി ജലീല്‍ കാര്യങ്ങള്‍ ഫലപ്രദമായി നീക്കിയിരുന്നു. പരാതി ഒന്നുംതന്നെ ഉണ്ടായിരുന്നില്ലെന്നും മുഖ്യമന്ത്രി
ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യുന്നതിനെ എല്ലാവരും സ്വാഗതം ചെയ്യുന്നുവെന്നാണ് തനിക്ക് അറിയാന്‍ കഴിഞ്ഞത്. ഇക്കാര്യത്തില്‍ ഏതെങ്കിലും വിഭാഗത്തിന് ആശങ്കയുണ്ടെന്ന് തോന്നുന്നില്ലെന്ന് വാര്‍ത്താ സമ്മേളനത്തിനിടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി ന്യൂനപക്ഷ വകുപ്പ് ഏറ്റെടുത്തു; ക്രൈസ്തവ വിഭാഗങ്ങളുടെ പരാതി പരിഗണിച്ചെന്ന് സൂചന
ഒന്നാം പിണറായി സർക്കാറിൽ കെ ടി ജലീൽ കൈകാര്യം ചെയ്തിരുന്ന ന്യൂനപക്ഷ ക്ഷേമ വകുപ്പ് പുതിയ സർക്കാറിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റെടുത്തത് ക്രൈസ്തവ വിഭാഗങ്ങളുടെ പരാതി പരിഗണിച്ചെന്ന് സൂചന. പുതിയ മന്ത്രിസഭ അധികാരമേൽക്കുമ്പോൾ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കുകയോ ക്രൈസ്തവ മന്ത്രിയെ ഏൽപ്പിക്കുകയോ ചെയ്യണമെന്ന് കേരള കാത്തലിക് യൂത്ത് മൂവ്മെന്‍റ് (കെസിവൈഎം) സംസ്ഥാന സമിതിയും കത്തോലിക്ക കോൺഗ്രസും ആവശ്യപ്പെട്ടിരുന്നു.
രണ്ടാം പിണറായി മന്ത്രിസഭയിൽ മലപ്പുറം ജില്ലയെ പ്രതിനിധാനം ചെയ്ത് അംഗമായ വി. അബ്ദുറഹ്മാൻ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രിയാകുമെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതോടെ കായികം, വഖഫ്, ഹജ്ജ് തീർഥാടനം, പോസ്റ്റ് ആൻഡ് ടെലഗ്രാഫ്, റെയിൽവേ എന്നീ വകുപ്പുകളാണ് ഇപ്പോൾ അബ്ദുറഹ്മാനുള്ളത്. ന്യൂനപക്ഷ ക്ഷേമം മുഖ്യമന്ത്രി ഏറ്റെടുത്തതിന് പകരമായാണ് റെയിൽവേയുടെ ചുമതല നൽകിയത്.
കഴിഞ്ഞ സർക്കാറിന്‍റെ കാലത്ത് ന്യൂനപക്ഷ ക്ഷേമ വകുപ്പിനും വകുപ്പുമന്ത്രിയായ ജലീലിനും എതിരെ ചില കോണുകളിൽനിന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു. ഫണ്ട് വിതരണത്തിൽ വിവേചനമുണ്ടെന്ന് അന്ന് ക്രൈസ്തവ സഭകൾ ആരോപണം ഉന്നയിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിൽ, തുടർഭരണം കിട്ടിയതോടെ സഭകളുടെ ആവശ്യം മുൻനിർത്തി ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി നേരിട്ട് ഏറ്റെടുക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് സൂചന.
2008ൽ ന്യൂനപക്ഷ ക്ഷേമ വകുപ്പ് നിലവിൽ വന്നതു മുതൽ മുസ്ലിം വിഭാഗത്തിന്‍റെ കുത്തകയായിരിക്കുകയാണെന്നും ന്യൂനപക്ഷ ക്ഷേമപദ്ധതിയുടെ സിംഹഭാഗവും മുസ്ലിം വിഭാഗത്തിലേക്ക് ഒതുങ്ങിക്കൂടിയെന്നും കെസിവൈഎം ആരോപണമുന്നയിച്ചിരുന്നു.
80:20 എന്ന രീതിയിൽ സ്കോളർഷിപ്പുകളെ പാർശ്വവൽകരിച്ചു, സാമ്പത്തിക സംവരണത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നു, മുസ്ലിം വിഭാഗത്തിലെ വിധവകൾ, മത അധ്യാപകർ, പെൺകുട്ടികൾ തുടങ്ങിയവർക്ക് മാത്രം ആനുകൂല്യങ്ങൾ നൽകി ന്യൂനപക്ഷ വകുപ്പിനെ ഒരു വിഭാഗത്തിന് തീറെഴുതി കൊടുക്കുന്നു തുടങ്ങിയ ആക്ഷേപങ്ങളും കെസിവൈഎം ഉന്നയിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Chief minister pinarayi, Israel, Minister v muraleedharan, Soumya Israel, Soumya killed, Soumya Santhosh, Soumya Santhosh incident