• HOME
  • »
  • NEWS
  • »
  • kerala
  • »
  • Pinarayi Vijayan | രണ്ടാമൂഴത്തിൽ എംടിയ്ക്ക് പിറന്നാള്‍ ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

Pinarayi Vijayan | രണ്ടാമൂഴത്തിൽ എംടിയ്ക്ക് പിറന്നാള്‍ ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

കോഴിക്കോട് കൊട്ടാരം റോഡിലെ എംടിയുടെ വസതിയായ സിതാരയില്‍ എത്തിയാണ് മുഖ്യമന്ത്രി പ്രിയ എഴുത്തുകാരന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചത്

  • Share this:
    മലയാളത്തിന്‍റെ പ്രിയ സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായര്‍ക്ക് പിറന്നാള്‍ ആശംസകളുമായി നേരിട്ടെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍.  വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കോഴിക്കോട് കൊട്ടാരം റോഡിലെ എംടിയുടെ വസതിയായ സിതാരയില്‍ എത്തിയാണ് മുഖ്യമന്ത്രി പ്രിയ എഴുത്തുകാരന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചത്.  പൂച്ചെണ്ട് സമ്മാനിച്ചതിനൊപ്പം പിറന്നാള്‍ സമ്മാനമായി ഷാളും എംടിയെ മുഖ്യമന്ത്രി അണിയിച്ചു. കാല്‍ മണിക്കൂറോളം നീണ്ട സൗഹൃദ സംഭാഷണത്തിന്‌ ശേഷമാണ്‌ മുഖ്യമന്ത്രി മടങ്ങിയത്‌.



    ഇക്കഴിഞ്ഞ ജൂലൈ 15നാണ് അദ്ദേഹം തന്‍റെ 89-ാം പിറന്നാള്‍ ആഘോഷിച്ചത്. എംടിയുടെ തിരക്കഥയിൽ പ്രിയദർശൻ സംവിധാനം ചെയ്യുന്ന 'ഓളവും തീരവും'  സിനിമയുടെ തൊടുപുഴയിലെ ലൊക്കേഷനിലായിരുന്നു എം.ടിയുടെ 89-ാം പിറന്നാളാഘോഷം നടന്നത്.

    കേക്ക് മുറിച്ചതിനുശേഷം എം.ടി. ഷൂട്ടിങ് സംഘത്തിനൊപ്പം പിറന്നാൾ സദ്യയും കഴിച്ചു. അദ്ദേഹത്തിന്റെ 10 കഥകളാണ് ഒരുമിച്ചു സിനിമയാകുന്നത്. എം.ടിയുടെ  മകള്‍ അശ്വതി വി. നായര്‍ ഇതിൽ ഒരു ചിത്രം സംവിധാനം ചെയ്യും. എംടിയുടെ ‘വില്‍പ്പന’ എന്ന കഥയാണ് അശ്വതി സംവിധാനം ചെയ്യുന്നത്. ആസിഫ് അലിയും മധുബാലയുമാണ് ഈ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

    എം.ടിയുടെ കഥകളെ ആസ്പദമാക്കി നെറ്റ്ഫ്‌ലിക്‌സിനുവേണ്ടി ഒരുക്കുന്ന ആന്തോളജി ചലച്ചിത്രത്തിലെ ഒരു ചിത്രമാണ് ആന്തോളജിയുടെ ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ ചുമതലയും കൂടിയുള്ള അശ്വതി സംവിധാനം ചെയ്യുന്നത്. ഈ സിനിമയുടെ ചിത്രീകരണം ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്
    എം.ടിയുടെ പത്ത് കഥകളുടെ ചലച്ചിത്രാവിഷ്‌കാരമായ ആന്തോളജിയില്‍ പ്രിയദര്‍ശന്‍, സന്തോഷ് ശിവന്‍ , ശ്യാമപ്രസാദ് , ജയരാജ്, മഹേഷ് നാരായണന്‍, ലിജോ ജോസ് പെല്ലിശ്ശേരി, രതീഷ് അമ്പാട്ട് തുടങ്ങിയ പ്രമുഖ സംവിധായകരും അണിനിരക്കുന്നു.

    ഫഹദ് ഫാസിലിനെ നായകനാക്കി ‘ഷെര്‍ലക്ക്’ എന്ന കഥയാണ് മഹേഷ് നാരായണന്‍ സിനിമയാക്കുന്നത്. ‘കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ്’ എന്ന കഥയ്ക്കാണ് ലിജോ ജോസ് പെല്ലിശ്ശേരി ദൃശ്യഭാഷ്യം ഒരുക്കുന്നത് . മമ്മൂട്ടിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രിയദര്‍ശന്‍ രണ്ട് ചിത്രങ്ങളാണ് സംവിധാനം ചെയ്യുന്നത്.

    ‘ശിലാലിഖിതം’ എന്ന കഥയില്‍ ബിജു മേനോനാണ് നായകന്‍. മറ്റൊന്ന് എം.ടിയുടെ തിരക്കഥയില്‍ പി.എന്‍. മേനോന്‍ സംവിധാനം ചെയ്ത ‘ഓളവും തീരവും’ എന്ന സിനിമയുടെ റീമേക്ക് ആണ്. മോഹന്‍ലാലാണ് ഇതില്‍ നായകന്‍.

    സന്തോഷ് ശിവന്‍ ചലച്ചിത്രമാക്കുന്നത് ‘അഭയം തേടി’ എന്ന കഥയാണ്. സിദ്ദിഖ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കും. പാര്‍വ്വതി, നരെയ്ന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ‘കാഴ്ച’ എന്ന കഥയാണ് ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്നത്. ജയരാജിന്റെ ‘സ്വര്‍ഗ്ഗം തുറക്കുന്ന സമയ’ത്തില്‍ നെടുമുടി വേണു, ഇന്ദ്രന്‍സ്, സുരഭി ലക്ഷ്മി എന്നിവര്‍ക്കൊപ്പം ഉണ്ണി മുകുന്ദനും എത്തുന്നു. രതീഷ് അമ്പാട്ടിന്റെ ‘കടല്‍ക്കാറ്റി’ല്‍ ഇന്ദ്രജിത്ത്, അപര്‍ണ്ണ ബാലമുരളി, ആന്‍ അഗസ്റ്റിന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.
    Published by:Arun krishna
    First published: