• HOME
  • »
  • NEWS
  • »
  • kerala
  • »
  • ജപ്പാൻ, കൊറിയ സന്ദർശനത്തിനായി മുഖ്യമന്ത്രി നാളെ യാത്ര തിരിക്കും; ഒപ്പം മന്ത്രിമാരായ ഇ പി ജയരാജനും എ കെ ശശീന്ദ്രനും

ജപ്പാൻ, കൊറിയ സന്ദർശനത്തിനായി മുഖ്യമന്ത്രി നാളെ യാത്ര തിരിക്കും; ഒപ്പം മന്ത്രിമാരായ ഇ പി ജയരാജനും എ കെ ശശീന്ദ്രനും

നവംബര്‍ 24 മുതല്‍ 30 വരെ ജപ്പാനിലും ഡിസംബര്‍ 1 മുതല്‍ 4 വരെ കൊറിയയിലുമാണ് പരിപാടികള്‍. മന്ത്രിമാരുമായും കമ്പനി മേധാവികളുമായും ചർച്ച നടത്തും

പിണറായി വിജയൻ

പിണറായി വിജയൻ

  • Share this:
    തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയെന്റെ ജപ്പാൻ,
    കൊറിയ സന്ദർശനത്തിന് നാളെ തുടക്കം. വ്യവസായം, ടൂറിസം, വിദ്യാഭ്യാസം, ഫിഷറീസ് മേഖലകളിലെ സാമ്പത്തിക-സാങ്കേതിക-വിജ്ഞാന സഹകരണം ലക്ഷ്യമിട്ടാണ് യാത്ര.

    നവംബര്‍ 24 മുതല്‍ 30 വരെ ജപ്പാനിലും ഡിസംബര്‍ 1 മുതല്‍ 4 വരെ കൊറിയയിലുമാണ് പരിപാടികള്‍. 23ന് ശനിയാഴ്ച മുഖ്യമന്ത്രി ജപ്പാനിലേക്ക് യാത്രതിരിക്കും. വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍, ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍, ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. വി.കെ. രാമചന്ദ്രന്‍, ചീഫ് സെക്രട്ടറി ടോം ജോസ് തുടങ്ങിയവര്‍ മുഖ്യമന്ത്രിയോടൊപ്പമുണ്ടാകും.

     

    ഒസാക്കയിലും ടോക്യോയിലും നിക്ഷേപ സെമിനാറുകളില്‍ മുഖ്യമന്ത്രി പങ്കെടുക്കും. ജപ്പാന്‍ മന്ത്രിമാരുമായും കൂടിക്കാഴ്ചകളുണ്ട്. ഒസാക്ക സര്‍വകലാശാല, ഷൊനാന്‍ ഗവേഷണ കേന്ദ്രം, സകെമിനാറ്റോ തുറമുഖം, സാനിന്‍ മേഖലയിലെ മാലിന്യ സംസ്ക്കരണ പ്ലാന്‍റ് എന്നിവ മുഖ്യമന്ത്രി സന്ദര്‍ശിക്കും. ജപ്പാന്‍ ഇന്‍റര്‍നാഷണല്‍ കോര്‍പ്പറേഷന്‍ ഏജന്‍സി (ജൈക്ക), നിസ്സാന്‍, തോഷിബ, ടൊയോട്ട എന്നിവയുടെ സാരഥികളുമായും ഷിമെയ്ന്‍ ഗവര്‍ണറുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തുന്നുണ്ട്. ജപ്പാനിലെ മലയാളി സമൂഹം സംഘടിപ്പിക്കുന്ന യോഗങ്ങളിലും മുഖ്യമന്ത്രി പങ്കെടുക്കും.

    കൊറിയയില്‍ കൊറിയ ട്രേഡ് ഇന്‍വെസ്റ്റ്മെന്‍റ് പ്രോമോഷന്‍ ഏജന്‍സിയുമായി മുഖ്യമന്ത്രി ചര്‍ച്ച നിശ്ചയിച്ചിട്ടുണ്ട്. കൊറിയയിലെ ഇന്ത്യന്‍ ചേംബര്‍ ഒഫ് കൊമേഴ്സുമായി സഹകരിച്ച്
    കേരളത്തില്‍ നിക്ഷേപിക്കുക എന്ന ബാനറില്‍ സോളില്‍ കേരളത്തിന്‍റെ നിക്ഷേപ സാധ്യതകള്‍ അവതരിപ്പിക്കുന്ന റോഡ് ഷോയും മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന്‍റെ ഭാഗമായുണ്ട്.

    എല്‍ജി, സാംസങ്, ഹ്യുണ്ടായ് എന്നീ ആഗോള കമ്പനികളുടെ തലവന്മാരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും. കേരളത്തിന്‍റെ ആയുര്‍വേദം ടൂറിസത്തിന്‍റെ ഭാഗമായി പ്രയോജനപ്പെടുത്താനുള്ള ചര്‍ച്ചകളും നിശ്ചയിച്ചിട്ടുണ്ട്. കൊറിയയുടെ സാംസ്കാരിക - സ്പോര്‍ട്സ് - ടൂറിസം മന്ത്രാലയത്തിന്‍റെ പ്രതിനിധികളുമായും മുഖ്യമന്ത്രി സംസാരിക്കും. കൊറിയയിലും മാലിന്യ സംസ്കരണ പ്ലാന്‍റുകള്‍ സന്ദര്‍ശിക്കും. ബുസാനിലെ കൊറിയ മാരിട്ടൈം ആന്‍റ് ഓഷ്യന്‍ യൂണിവേഴ്സിറ്റി ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങളും മുഖ്യമന്ത്രി സന്ദര്‍ശിക്കും.
    First published: