തിരുവനന്തപുരം: പിന്നോക്ക ക്ഷേമ വകുപ്പ് പദ്ധതികളുടെ നടത്തിപ്പ് സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം. വിവിധ പദ്ധതികളുടെ നടത്തിപ്പ് സംബന്ധിച്ച ഗുരുതരമായ ക്രമക്കേട് ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടി. വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്റെ ശുപാര്‍ശപ്രകാരം മുഖ്യമന്ത്രി വിജിലന്‍സ് അന്വേഷണത്തിനുള്ള ഫയലില്‍ ഒപ്പുവച്ചു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എസ് സി പ്രമോട്ടര്‍ പണം തട്ടിയത് അടക്കമുള്ള കേസുകള്‍ വിജിലന്‍സ് അന്വേഷിക്കും. സമാന സ്വഭാവത്തിലുള്ള വേറെയും കേസുകള്‍ ഉണ്ടോ എന്നതും വിജിലന്‍സ് പരിശോധിക്കും.
പിന്നോക്ക ക്ഷേമ വകുപ്പിന്റെ പദ്ധതികളില്‍ ക്രമക്കേട് നടക്കുന്നുവെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. കെ രാധാകൃഷ്ണന് വകുപ്പിന്റെ ചുമതലയേറ്റതോടെ മന്ത്രിയുടെ മുന്നിലും നിരവധി പരാതികള്‍ എത്തി. ക്രമക്കേടുകള്‍ നടത്തി പണം തട്ടിയെടുക്കുന്നു എന്ന് മാത്രമല്ല, വകുപ്പ് നടപ്പിലാക്കുന്ന പല പദ്ധതികളും കാലാനുസൃതമായി പരിഷ്കരിച്ചിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. പദ്ധതി നടപ്പിലാക്കുന്നതില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തും വലിയ വീഴ്ചകള്‍ കണ്ടെത്തി. ഈ സാഹചര്യത്തിലാണ് വിജിലന്‍സ് അന്വേഷണത്തിന് മന്ത്രി ശുപാര്‍ശ നല്‍കിയത്.
കോര്‍പ്പറേഷനിലെ തട്ടിപ്പ് നേരത്തെ കണ്ടെത്തി
ഗുണഭോക്താക്കളെ കബളിപ്പിച്ച് എസ് സി പ്രമോട്ടര്‍ പണം തട്ടിയെടുക്കുന്നസംഭവം പിന്നോക്ക ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെയാണ് കണ്ടെത്തിയത്. കഴിഞ്ഞ മാര്‍ച്ചില്‍ റിപ്പോര്‍ട്ട് ചെയ്ത പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് എടുത്തിരുന്നു. തുടർന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി ഉണ്ടാവുകയും, എസ് സി പ്രമോട്ടറെ മാറ്റുകയും ചെയ്തിരുന്നു. കോർപ്പറേഷനിലെ തട്ടിപ്പിന് സമാനമായ സംഭവം മലപ്പുറം ജില്ലയിലും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
Also read- മുഖ്യമന്ത്രി പിണറായി വിജയന് നാളെ ഡല്‍ഹിയിലേക്ക്; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും
സര്‍ക്കാറിനുമേല്‍ രാഷ്ട്രീയ സമ്മര്‍ദ്ദം
പട്ടികജാതി വിഭാഗക്കാര്‍ക്കുള്ള ഫണ്ട് സര്‍ക്കാര്‍ അനുകൂലികള്‍ തട്ടിയെടുക്കുന്നു എന്നാണ് ആരോപണം. സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് സംസ്ഥാന വ്യാപകമായി നടക്കുന്ന ഈ നീക്കമെന്നാണ് പ്രതിപക്ഷം ഉയർത്തുന്ന ആരോപണം. തിരുവനന്തപുരം കോര്‍പ്പറേഷനിലെ തട്ടിപ്പ് മുന്‍നിര്‍ത്തി ബിജെപി അടക്കമുള്ള കക്ഷികള്‍ സര്‍ക്കാരിനെതിരെ പ്രചരണം ശക്തമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ സര്‍ക്കാരിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവിടുമെന്നാണ് ബിജെപി നേതൃത്വം അവകാശപ്പെടുന്നത്. തിരുവനന്തപുരം കോര്‍പറേഷനില്‍ മാത്രമല്ല സംസ്ഥാനത്തെ പല തദ്ദേശ സ്ഥാപനങ്ങളിലും സമാനമായ നീക്കം നടക്കുന്നുണ്ട് എന്നാണ് ഇവരുടെ ആരോപണം. വരും ദിവസങ്ങളില്‍ വിവാദം കൂടുതല്‍ ശക്തിപ്പെട്ടേക്കാം എന്നത് മുന്നില്‍കണ്ടാണ് വിജിലന്‍സ് അന്വേഷണത്തിനായുള്ള തീരുമാനം സർക്കാർ കൈക്കൊണ്ടത്.
അതേസമയം, പദ്ധതികളുടെ പേരിൽ വകയിരുത്തിയ പണം തട്ടിയ കേസില്‍ വട്ടിയൂര്‍ക്കാവ് എംഎല്‍എ വി കെ പ്രശാന്തിനെതിരെ ബിജെപി നേതാവ് വിവി രാജേഷ് രംഗത്ത് വന്നു. വികെ പ്രശാന്ത് നഗരസഭ മേയര്‍ ആയിരുന്ന കാലത്താണ് എസ്സി-എസ്ടി ഫണ്ട് തട്ടിപ്പ് നടക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വി കെ പ്രശാന്തിനെതിരെ വിവി രാജേഷ് രംഗത്തെത്തിയത്.
2016 മുതലാണ് ഈ തട്ടിപ്പ് വ്യാപകമായതെന്നും എസ്സി പ്രമോട്ടര്‍മാരുടെ താത്കാലിക തസ്തികയിലേയ്ക്ക് 2018 ല്‍ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ തീരുമാന പ്രകാരം നഗരസഭയില്‍ ചില സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കയറിക്കൂടിയെന്നും അദ്ദേഹം പറയുന്നു. ഈ കാലത്ത് നഗരസഭ മേയര്‍ വി കെ പ്രശാന്തായിരുന്നു. എസ് സി കുടുംബങ്ങളുടെ പേരില്‍ വ്യാജ അപേക്ഷകള്‍ കൊടുത്ത ശേഷം സി പി എം കാരായ ഉദ്യോഗസ്ഥരുടെയും, ഭരണ നേതൃത്വത്തിന്റെയും സഹായത്തോടെ വിവിധ ആവശ്യങ്ങര്‍ക്കായി ലക്ഷക്കണക്കിന് രൂപ അനുവദിച്ചെന്ന് വിവി രാജേഷ് ആരോപിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.