• HOME
 • »
 • NEWS
 • »
 • kerala
 • »
 • CM WARNS STRONG ACTION IN VIOLENCE AGAINST DOCTORS

ഡോക്ടര്‍മാര്‍ക്കെതിരെയുള്ള അക്രമത്തിൽ ശക്തമായ നടപടികളുണ്ടാകുമെന്ന് മുഖ്യമന്ത്രി

മെഡിക്കല്‍കോളേജ് പോലുള്ള വലിയ ആശുപത്രികളില്‍ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിലെ ഉദ്യോഗസ്ഥരെ ചീഫ് സെക്യൂരിറ്റി ഓഫീസറായി നിയമിക്കണം.

pinarayi vijayan

pinarayi vijayan

 • Share this:
  തിരുവനന്തപുരം: ഡോക്ടര്‍മാര്‍ക്കെതിരെയുള്ള അക്രമങ്ങളില്‍ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഡോക്ടര്‍മാര്‍ക്ക് ജോലി നിര്‍വ്വഹിക്കാന്‍ എല്ലാ സൗകര്യവും ഒരുക്കും. ഡോക്ടര്‍മാര്‍ക്കെതിരെ നടന്ന അക്രമങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

  കാഷ്വാലിറ്റികളിലും ഒ.പികളിലും സിസിടിവി സ്ഥാപിക്കണം. സ്വകാര്യ ആശുപത്രികളും അതിന് സംവിധാനമൊരുക്കണം. പോലീസ് എയ്ഡ് പോസ്റ്റ് ഉള്ള ആശുപത്രികളിലെ സിസിടിവി സംവിധാനം എയിഡ്പോസ്റ്റുമായി ബന്ധപ്പെടുത്തണം. അക്രമം നടന്നാല്‍ എത്രയും പെട്ടെന്ന് പ്രതികളെ അറസ്റ്റു ചെയ്യണം. ഒ.പി.കളിലും കാഷ്വാലിറ്റികളിലും സെക്യൂരിറ്റി ഉദ്യോഗസ്ഥരെ നിയമിക്കുമ്പോൾ ഇനി മുതൽ വിമുക്തഭടന്മാരെ തെരഞ്ഞെടുക്കണം. നിലവിലുള്ളവരെ ഒഴിവാക്കേണ്ടതില്ല. ആശുപത്രി വികസനസമിതികള്‍ ഇക്കാര്യം ശ്രദ്ധിക്കണം. സ്വകാര്യ ആശുപത്രികളിലും ആവശ്യത്തിന് സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കണം. മെഡിക്കല്‍കോളേജ് പോലുള്ള വലിയ ആശുപത്രികളില്‍ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിലെ ഉദ്യോഗസ്ഥരെ ചീഫ് സെക്യൂരിറ്റി ഓഫീസറായി നിയമിക്കണം. നിലവിലുള്ള ഏജൻസികളുടെ കാലാവധി തീരുന്ന മുറക്ക് ഇത് നടപ്പാക്കണം. സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ പരിശീലനവും നല്‍കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

  ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത്, ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ ഖോബ്രഗഡെ, ഇന്റലിജന്‍സ് എ.ഡി.ജി.പി. ടി.കെ. വിനോദ് കുമാര്‍, ക്രമസമാധാന വിഭാഗം എ.ഡി.ജി.പി വിജയ് സാക്കറെ തുടങ്ങിയവര്‍ സംബന്ധിച്ചു.

  തിരുവനന്തപുരത്ത് വനിതാ ഡോക്ടറെ ആക്രമിച്ച കേസിൽ ഒരാൾ പിടിയിൽ

  ഫോര്‍ട്ട് താലൂക്ക് ആശുപത്രിയിലെ വനിതാ ഡോക്ടര്‍ക്ക് നേരെ കൈയ്യേറ്റമുണ്ടായ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. വ്യാഴാഴ്ച രാത്രിയാണ് അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. മാളുവിനെ രണ്ടുപേർ ആക്രമിച്ചത്. അടിപിടി കേസില്‍ ചികിത്സക്കെത്തിയ രണ്ടു പേരാണ് അക്രമം നടത്തിയത്. വരി നില്‍ക്കാന്‍ തയാറാകാതിരുന്ന ഇവര്‍ ചികിത്സ വൈകിയെന്ന് ആരോപിച്ചായിരുന്നു ഡോക്ടറെ കൈയ്യേറ്റം ചെയ്തത് ഡോക്ടറുടെ കൈ പിടിച്ചു തിരിക്കുകയായിരുന്നു.

  Also Read- നാലുവർഷം കൊണ്ട് ഇരുനൂറിലേറെ സ്ത്രീകളെ ലൈംഗികചൂഷണം; 23 കാരൻ പിടിയിൽ; കെണിയിലാക്കിയത് സാമൂഹ്യ മാധ്യമങ്ങളിൽ

  ഡോക്ടറെ രക്ഷപെടുത്താൻ ശ്രമിച്ച സുരക്ഷാ ജീവനക്കാരനെയും സംഘം ആക്രമിച്ചു. ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ കരിമഠം കോളനിയിൽ താമസക്കാരനായ റഷീദ് എന്നയാളെ അറസ്റ്റ് ചെയ്തു. ഇയാൾക്കൊപ്പമുണ്ടായിരുന്ന റഫീഖിനെയും പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം.

  കൈക്ക് പരിക്കേറ്റ ഡോക്ടര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഡോക്ടറുടെ മൊഴി രേഖപ്പെടുത്തിയ ശേഷം വിശദ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

  സംഭവത്തില്‍ പ്രതിഷേധിച്ച കെ. ജി. എം. ഒ. എയുടെ ആഭിമുഖ്യത്തിൽ ഫോര്‍ട്ട് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഒ.പി. ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചു. മന്ത്രി വി. ശിവന്‍കുട്ടി ആശുപത്രിയിലെത്തി ചികിത്സയില്‍ കഴിയുന്ന ഡോക്ടറുമായും കെ. ജി. എം. ഒ. എ നേതാക്കളുമായും ചർച്ച നടത്തി. രണ്ടാമത്തെ പ്രതിയെയും അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.

  ഡോക്ടർമാർക്കെതിരെ തുടർച്ചയായി ആക്രമണം ഉണ്ടാകുന്ന സംഭവങ്ങളിൽ പ്രതിഷേധവുമായി ഐഎംഎ രംഗത്തെത്തി. ആശുപത്രിയിലെ അതിക്രമങ്ങൾ തുടരുകയാണെന്നും, അത്യാഹിത വിഭാഗങ്ങളിൽ ഡോക്ടർമാർ അക്രമിക്കപ്പെടുന്നുവെന്നും ഇങ്ങനെ പോയാൽ ആരെങ്കിലും കൊല്ലപ്പെട്ടേക്കാമെന്നും ഡോ. സുൽഫി നൂഹു ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ഇതിനെതിരെ നിയമനിർമ്മാണ ശക്തമാക്കണമെന്നും പൊതുജനങ്ങൾ അതിശക്തമായി പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അത്യാഹിത വിഭാഗത്തിൽ ഡോക്ടറെ ആക്രമിക്കുന്ന വീഡിയോ അദ്ദേഹം പങ്കിടുകയും ചെയ്തു.
  Published by:Anuraj GR
  First published:
  )}