പാലക്കാട്: ആശുപത്രി ഉദ്ഘാടന ചടങ്ങില്‍ നടന് മോഹന്‍ലാലിനെ ആര്‍പ്പുവിളികളോടെ ആരാധകര്‍ വരവേറ്റതിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. നെന്മാറയിലെ അവൈറ്റിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ഉദ്ഘാടനച്ചടങ്ങിലായിരുന്നു സംഭവം. ആരാധകരുടെ ആര്‍പ്പുവിളി തുടര്‍ന്നതോടെ വേദിയിലുണ്ടായിരുന്ന മുഖ്യമന്ത്രി അസ്വസ്ഥനായി. തുടര്‍ന്ന് നടത്തിയ പ്രസംഗത്തില്‍ ആരാധകരെ മുഖ്യമന്ത്രി പരസ്യമായി വിമര്‍ശിക്കുകയും ചെയ്തു.
മുഖ്യമന്ത്രിയും മോഹന്‍ലാലും ഒരുമിച്ചാണ് ഉദ്ഘാടന വേദിയിലെത്തിയത്. നടനെ കണ്ടതോടെ ആരാധകരുടെ ആവേശം അണപൊട്ടി. കൈയ്യടിച്ചും ആര്‍പ്പുവിളിച്ചും അവര്‍ സന്തോഷം പ്രകടിപ്പിച്ചുകൊണ്ടേയിരുന്നു. മുഖ്യമന്ത്രി പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോഴും ആര്‍പ്പുവിളി ഉയര്‍ന്നു. ഇതാണ് അദ്ദേഹത്തെ അസ്വസ്ഥനാക്കിയത്.
'ആര്‍പ്പുവിളികള്‍ പ്രായത്തിന്റെ പ്രശ്നമാണ്. അത് സാധാരണ ഉണ്ടാകുന്നതാണ്. ഒച്ചയിടുന്നവര്‍ക്ക് അതുമാത്രമേ കാര്യമുള്ളൂ. മറ്റു ലോകം കാണുന്നില്ല. അവര്‍ തങ്ങളുടേതായ ചെറിയ വൃത്തത്തിലൊതുങ്ങി നില്‍ക്കുകയാണ്. - ഇതായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.
ആരോഗ്യമേഖലയെപ്പറ്റി കൂടുതല്‍ പറയണമെന്നുണ്ടായിരുന്നു. എപ്പോഴാണ് ഒച്ചയുണ്ടാകുന്നതെന്ന് പറയാനാവില്ല. അതുകൊണ്ട് കൂടുതല്‍ സംസാരിക്കുന്നില്ലെന്നു പറഞ്ഞ മുഖ്യമന്ത്രി വേഗത്തില്‍ പ്രസംഗം അവസാനിപ്പിക്കുകയും ചെയ്തു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.