തിരുവനന്തപുരം: സ്ത്രീധന പീഡന പരാതികൾ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക കോടതികൾ ആരംഭിക്കുന്നത് സർക്കാരിന്റെ പരിഗണനയിലെന്ന് മുഖ്യമന്ത്രി. ഇത്തരം കേസിൽ ഉൾപ്പെടുന്ന കുറ്റവാളികൾക്ക് വേഗത്തിൽ ശിക്ഷ ഉറപ്പുവരുത്തുക എന്നതാണ് സർക്കാർ ലക്ഷ്യം. പെൺകുട്ടികളുടെ ജീവിതം ഹോമിക്കപ്പെടുന്ന അവസ്ഥ ഇനി ഉണ്ടായിക്കൂടാ. സ്ത്രീകളുടെ പരാതി കൈകാര്യം ചെയ്യുന്നതിൽ പോലീസ് കൂടുതൽ കാര്യക്ഷമമാക്കണം. ഒറ്റ ഫോൺകോളിൽ പരാതിക്കാരുടെ അടുത്ത് പോലീസ് എത്തണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. പുതിയ പോലീസ് സ്റ്റേഷനിൽ കെട്ടിടങ്ങളുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ നിർദ്ദേശം.
പോലീസ് കൂടുതൽ ജാഗ്രത പാലിക്കണം
സ്ത്രീധന പീഡന പരാതികൾ കൂടുതലായി ഉയരുന്ന പശ്ചാത്തലത്തിൽ പോലീസ് കൂടുതൽ കാര്യക്ഷമം ആകണമെന്നാണ് മുഖ്യമന്ത്രിയുടെ നിർദേശം. സ്ത്രീധനം ഒരു സാമൂഹിക വിപത്താണ്. പെൺകുട്ടികളുടെ ജീവിതം ഹോമിക്കപ്പെടുന്ന അവസ്ഥ ഇനിയും ഉണ്ടാകരുത്. അടുത്തിടെ നടന്ന സംഭവങ്ങൾ സമൂഹത്തിനാകെ നാണക്കേടാണ്. ഏതു പരാതിയിലും നീതിയുടെയും ന്യായത്തിന്റെയും പക്ഷത്താണ് പോലീസ് എന്ന് ഉറപ്പു വരുത്തണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.
സ്ത്രീകളുടെ പരാതികൾ കൈകാര്യം ചെയ്യാൻ പ്രത്യേക നിർദ്ദേശങ്ങൾ നേരത്തെതന്നെ ഉണ്ടായിരുന്നെങ്കിലും ഇത് കാര്യക്ഷമം ആയിരുന്നുവെന്നാണ് സർക്കാറിന്റെ വിലയിരുത്തൽ. അടുത്തിടെ ഉണ്ടായ പല സംഭവങ്ങളിലും ആദ്യഘട്ടത്തിൽ പരാതിയിൽ നടപടിയെടുക്കാൻ പോലീസിന് വീഴ്ച പറ്റിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പോലീസ് ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി ഓർമ്മപ്പെടുത്തിയത്. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം കേസുകളിൽ നിയമനടപടികളും വൈകുന്നു. കോടതി നടപടികളിൽ വൈകുന്നതു മൂലമാണ് പ്രത്യേക കോടതി സർക്കാർ പരിഗണിക്കുന്നത്.
അപരാജിത ഓൺലൈൻ
സ്ത്രീകളുടെ പരാതികൾ പ്രത്യേകം പരിഗണിക്കുന്നതിനുള്ള സംവിധാനം നേരത്തെതന്നെ സംസ്ഥാന പോലീസ് നടപ്പിലാക്കിയിരുന്നു. ഗാർഹികപീഡനം അനുഭവിക്കുന്നവർക്ക് പോലീസിനെ ഉടനടി വിളിക്കാൻ ഹെൽപ്പ്ലൈൻ നമ്പറുകളും സജ്ജമായിട്ടുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന സംസ്ഥാന പോലീസ് മേധാവിയുടെ കൺട്രോൾ റൂമും ഇതിനുപുറമേയുണ്ട്. ഗാർഹിക പീഡനം അനുഭവിക്കുന്നവർക്ക് എസ് പി മാരെ വിളിക്കാനും വേറെ പദ്ധതിയുണ്ട്. ആഴ്ചയിലൊരു ദിവസം ജില്ലാ പോലീസ് മേധാവികൾ നേരിട്ട് പരാതി സ്വീകരിക്കും.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.