HOME » NEWS » Kerala »

വിമാനത്താവളത്തെയും കോവിഡ് ചതിച്ചു; കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് ഈ വർഷം ഇതുവരെ നഷ്ടം 72 കോടി

Cochin International Airport has lost Rs 72 crore | കോവിഡിനെ തുടർന്നുണ്ടായ പ്രവർത്തന നിയന്ത്രണം വന്നതോടെ ഈ സാമ്പത്തികവർഷം ആദ്യപാദം പിന്നിട്ടപ്പോൾ തന്നെ സിയാൽ 72 കോടി രൂപയുടെ നഷ്ടമുണ്ടാക്കി

News18 Malayalam | news18
Updated: August 11, 2020, 5:08 PM IST
വിമാനത്താവളത്തെയും കോവിഡ് ചതിച്ചു; കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് ഈ വർഷം ഇതുവരെ നഷ്ടം 72 കോടി
Cochin International Airport
  • News18
  • Last Updated: August 11, 2020, 5:08 PM IST
  • Share this:
കൊച്ചി: അന്താരാഷ്ട്ര വിമാനത്താവള കമ്പനി ലിമിറ്റഡ് (സിയാൽ) 2019-20 സാമ്പത്തിക വർഷത്തിൽ 204.05 കോടി രൂപയുടെ ലാഭം നേടി. കൊച്ചിൻ ഡ്യൂട്ടി ഫ്രീ ഉൾപ്പെടെയുള്ള ഉപകമ്പനികൾ കൂടി പരിഗണിച്ചാൽ മൊത്തവരുമാനം 810.08 കോടി രൂപയാണ്. അതേസമയം കോവിഡിനെ തുടർന്നുണ്ടായ പ്രവർത്തന നിയന്ത്രണം വന്നതോടെ ഈ സാമ്പത്തികവർഷം ആദ്യപാദം പിന്നിട്ടപ്പോൾ തന്നെ സിയാൽ 72 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയിട്ടുണ്ട്. 2019-20 സാമ്പത്തിക വർഷത്തിൽ സിയാൽ മാത്രം 655.05 കോടിയുടെ മൊത്തവരുമാനം നേടിയിട്ടുണ്ട്. നികുതി കിഴിച്ചുള്ള ലാഭം 204.05 കോടി രൂപ. മുൻ സാമ്പത്തിക വർഷം 166.91 കോടിയായിരുന്നു ലാഭം. ലാഭത്തിലുണ്ടായ വളർച്ച 22.25%. നൂറുശതമാനം പങ്കാളിത്തമുള്ള ഉപകമ്പനികളുടെ പ്രവർത്തനം കൂടി പരിഗണിച്ചാൽ മൊത്തം 226.23 കോടി രൂപയാണ് ലാഭം.

കോവിഡിനെ തുടർന്ന് 2020 മാർച്ച് അവസാനയാഴ്ച മുതൽ വ്യോമഗതാഗതം അന്താരാഷ്ട്ര തലത്തിൽ പരിമിതപ്പെടുത്തിയിട്ടുണ്ട്. പ്രതിദിനം 242 സർവീസുകളും മുപ്പതിനായിരത്തോളം യാത്രക്കാരും ഉണ്ടായിരുന്ന സിയാലിൽ ഇപ്പോൾ ശരാശരി 36 സർവീസുകൾ മാത്രമാണുള്ളത്. പ്രതിദിന യാത്രക്കാരുടെ എണ്ണം 2300-ൽ താഴെയായി. 2020-21 സാമ്പത്തിക വർഷത്തിലെ ആദ്യപാദത്തിൽ (ഏപ്രിൽ -ജൂൺ) സിയാലിനുണ്ടായ വരുമാനം 19 കോടി രൂപമാത്രമാണ്. നഷ്ടം 72 കോടിയും.

You may also like:ഉന്നതരുമായി ബന്ധമുണ്ടെന്ന് സ്വപ്നയും കൂട്ടുപ്രതികളും [NEWS]നാട്ടിൽ നടക്കുന്നതും വകുപ്പിൽ നടക്കുന്നതും ഒന്നും അറിയുന്നില്ലെന്ന് ഡോ.കെ.എസ്. രാധാകൃഷ്ണൻ [NEWS] മൂന്നുവർഷം മുമ്പ് 'മരിച്ച' ഭാര്യ അതിഥികളെ സ്വീകരിക്കാൻ ഗൃഹപ്രവേശന ചടങ്ങിലെത്തി [NEWS]

ഓഹരിയുടമകൾക്ക് ഇത്തവണ 27 ശതമാനം ലാഭവിഹിതം മുഖ്യമന്ത്രി പിണറായി വിജയൻ ചെയർമാനായ ഡയറക്ടർ ബോർഡ് ശുപാർശ ചെയ്തിട്ടുണ്ട്. സെപ്തംബർ അഞ്ചിന് നിശ്ചയിച്ചിട്ടുള്ള  വാർഷിക പൊതുയോഗം അംഗീകരിച്ചാൽ 19500-ൽ പരം നിക്ഷേപകർക്ക് 27 ശതമാനം ലാഭവിഹിതം ലഭിക്കും. 34 കോടിയോളം രൂപ സംസ്ഥാന സർക്കാരിന് ഈയിനത്തിൽ സിയാലിൽ നിന്ന് ലഭിക്കും. 2003-04 സാമ്പത്തിക വർഷം മുതൽ സിയാൽ മുടങ്ങാതെ ലാഭവിഹിതം നൽകുന്നുണ്ട്. ഇത്തവണത്തെ ഡയറക്ടർ ബോർഡിന്റെ ശുപാർശ അംഗീകരിക്കപ്പെട്ടാൽ മൊത്തം ലാഭവിഹിതം 282 ശതമാനമായി മാറും.

കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുള്ള യാത്രാസൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളും ഒരുക്കുന്നതിനായി സിയാലിന് വലിയ ചെലവ് നേരിടുന്നുണ്ട്. വെള്ളപ്പൊക്ക നിവാരണ പദ്ധതികൾക്കായി മൊത്തം 129.30 കോടി രൂപ സിയാൽ ചെലവിടുന്നുണ്ട്. കോവിഡിനെ തുടർന്നുള്ള പ്രതിസന്ധി അയയുന്നതോടെ കമ്പനിക്ക് മുൻവർഷങ്ങളിലെ പ്രവർത്തനവിജയം ആവർത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
Published by: Joys Joy
First published: August 11, 2020, 5:08 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories