തിരുവനന്തപുരം: സില്‍വര്‍ ലൈന്‍(Silverline) പദ്ധതിയ്ക്കെതിരായ സമരത്തിന്റെ ന്യായങ്ങള്‍ വിചിത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്(CM Pinarayi Vijayan). പദ്ധതിയുടെ പേരില്‍ ഭൂമി നഷ്ടപ്പെടുന്നവരുടെ വിഷമം സ്വാഭാവികമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരെയും വഴിയാധാരമാക്കനല്ല സര്‍ക്കാര്‍ നില്‍ക്കുന്നതെന്നും ആരെയും വിഷമിപ്പിക്കാനല്ല തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതിയക്കെതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം നടക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ഇന്നുള്ളവരുടെ നാളെയല്ല, നമ്മുടെ കുഞ്ഞുങ്ങളുടെ നാളേയ്ക്ക് വേണ്ടിയാണ് പദ്ധതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി ഇപ്പോള്‍ പറ്റില്ല എന്നാണ് പറയുന്നത്. പിന്നെ എപ്പോഴാണ് നടക്കുകയെന്ന് മുഖ്യമന്ത്രി ചോദിച്ചു.
പദ്ധതിയുമായി ജനങ്ങളിലേക്ക് ഇറങ്ങും. തെറ്റായ എതിര്‍പ്പുകള്‍ക്ക് വഴങ്ങണോ എന്ന് ചോദിച്ചാല്‍ വേണ്ടെന്ന് ജനം പറയും. സ്വകാര്യമായി ചോദിച്ചാല്‍ കോണ്‍ഗ്രസ് നേതാക്കളും പദ്ധതി വേണ്ടതാണെന്ന് പറയുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം കോഴിക്കോട്, മലപ്പുറം, കോട്ടയം, എറണാകുളം ജില്ലകളിലാണ് ശക്തമായ പ്രതിഷേധങ്ങള്‍ അരങ്ങേറിയത്. കോണ്‍ഗ്രസിന്റെയും ബി.ജെ.പി.യുടെയും നേതൃത്വത്തില്‍ സര്‍വേ കല്ലുകള്‍ പിഴുതെറിയുകയും ചെയ്തു.
കെ റെയില്‍ സമരത്തില്‍നിന്ന് പിന്നോട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പറഞ്ഞു. സര്‍വേ കല്ലുകള്‍ പിഴുതെറിഞ്ഞ് ജയിലില്‍ പോകുമെന്നും സാധാരണക്കാരെ ജയിലിലേക്ക് വിടില്ലെന്നും യുഡിഎഫ് നേതാക്കള്‍ ജയിലില്‍ പോകാന്‍ തയ്യാറാണെന്നും വി ഡി സതീശന് പറഞ്ഞു.
കെ റയില്‍ കേരളത്തിന്റെ സമ്പദ്ഘടനയെ ബാധിക്കുന്ന പ്രശ്നമാണ്. പോലീസിനെ ഉപയോഗിച്ച് സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുരേന്ദ്രന് പറഞ്ഞു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.