യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചനം രേഖപ്പെടുത്തി. യു.എ.ഇയും നമ്മുടെ രാജ്യവുമായുള്ള പരസ്പരബന്ധം സുദൃഢമാക്കുന്നതില്‍ വലിയ പങ്കാണ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് വഹിച്ചിരുന്നത്. യു.എ.ഇയിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ സമൂഹത്തിന്റെ ക്ഷേമം ഉറപ്പാക്കുന്ന കാര്യത്തില്‍ ആദ്ദേഹം പുലര്‍ത്തിയ കരുതല്‍ എക്കാലവും ഓര്‍മ്മിക്കപ്പെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തെയും കേരളീയരെയും സഹായിക്കുന്നതില്‍ സന്തോഷം കണ്ടെത്തിയ വ്യക്തിയായിരുന്നു അദ്ദേഹം. പ്രളയകാലത്ത് അദ്ദേഹം കേരളത്തിനായി നീട്ടിയ സഹായഹസ്തം സ്മരണീയമാണ്. മതനിരപേക്ഷ മനോഭാവം കൊണ്ട് ശ്രദ്ധേയനായ സായിദ് അല്‍ നഹ്യാന് എല്ലാവിഭാഗം ജനങ്ങള്‍ക്കും ഒരുപോലെ സ്വീകാര്യനായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
യു.എ.ഇ.യുടെ ആധുനികവല്‍ക്കരണത്തില്‍ അദ്ദേഹത്തിന്റെ നിര്‍ണായക പങ്കാളിത്തമുണ്ട്. വരും കാലത്തെക്കൂടി കണക്കിലെടുത്ത് വികസനം ഉറപ്പാക്കുന്നതില്‍ കാണിച്ച ദീര്‍ഘ ദര്‍ശിത്വവും ശ്രദ്ധേയമാണ്. ഊഷ്മളവും സൗഹൃദപൂര്‍ണ്ണവുമായ ബന്ധം ഇന്ത്യന്‍ ജനതയുമായി പൊതുവിലും കേരളീയരുമായി പ്രത്യേകിച്ചും എന്നും അദ്ദേഹം പുലര്‍ത്തിപ്പോന്നു. അങ്ങേയറ്റം ദുഃഖകരമാണ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ വിയോഗമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രത്തലവന്റെ മരണത്തെ തുടര്‍ന്ന് യുഎഇയില്‍ 40 ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചു. പിതാവ് ഷെയ്ഖ് സായിദിന്റെ മരണത്തെത്തുടര്‍ന്ന് 2004 നവംബര്‍ മൂന്നിനാണ് ഷെയ്ഖ് ഖലീഫ രാജ്യത്തിന്റെ പ്രസിഡന്റായത്. യുണൈറ്റഡ് അറബ് എമിറേറ്റ്സ് സായുധ സേനയുടെ പരമോന്നത കമാന്‍ഡറും സൂപ്രീം പെട്രോളിയം കൗണ്‍സിലിന്റെ ചെയര്‍മാനുമായിരുന്നു.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.