• News
 • Mission Paani
 • Sports
 • Films
 • Gulf
 • Life
 • Career
 • Crime
 • Photos
 • Video
 • Buzz
 • Live TV

പൊലീസിൽ മേലുദ്യോഗസ്ഥരും കീഴുദ്യോഗസ്ഥരും തമ്മിലുള്ള ബന്ധം ആരോഗ്യകരമായിരിക്കണം: മുഖ്യമന്ത്രി

സേനാംഗങ്ങള്‍ക്കിടയിലെ ആത്മഹത്യാപ്രവണത തടയുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ച ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

News18 Malayalam
Updated: September 5, 2019, 8:05 PM IST
പൊലീസിൽ മേലുദ്യോഗസ്ഥരും കീഴുദ്യോഗസ്ഥരും തമ്മിലുള്ള ബന്ധം ആരോഗ്യകരമായിരിക്കണം: മുഖ്യമന്ത്രി
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന പൊലീസ് ഉന്നതതല യോഗം.
 • Share this:
തിരുവനന്തപുരം:  പൊലീസ് സേനാംഗങ്ങള്‍ക്കിടയിലെ വര്‍ധിച്ചുവരുന്ന മാനസിക സംഘര്‍ഷവും അതുമൂലമുള്ള ആത്മഹത്യാ പ്രവണതയും തടയുന്നതിന് സേനയില്‍ കൂടുതല്‍ സൗഹാര്‍ദപരമായ അന്തരീക്ഷം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

സേനാംഗങ്ങളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി ഇടപെടാന്‍ മേലുദ്യോഗസ്ഥര്‍ പ്രത്യേകം ശ്രദ്ധിക്കണം. എല്ലാ കാര്യങ്ങളിലും പ്രൊഫഷണല്‍ സമീപനം ആവശ്യമാണ്. നല്ല കൂട്ടായ്മയും സൗഹൃദാന്തരീക്ഷവും ഉണ്ടെങ്കില്‍ വ്യക്തിപരമായ പ്രശ്‌നങ്ങള്‍ പോലും പരിഹരിക്കാന്‍ കഴിയും. സേനാംഗങ്ങള്‍ക്കിടയിലെ ആത്മഹത്യാപ്രവണത തടയുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ച ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മേലുദ്യോഗസ്ഥരും കീഴുദ്യോഗസ്ഥരും തമ്മിലുള്ള ബന്ധവും ആരോഗ്യകരമായിരിക്കണം. മോശമായ പെരുമാറ്റം ഒരുഭാഗത്തുനിന്നും ഉണ്ടാകാന്‍ പാടില്ല. ചുമതലയില്‍ വീഴ്ച വരുമ്പോള്‍ സ്വാഭാവികമായും മേലുദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും പ്രതികരണമുണ്ടാകും. അക്കാര്യത്തില്‍ വിട്ടുവീഴ്ചയൊന്നും ചെയ്യേണ്ടതില്ല. എന്നാല്‍ സേനാംഗങ്ങളുടെ വ്യക്തിപരമോ കുടുംബപരമോ ആയ പ്രശ്‌നങ്ങള്‍ ജില്ലാ പൊലീസ് മേധാവിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്ന് പരിഹരിക്കാന്‍ ശ്രമിക്കണം.

ജില്ലാ പോലീസ് മേധാവിയും മുകളിലുള്ള ഉദ്യോഗസ്ഥരും തമ്മില്‍ കൃത്യമായ ആശയവിനിമയം ഉണ്ടാകണം. സേനയില്‍ ചേരുന്നവര്‍ക്ക് അവരുടെ ചുമതലകളെപ്പറ്റി നല്ല ബോധമുണ്ടാകണം. ഉത്തരവാദിത്വം വളരെ വലുതാണെന്ന് അവര്‍ മനസ്സിലാക്കണം. കുടുംബത്തെ വിട്ട് ജോലി ചെയ്യേണ്ട സാഹചര്യം എപ്പോഴും ഉണ്ടാകാം. ഇതൊക്കെ മാനസിക സംഘര്‍ഷത്തിലേക്ക് പോകാതിരിക്കാന്‍ മേലുദ്യോഗസ്ഥര്‍ ശ്രദ്ധിക്കണം.

സേനാംഗങ്ങള്‍ക്കെതിരെ ആരോപണം ഉണ്ടായാല്‍ അത് സംബന്ധിച്ച അന്വേഷണം അനന്തമായി നീണ്ടുപോകരുത്. പോലീസിനെതിരെ ഉയരുന്ന ആക്ഷേപങ്ങളില്‍ കഴമ്പുണ്ടെങ്കില്‍ മാത്രമേ സര്‍ക്കാര്‍ ചെവി കൊടുക്കു. ഇക്കാര്യം നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. അര്‍ഹതപ്പെട്ട പ്രൊമോഷന്‍ കൃത്യസമയത്ത് നല്‍കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണം. അര്‍ഹത നേടിയെടുക്കാന്‍ കോടതിയില്‍ പോകേണ്ട സ്ഥിതിയുണ്ടാകരുത്.

സേനയില്‍ കൗണ്‍സലിങ്ങിന് കൂടുതല്‍ ഫലപ്രദമായ സംവിധാനം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. കുടുംബാംഗങ്ങള്‍ക്കു കൂടി ഏതവസരത്തിലും കൗണ്‍സലിങ്ങ് സെന്ററില്‍ ബന്ധപ്പെടാന്‍ കഴിയണം.

Loading...

സ്റ്റേഷനുകളിലെ പൊതു അന്തരീക്ഷം മെച്ചപ്പെടുത്തുന്നത് പോലീസുകാരുടെ മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിന് സഹായകമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

യോഗത്തില്‍ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്‌റ, ഫയര്‍ ഫോഴ്‌സ് ഡയറക്ടര്‍ ജനറല്‍ എ. ഹേമചന്ദ്രന്‍, എഡിജിപിമാരായ ആര്‍. ശ്രീലേഖ, ബി. സന്ധ്യ, ദര്‍വേഷ് സാഹബ് തുടങ്ങിയ ഉയര്‍ന്ന ഉദ്യോഗസ്ഥരും കേരള പോലീസ് അസോസിയേഷന്‍, കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍, കേരള പോലീസ് സര്‍വ്വീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍, ഐപിഎസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ എന്നിവയുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.

Also Read സി.പി.എം ഏരിയാ സെക്രട്ടറി എസ്.ഐയെ ഭീഷണിപ്പെടുത്തിയ സംഭവം; വിശദീകരണം തേടി ഹൈക്കോടതി

First published: September 5, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...