കണ്ണൂർ: ചില ദേശാടനക്കിളികൾക്ക് കേരളം ഇഷ്ടഭൂമിയായി മാറിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മരുഭൂമിയിൽ നിന്നുള്ള ദേശാടനപ്പക്ഷിയാണ് ഇടയ്ക്കിടെ കേരളത്തിലെത്തുന്നത്. അത് നമ്മളെയെല്ലാം അസ്വസ്ഥമാക്കുന്നതോ, ഭയചകിതരാക്കുന്നതോ ആണ്. എന്ത് ആപത്താണ് ഈ നാടിന് വരാനിരിക്കുന്നതെന്ന് അറിയില്ലെന്നും പിണറായി പറഞ്ഞു. കണ്ണൂരിൽ നടന്ന ജൈവവൈവിധ്യ കോൺഗ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
'നമ്മുടെ നാട്ടില്‍ ചില ദേശാടനപക്ഷികള്‍ ഇടക്കിടെ വരാറുണ്ടല്ലോ ഇപ്പോള്‍ ഒരു ദേശാടനപക്ഷിയ്ക്ക് നമ്മുടെ നാട് ഇഷ്ടഭൂമിയായി മാറിയിട്ടുണ്ട്. അത് നമ്മെയെല്ലാം അസ്വസ്ഥമാക്കുന്ന ഒന്നാണ്. കുറച്ച് ഭയചകിതരുമാവും. അത് മരുഭൂമികളില്‍ മാത്രം കണ്ടുവരുന്ന ദേശാടന പക്ഷികളാണ്. മരുഭൂമികളില്‍ മാത്രം കാണുന്ന ദേശാടനപക്ഷികള്‍ക്ക് നമ്മുടെ നാട് അവരുടെ ഒരു ഇഷ്ടഭൂമിയായി മാറിയിരിക്കുകയാണ്. ഇനി എന്ത് ആപത്താണ് വരാന്‍ പോകുന്നത് എന്നാണ് നാം ചിന്തിക്കേണ്ടത്'- പിണറായി പറഞ്ഞു.
ജൈവവൈവിധ്യ പരിപാലനം വളരെ പ്രധാന്യമർഹിക്കുന്ന സമയമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം വളരെയേറെ ഗൗരവമായി കാണുന്നു. കേരളം ഭിന്നകാലാവസ്ഥാ പ്രദേശമായി മാറിക്കൊണ്ടിരിക്കുകയാണ്. പഴയ കാലാവസ്ഥക്ക് വലിയ മാറ്റം വന്നു. നാട്ടിലേക്ക് സൂക്ഷിച്ചുനോക്കിയാൽ കാലാവസ്ഥാമാറ്റം എങ്ങനെയെല്ലാം പ്രതിഫലിക്കുന്നുവെന്ന് കാണാൻ കഴിയും. ഒരു ദേശാടന പക്ഷിക്ക് നമ്മുടെ നാട് ഇഷ്ടമായി മാറി. മറ്റൊന്ന് റോസി പാസ്റ്റർ എന്ന പക്ഷിയാണ്. വടക്കേ ഇന്ത്യയിലെ ചൂടേറിയ സ്ഥലങ്ങളിൽ മാത്രമാണ് ഇവ കാണപ്പെടുന്നത്. ഇപ്പോൾ കോട്ടയം തിരുനക്കര ഭാഗങ്ങളിൽ ഇവ ധാരാളമായി കാണുന്നു. ഇവയെല്ലാം വലിയ മുന്നറിയിപ്പാണ് നൽകുന്നത്- മുഖ്യമന്ത്രി പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.