പത്തനംതിട്ട: മോക്ക് ഡ്രില്ലിനിടയിൽ യുവാവ് മരിച്ച സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയന് ഉത്തരവിട്ടു. ചീഫ് സെക്രട്ടറിക്കാണ് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്.കല്ലുപ്പാറ സ്വദേശി ബിനു സോമനാണ് ഇന്നലെ മരിച്ചത്. സംഭവത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം പത്തനംതിട്ട കളക്ടര്‍ കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് വകുപ്പ് തല അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയത്.
അപകടത്തിന് കാരണം ആസൂത്രണത്തിലെ പിഴവെന്നാണ് കളക്ടര്‍ക്ക് ലഭിച്ച റിപ്പോര്‍ട്ടിലുള്ളത്. ചെളിനിറഞ്ഞ ഭാഗം മോക്ഡ്രില്ലിനായി തിരഞ്ഞെടുത്തതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് തിരുവല്ല സബ് കളക്ടര്‍ ശ്വേത നാഗര്‍കോട്ടി ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത്.
ദേശീയ ദുരന്ത നിവാരണ അതോറിട്ടി ഇന്നലെ തിരുവല്ല വെണ്ണിക്കുളത്ത് സംഘടിപ്പിച്ച മോക് ഡ്രില്ലിനിടെയായിരുന്നു ബിനു പുഴയിൽ മുങ്ങിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു. സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച ഉണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. ബിനു സോമനെ രക്ഷപെടുത്താൻ വൈകിയതാണ് മരണത്തിന് കാരണമെന്ന് ബിനുവിനൊപ്പം പരിശീലനത്തിൽ പങ്കെടുത്തവർ ആരോപിച്ചു.
Also Read-മോക്ക്ഡ്രില്ലിനിടയിലെ യുവാവിൻ്റെ മരണം: മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു
സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്. ബിനുവിന്റെ മരണത്തിൽ റവന്യു മന്ത്രി കെ രാജനും ഇടപ്പെട്ടിട്ടുണ്ട്. മരണത്തിൽ മന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥർക്ക് ഉണ്ടായ വീഴ്ച്ചയാണ് ബിനുവിന്റെ മരണത്തിന് കാരണമെന്നുള്ള ആരോപണം ശക്തമായതോടെയായിരുന്നു മന്ത്രിയുടെ ഇടപെടൽ.
പടുതോട് പാലത്തിന് മുകളില്‍ പുറമറ്റം പഞ്ചായത്തിലെ കടവില്‍ കുറച്ചുപേര്‍ ഒഴുക്കില്‍പ്പെടുന്ന രംഗമാണ് ചിത്രീകരിക്കാന്‍ ശ്രമിച്ചത്. ബിനു ഉള്‍പ്പെടെ നാലുപേരെയാണ് ആറ്റിലേക്ക് ഇറക്കിയത്. ഇതിന് എതിര്‍വശത്ത് കല്ലൂപ്പാറ പഞ്ചായത്തിലെ കടവില്‍നിന്ന് അഗ്നിരക്ഷാ സേനാംഗങ്ങള്‍ യന്ത്രവത്കൃത ബോട്ടില്‍ എത്തി രക്ഷിക്കണം എന്നതായിരുന്നു ധാരണ.
എന്നാല്‍ വെള്ളത്തില്‍ ഇറങ്ങിയ ബിനു സോമന് യഥാര്‍ഥത്തില്‍ മുങ്ങിത്താണു. വെപ്രാളത്തില്‍ ഇയാള്‍ പലവട്ടം കൈകള്‍ ഉയര്‍ത്തിയെങ്കിലും അഭിനയമാണെന്നാണ് കരയില്‍ നിന്നവര്‍ കരുതിയത്. ലൈഫ് ബോയ് എറിഞ്ഞുകൊടുത്തെങ്കിലും പിടിക്കാനാവാതെ താഴുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.