കൊച്ചി: കുമ്പളങ്ങി ചെല്ലാനത്ത് ദുരിതം അനുഭവിക്കുന്നവർക്ക് പൊലീസ് നൽകിയ ഭക്ഷണ പൊതിയിൽ 100 രൂപ വച്ച കുമ്പളങ്ങി സ്വദേശി മേരിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മേരി കാട്ടിയത് മാതൃകയാണെന്നും ഇത് ഏവർക്കും പ്രചോദമാകട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.
"തനിക്ക് തൊഴിലുറപ്പിലൂടെ ലഭിച്ച 100 രൂപ വച്ച് കുമ്പളങ്ങി സ്വദേശി
മേരി കാട്ടിയത് മാതൃക. കഷ്ടപ്പാട് അനുഭവിക്കുന്നവർക്കായി തന്‍റെ അധ്വാനത്തിന്‍റെ പങ്ക് മാറ്റിവച്ചു. ഇത് ഏവർക്കും പ്രചോദനമാകട്ടെ" മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ചെല്ലാനത്ത് വിതരണം ചെയ്ത പൊതിച്ചോറിലൊന്നിൽ നൂറു രൂപ കൂടി കരുതി വെച്ച
മേരിയെ തേടി അഭിനന്ദനങ്ങളുടെ പ്രവാഹമായിരുന്നു. തൊഴിലുറപ്പിന് പോയി കിട്ടിയ പണത്തിൽ നിന്നും നൂറ് രൂപയും ചേര്‍ത്തായിരുന്നു മേരി ഭക്ഷണപ്പൊതി തയ്യാറാക്കിയത്. കോവിഡ് വ്യാപനത്തിന് പിന്നാലെ മേരിയുടെ ഭര്‍ത്താവിനും ജോലിയില്ലാത്ത സ്ഥിതിയായിരുന്നു. ഈ അവസ്ഥയിലും സമാന നിലയിലുള്ള വീടുകളിലേക്ക് തന്നെക്കൊണ്ട് കഴിയുന്ന ചെറിയ സഹായമെത്തിക്കാന്‍ ശ്രമിച്ച മേരി ഇതിനോടകം സോഷ്യൽ മീഡിയയിലെ താരമായി മാറിയിരുന്നു.
രണ്ട് ദിവസം മുമ്പാണ് കണ്ണമ്മാലി ഇന്‍സ്പെക്ടര്‍ പിഎസ് ഷിജുവിന്‍റെ നിർദ്ദേശപ്രകാരം കുമ്പളങ്ങിയിലും പരിസര പ്രദേശങ്ങളിലും നിന്ന് ഭക്ഷണ പൊതികൾ എത്തിച്ചത്. ഈ പൊതികളിലൊന്നിലായിരുന്നു മേരിയുടെ നൂറിന്റെ കരുതൽ ഉണ്ടായിരുന്നത്. മേരിയോടുള്ള ആദരവ് പ്രകടിപ്പിക്കാൻ കണ്ണമാലി സ്റ്റേഷൻ ഒന്നടങ്കം എത്തി. സി ഐ ഷിജു മേരിക്ക് ഉപഹാരം സമ്മാനിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.