• HOME
  • »
  • NEWS
  • »
  • kerala
  • »
  • പ്രതിഷേധ സമയത്ത് മുഖ്യമന്ത്രിയുണ്ടായിരുന്നത് വിമാനത്തിനുള്ളിൽ തന്നെ; എയര്‍പോര്‍ട്ട് മാനേജറുടെ റിപ്പോര്‍ട്ട്

പ്രതിഷേധ സമയത്ത് മുഖ്യമന്ത്രിയുണ്ടായിരുന്നത് വിമാനത്തിനുള്ളിൽ തന്നെ; എയര്‍പോര്‍ട്ട് മാനേജറുടെ റിപ്പോര്‍ട്ട്

മുഖ്യമന്ത്രി വിമാനത്തിലുള്ളപ്പോൾ പ്രതിഷേധക്കാർ ആക്രോശത്തോടെ അദ്ദേഹത്തിനടുത്തേക്ക് നീങ്ങിയെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു

  • Share this:
യൂത്ത് കോൺഗ്രസ് പ്രതിഷേധ സമയത്ത് മുഖ്യമന്ത്രിയുണ്ടായിരുന്നത് വിമാനത്തിനുള്ളിൽ തന്നെയെന്ന് എയര്‍പോര്‍ട്ട് മാനേജറുടെ റിപ്പോര്‍ട്ട്. ഇക്കാര്യം ഉൾപ്പെടെ വ്യക്തമാക്കിയുള്ള റിപ്പോര്‍ട്ട് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവള മാനേജർ അന്വേഷണ സംഘത്തിന് കൈമാറി. മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന ആൾ ഇടപെട്ടെന്ന് റിപ്പോർട്ടിലുണ്ടെങ്കിലും ഇ പി ജയരാജൻ്റെ പേരെടുത്തു പറയുന്നില്ല.

പ്രതിഷേധ സമയത്ത് മുഖ്യമന്ത്രി വിമാനത്തിനുള്ളിൽ ഉണ്ടായിരുന്നുവെന്നും ഇല്ലെന്നുമുള്ള വാദപ്രതിവാദത്തിനാണ്, റിപ്പോർട്ട് പുറത്തുവന്നതോടെ വ്യക്തതയുണ്ടായിരിക്കുന്നത്. മുഖ്യമന്ത്രി വിമാനത്തിലുള്ളപ്പോൾ പ്രതിഷേധക്കാർ ആക്രോശത്തോടെ അദ്ദേഹത്തിനടുത്തേക്ക് നീങ്ങിയെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

വിമാനം ലാൻഡ് ചെയ്ത ശേഷം യാത്രക്കാരെല്ലാം സീറ്റ് ബെൽറ്റ് മാറ്റിയ ഉടൻ മൂന്നു പേരും എഴുന്നേറ്റു.ഇവരോട് ഇരിക്കാൻ വിമാന ജീവനക്കാർ ആവശ്യപ്പെട്ടെങ്കിലും അനുസരിച്ചില്ല.8 A, 8 C, 7 D സീറ്റുകളിലായിരുന്നു പ്രതിഷേധക്കാർ യാത്രചെയ്തത്. മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന ഒരാൾ ഇടപെട്ടെന്ന് റിപ്പോർട്ടിൽ പറയുന്നുവെങ്കിലും ഇ പി ജയരാജൻ്റെ പേരെടുത്ത് പരാമർശമില്ല. ജയരാജൻ യൂത്ത് കോൺഗ്രസുകാരെ കൈയേറ്റം ചെയ്തതിൽ കേസെടുക്കണമെന്നാണ് കോൺഗ്രസിൻ്റെ ആവശ്യം.

കൈയേറ്റമുണ്ടായി എന്ന് വ്യക്തമായി സൂചിപ്പിക്കുന്ന പരാമർശങ്ങളൊന്നും റിപ്പോർട്ടിൽ ഇല്ലെന്നതും ശ്രദ്ധേയമാണ്.എയർപോർട്ട് മാനേജർ ടി വി വിജിത്തിൻ്റെ റിപ്പോർട്ട് അന്വേഷണ സംഘത്തിന് കൈമാറി. കൈയേറ്റം സംബന്ധിച്ച് ഇ പി ജയരാജനെതിരെ നിരവധി പരാതികൾ ലഭിച്ചെങ്കിലും പോലീസ് കേസെടുത്തിട്ടില്ല. നിലവിലെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കേസെടുക്കില്ലെന്നതും ഉറപ്പാണ്.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനെ(CM Pinarayi Vijayan) വിമാനത്തിൽ വച്ച് വധിക്കാൻ ശ്രമിച്ചെന്ന കേസിൽ പ്രത്യേക അന്വേഷണ സംഘം ഇന്ന് എറണാകുളത്ത് യോഗം ചേരും. ഇൻഡിഗോ വിമാനക്കമ്പനിയിൽ നിന്ന്  വിമാനത്തിലെ മുഴുവൻ യാത്രക്കാരുടെ  വിവരങ്ങളും അന്വേഷണ സംഘം ശേഖരിച്ച് കഴിഞ്ഞു. കേസിലെ ഗൂഡാലോചന ഉൾപ്പെടെ പുറത്ത് കൊണ്ടുവരണമെന്നാണ് ക്രൈംബ്രാഞ്ച് എസ്പി പ്രജീഷ് തോട്ടത്തിലിന് ഡിജിപി നൽകിയ നിർദ്ദേശം. കേസിൽ ഒളിവിൽ പോയ മൂന്നാം പ്രതി സുനിത് നാരായണനായി പൊലീസ് ഇന്ന് ലുക്കൗട്ട്  നോട്ടീസ് പുറപ്പെടുവിക്കും.

അറസ്റ്റിലായ ഫർസീൻ മജീദ്, നവീൻ കുമാർ എന്നിവരെ കസ്റ്റഡിയിൽ വേണമെന്ന അപേക്ഷയും അന്വേഷണസംഘം കോടതിയിൽ സമർപ്പിക്കും. അതേസമയം, കേസിൽ സഹയാത്രികരുടെ മൊഴി ഇന്നലെ എടുത്തിരുന്നു. ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണറാണ് യാത്രക്കാരുടെ മൊഴിയെടുത്തത്. ഇതിനിടെ കേസ് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് കേസ് മാറ്റുകയും ചെയ്തു. കോടതി മാറ്റണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം പരിഗണിച്ചാണ് ഇത്. ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 2 ആയിരുന്നു നിലവിൽ കേസ് പരിഗണിച്ചിരുന്നത്.

പ്രതികളുടെ ജാമ്യഹർജിയും കസ്റ്റഡി അപേക്ഷയുമെല്ലാം ഇനി പ്രിൻസിപ്പൽ സെഷൻസ് കോടതിയാകും പരിഗണിക്കുക. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ കല്ലമ്പള്ളി മനുവാണ് സർക്കാരിന് വേണ്ടി ഹാജരാകുന്നത്. വിമാനത്തിൽ വച്ച് മുഖ്യമന്ത്രിയെ വധിക്കാൻ തന്നെയായിരുന്നു ശ്രമമെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. മുഖ്യമന്ത്രിക്ക് ഏറ്റവും കുറവ് സുരക്ഷ ലഭിക്കുന്ന സ്ഥലം എന്ന നിലയിലാണ് പ്രതികൾ വിമാനം തെരഞ്ഞെടുത്തതെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഒന്നാം പ്രതി 13 കേസുകളിൽ പ്രതിയാണെന്നും സർക്കാർ വ്യക്തമാക്കി.
Published by:Arun krishna
First published: