• HOME
 • »
 • NEWS
 • »
 • kerala
 • »
 • പ്രൊഫ.താണു പത്മനാഭൻ; 'ലോകത്തിന് കേരളം സമ്മാനിച്ച പ്രതിഭാശാലിയായ ഭൗതിക ശാസ്ത്രജ്ഞൻ': മുഖ്യമന്ത്രി

പ്രൊഫ.താണു പത്മനാഭൻ; 'ലോകത്തിന് കേരളം സമ്മാനിച്ച പ്രതിഭാശാലിയായ ഭൗതിക ശാസ്ത്രജ്ഞൻ': മുഖ്യമന്ത്രി

അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദു:ഖത്തിൽ പങ്കു ചേരുന്നുവെന്നും മുഖ്യമന്ത്രി

പിണറായി വിജയൻ (ഫയൽ ചിത്രം)

പിണറായി വിജയൻ (ഫയൽ ചിത്രം)

 • Last Updated :
 • Share this:
  തിരുവനന്തപുരം: പ്രൊഫ. താണു പത്മനാനാഭന്റെ മരണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ലോകത്തിന് കേരളം സമ്മാനിച്ച പ്രതിഭാശാലിയായ ഭൗതിക ശാസ്ത്രജ്ഞനായിരുന്നു പ്രൊഫ. താണു പത്മനാഭനെന്ന് മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ വിയോഗം അത്യന്തം ദുഃഖകരമാണ്.

  ശാസ്ത്രമേഖലകൾക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് സംസ്ഥാനം നൽകുന്ന ഏറ്റവും വലിയ അംഗീകാരമായ കേരള ശാസ്ത്ര പുരസ്കാരം അദ്ദേഹത്തിനു സമ്മാനിച്ചിരുന്നു. ഭട്നഗർ പുരസ്കാരമുൾപ്പെടെ അനവധി ബഹുമതികൾ നേടിയ താണു പത്മനാഭന്റെ വിയോഗം നമ്മുടെ ശാസ്ത്രരംഗത്തെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടമാണ്.

  ശാസ്ത്ര ഗവേഷണങ്ങൾക്കായി സ്വയമർപ്പിച്ച ഈ അതുല്യ പ്രതിഭാശാലിയുടെ ജീവിതം ശാസ്ത്രവിദ്യാർഥികൾക്ക് എക്കാലവും പ്രചോദനമായിരിക്കും. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദു:ഖത്തിൽ പങ്കു ചേരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

  ഇന്ന് ഉച്ചയോടെയാണ് താണു പത്മനാഭന്റെ അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന്‌ പൂനെയിലെ വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൂനെ ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ അസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്‌സിലെ അക്കാദമിക് വിഭാഗം ഡീനായിരുന്നു. ഇവിടെ ഡിസ്റ്റിംഗ്വിഷ്‌ഡ് പ്രൊഫസറായി സേവനം അനുഷ്ഠിക്കുകയായിരുന്നു.

  1957 ൽ തിരുവനന്തപുരത്താണ് ജനനം. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന് 1977 ൽ ബിഎസ്‌സി, 1979 ൽ എംഎസ്‌സി പാസായി. കേരള സർവകലാശാലയുടെ സ്വർണ മെഡലോടെയാണ് ബിരുദ-ബിരുദാനന്തര കോഴ്സുകൾ പാസായത്. 1983 ൽ മുംബൈയിലെ ടിഐഎഫ്ആറിൽ നിന്ന് പിഎച്‌ഡി നേടി. 1992 മുതൽ പൂണെയിലെ ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ ആസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്‌സിലാണ്‌.

  Also Read-ഔഷധി ചെയർമാൻ കെആർ വിശ്വംഭരൻ അന്തരിച്ചു

  ജ്യോതിശാസ്ത്രം, തമോഗർത്തം, തമോ ഊർജ്ജം എന്നിവയിൽ നിർണായക കണ്ടെത്തലുകൾ അദ്ദേഹത്തിന്റേതായുണ്ട്. പ്രപഞ്ചോൽപത്തിയെക്കുറിച്ചുള്ള സങ്കൽപത്തിൽ വ്യക്തത വരുത്തി നിരവധി ഗവേഷണങ്ങളും പ്രസിദ്ധീകരിച്ചു.
  ക്ഷീരപഥത്തിന് അപ്പുറമുള്ള പ്രപഞ്ചത്തെക്കുറിച്ചുള്ള ഗവേഷണത്തിലായിരുന്നു അവസാനകാലത്ത്. സംസ്ഥാന സർക്കാരിന്റെ ഏറ്റവും ഉയർന്ന ശാസ്ത്ര ബഹുമതിയായ കേരള ശാസ്‌ത്ര പുരസ്‌കാരം ഈ വർഷമാണ് താണു പത്മനാഭന് ലഭിച്ചത്.

  എമർജന്റ് ഗ്രാവിറ്റിയിൽ താപഗതികത്തെ അടിസ്ഥാനമാക്കി സാമാന്യ ആപേക്ഷികസിദ്ധാന്തത്തെ കൂടുതൽ വികസിപ്പിച്ചതാണ് താണു പത്മനാഭന്റെ ഏറ്റവും പ്രധാന സംഭാവന. ഇതുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്ക് 2008 - ൽ അമേരിക്കയിലെ ഗ്രാവിറ്റി റിസർച്ച് ഫൗണ്ടേഷന്റെ പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചിരുന്നു.

  ഇരുപതാം വയസ്സിൽ ബിഎസ്‌സി വിദ്യാർത്ഥിയായിരിക്കേയാണ് സാമാന്യ ആപേക്ഷികതയിൽ ആദ്യ ഗവേഷണ പേപ്പർ പ്രസിദ്ധീകരിക്കുന്നത്. സ്വിറ്റ്സർലന്റിലെ പ്രസിദ്ധ കണികാ ഭൗതിക ഗവേഷണ കേന്ദ്രമായ സേൺ, ന്യൂ കാസിൽ സർവകലാശാല, ലണ്ടനിലെ ഇംപീരിയൽ കോളേജ്, കാൾടെക്, പ്രിൻസ്‌ടൺ, കേംബ്രിഡ്‌ജ് സർവകലാശാലകളിൽ വിസിറ്റിങ്‌ പ്രൊഫസറാണ്.

  'ആഫ്‌റ്റർ ദി ഫസ്റ്റ് ത്രീ മിനുട്‌സ് - ദ സ്റ്റോറി ഓഫ് ഔവർ യൂണിവേഴ്‌സ്' (ആദ്യത്തെ മൂന്നു നിമിഷങ്ങൾക്കു ശേഷം നമ്മുടെ പ്രപഞ്ചത്തിൻറെ കഥ), തിയററ്റിക്കൽ ആസ്ട്രോഫിസിക്‌സ്, ആൻ ഇൻവിറ്റേഷൻ ടു ആസ്ട്രോഫിസിക്‌സ് തുടങ്ങിയ കൃതികൾ പ്രസിദ്ധമാണ്. ജയന്ത് നർലിക്കറുമൊത്ത് ഗ്രാവിറ്റി, ഗേജ് തിയറീസ് ആൻഡ്‌ കോസ്മോളജി എന്ന ഗ്രന്ഥവും രചിച്ചിട്ടുണ്ട്.

  കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിൻറെ ഭാഗമായ വിഗ്യാൻ പ്രസാർ പ്രസിദ്ധീകരിച്ച ഭൗതികത്തിൻറെ കഥ എന്ന പുസ്‌തകത്തിൻറെ മലയാള പരിഭാഷ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
  Published by:Naseeba TC
  First published: