തിരുവനന്തപുരം: കേന്ദ്രം അനുമതി നിഷേധിച്ചതോടെ യുഎഇ സന്ദർശനം റദ്ദാക്കി മുഖ്യമന്ത്രി. അബുദാബി സർക്കാർ സംഘടിപ്പിക്കുന്ന നിക്ഷേപക സംഗമത്തിലും വിവിധ സംഘടനകളുടെ പരിപാടികളിലും പങ്കെടുക്കുന്നതിന് യുഎഇ സർക്കാരിന്റെ ക്ഷണ പ്രകാരമാണ് മുഖ്യമന്ത്രി പോകാൻ തീരുമാനിച്ചത്.
എന്നാൽ ഇത്തരം സംഗമത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കേണ്ട കാര്യമില്ലെന്നും പകരം ഔദ്യോഗിക സംഘത്തെ അയച്ചാൽ മതി എന്നുമാണ് വിദേശകാര്യ മന്ത്രാലയം സംസ്ഥാന സർക്കാരിനെ അറിയിച്ചിരിക്കുന്നത്. മന്ത്രിമാരായ പി.രാജീവ്, പി.എ.മുഹമ്മദ് റിയാസ്, ചീഫ് സെക്രട്ടറി വി.പി.ജോയി എന്നിവർ അടങ്ങുന്ന 9 അംഗ സംഘമാണ് ഏഴിനു പോകാൻ ആയിരുന്നു ആലോചന.
Also Read-ലൈഫ് മിഷന്‍ ഭവന പദ്ധതി; 20,073 വീടുകളുടെ താക്കോല്‍ ഇന്ന് കൈമാറും
മെയ് ഏഴിന് വൈകിട്ട് അബുദാബിയിലും പത്തിന് ദുബായിലുമായിരുന്നു പരിപാടികൾ. മെയ് ഏഴിന് അബുദാബി നാഷനല്‍ തിയറ്ററില്‍ മുഖ്യമന്ത്രി പ്രവാസ സമൂഹത്തെ അഭിസംബോധന ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്. ദുബായ് അല്‍ നാസര്‍ ലിഷര്‍ ലാന്‍ഡിലായിരുന്നു സ്വീകരണം നിശ്ചയിച്ചിരുന്നത്.
യുഎഇ മന്ത്രി ഡോ.താനി അഹമ്മദ് അൽ സെയൂദിയാണ് മുഖ്യമന്ത്രിയെ ക്ഷണിച്ചത്. വിദേശ രാജ്യങ്ങൾ നേരിട്ടു മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ക്ഷണിക്കുന്നതിന്റെ അനൗചിത്യവും അനുമതി നിഷേിക്കാന്‍ കാരണമായി. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും അസാന്നിധ്യത്തിൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം സംഗമത്തിൽ പങ്കെടുക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cm pinarayi vijayan, Uae