ന്യൂഡൽഹി: എൽഡിഎഫ് കൺവീനർ ഇ പി ജയരാജനെതിരായ ആരോപണത്തോട് പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ. വിഷയം പോളിറ്റ് ബ്യൂറോ യോഗം ചര്‍ച്ച ചെയ്യുമോ എന്ന് ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകര്‍ ആരാഞ്ഞപ്പോള്‍ തണുപ്പ് എങ്ങനെയുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുചോദ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരില്‍ കാണുന്നുണ്ടോയെന്ന ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചില്ല.
വിവാദ വിഷയങ്ങളെ സംബന്ധിച്ച ചോദ്യങ്ങളോട് മുൻ മുഖ്യമന്ത്രി കെ കരുണാകരനും സമാനമായ രീതിയിൽ പ്രതികരിക്കാറുണ്ടായിരുന്നു. ലീഡറുടെ പ്രസിദ്ധമായ അതേ ശൈലി തന്നെയാണ് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനും സ്വീകരിച്ചത്.
കണ്ണൂരില്‍ ഇ പി ജയരാജനുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അനധികൃത സ്വത്ത് സമ്പാദന ആരോപണത്തെ കുറിച്ചാണ് മുഖ്യമന്ത്രിയോട് ചോദ്യം ചോദിച്ചത്. ചൊവ്വാഴ്ച ചേരുന്ന പി ബി യോഗം ഇത് ചര്‍ച്ച ചെയ്യുമോ എന്ന ചോദ്യത്തോടാണ് തണുപ്പ് എങ്ങനെയുണ്ടെന്ന മറുചോദ്യം മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. നിങ്ങളോടെന്തെങ്കിലും പറയാനുണ്ടെങ്കില്‍ അടുത്തേക്ക് വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Also Read- ശബരിമല സന്നിധാനത്തു നിന്നും വീണ്ടും രാജവെമ്പാലയെ പിടികൂടി
സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കാൻ എത്തിയ മുഖ്യമന്ത്രി, ബുധനാഴ്ച വരെ ഡൽഹിയിലുണ്ട്. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. രാവിലെ 10.30ന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് കൂടിക്കാഴ്ച. രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ കാണാനും മുഖ്യമന്ത്രി സമയം തേടിയിട്ടുണ്ട്. ദ്രൗപദി മുര്‍മു രാഷ്ട്രപതിയായി ചുമതലയേറ്റശേഷമുള്ള ആദ്യ കൂടിക്കാഴ്ചയ്ക്കാണ് മുഖ്യമന്ത്രി സമയം തേടിയത്.
Also Read- ഇ പി ജയരാജനെതിരായ ആരോപണം: ‘മുഖ്യമന്ത്രിയുടേത് അമ്പരപ്പിക്കുന്ന മൗനം’: വി ഡി സതീശൻ
കേരളത്തില്‍ പാര്‍ട്ടിക്ക് അകത്തും പുറത്തും വലിയ ചര്‍ച്ചാവിഷയമായതിനാല്‍ തന്നെ ഇ പിയുമായി ബന്ധപ്പെട്ട പരാതി പി ബി ചര്‍ച്ച ചെയ്യാനാണ് സാധ്യത. വിഷയവുമായി ബന്ധപ്പെട്ട് പി. ജയരാജന് നല്കിയ പരാതി കേന്ദ്ര നേതൃത്വത്തിന്റെ പരിഗണനയിലാണ്.
ഇന്നു രാവിലെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ഡല്‍ഹിയിലെത്തും. അദ്ദേഹമായിരിക്കും ഇക്കാര്യം പി ബിയില്‍ അവതരിപ്പിക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.