തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിന്റെ പേരിൽ തിരുവനന്തപുരം ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ്പിനെതിരായ കേസ് പിൻവലിക്കില്ലെന്ന് മുഖ്യമന്ത്രി. ഹൈക്കോടതി വിധി ലംഘിച്ച് നടന്ന സംഭവങ്ങളിൽ ക്രമസമാധാന പാലനത്തിന്റെ ഭാഗമായാണ് പോലീസ് നടപടികൾ സ്വീകരിച്ചതെന്നും കേസുകൾ അന്വേഷണാവസ്ഥയിലാണെന്നും മുഖ്യമന്ത്രി നിയമസഭയെ രേഖാമൂലം അറിയിച്ചു. സംഭവസ്ഥലത്ത് ഇല്ലാതിരുന്ന ബിഷപ്പിനെതിരെ കേസെടുത്തത് ഒഴിവാക്കാൻ ആകുമോ എന്ന അനൂപ് ജേക്കബിന്റെ ചോദ്യത്തിന് ആയിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
തുറമുഖത്തിന് എതിരെ സമരം ചെയ്യുന്നവർക്ക് എതിരേ ഒമ്പത് കേസും, ജനകീയ സമര സമിതിക്ക് എതിരേ ഒരു കേസുമാണ് എടുത്തത്. ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോയും സഹായമെത്രാൻ അടക്കം അമ്പതോളം വൈദികരും പ്രതിപ്പട്ടികയിൽ ഉണ്ട്.
വിഴിഞ്ഞം സമരം അവസാനിപ്പിച്ചത് താത്കാലികമാണെന്ന് കഴിഞ്ഞ ദിവസം ലത്തീൻ അതിരൂപത വ്യക്തമാക്കിയിരുന്നു. തുടർച്ചയായ രണ്ടു ദിവസങ്ങളിൽ വിഴിഞ്ഞത്തുണ്ടായ അനിഷ്ടസംഭവങ്ങളുടെ പശ്ചാത്തലത്തിൽ സമാധാനാന്തരീക്ഷം നിലനിർത്താനാണ് പ്രതിഷേധം നിർത്തിയതെന്നയാരുന്നു അതിരൂപത കഴിഞ്ഞ ദിവസം പറഞ്ഞത്. ഞായറാഴ്ച ലത്തീൻ അതിരൂപതയുടെ പള്ളികളിൽ വായിച്ച ഇടയലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നവംബർ 26, 27 തീയതികളിലായി മുല്ലൂർ, വിഴിഞ്ഞം പ്രദേശങ്ങളിലുണ്ടായ അനിഷ്ടസംഭവങ്ങളിൽ തദ്ദേശീയരും പോലീസുമുൾപ്പെടെ നൂറിലധികം പേർക്ക് പരിക്കേറ്റു. ഇതോടെ സമരം തുടരുന്നത് കൂടുതൽ അനിഷ്ടസംഭവങ്ങൾക്കു കാരണമാകുമെന്ന് സമരസമിതിക്ക് ആശങ്കയുണ്ടായി. സമാധാനാന്തരീക്ഷം നിലനിർത്തുന്നതിനാണ് തത്കാലം സമരം നിർത്തിവയ്ക്കാനുള്ള തീരുമാനത്തിലേക്കെത്തിയതെന്നാണ് ഇടയലേഖനത്തിൽ പറയുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.