കൊച്ചി: ബിനാലെ കാണാനെത്തിയ റഷ്യന്‍ സ്വദേശി അന്ന പാക് കഴിഞ്ഞ ദിവസം മുഴുവന്‍ എറണാകുളത്തെ വിവിധ കടകള്‍ കയറിയിറങ്ങുകയായിരുന്നു. മോസ്കോയിലുള്ള മരുമകന് കളിപ്പാട്ടം വാങ്ങുകയായിരുന്നു ഉദ്ദേശ്യം. മനസിനിഷ്ടപ്പെട്ട ഒന്നും കിട്ടിയില്ല. അപ്പോഴാണ് ബിനാലെ പവലിയനായ ഫോര്‍ട്ട്കൊച്ചി കബ്രാള്‍ യാര്‍ഡില്‍ തെങ്ങോല കൊണ്ട് കളിപ്പാട്ടവും മറ്റ് കൗശല വസ്തുക്കളും ഉണ്ടാക്കാന്‍ പഠിപ്പിക്കുന്ന പരിശീലന കളരിയുണ്ടെന്നറിഞ്ഞത്. രാവിലെ മുതല്‍ അവിടെയിരുന്ന് ജോണ്‍ ബേബിയെന്ന പരിശീലകനൊപ്പം ഓല കളിപ്പാട്ടങ്ങള്‍ ഉണ്ടാക്കാന്‍ ശീലിക്കുകയാണ് അന്ന. തിരികെ പോകുമ്പോള്‍ കുറച്ച് തെങ്ങോല കൊണ്ടുപോകാനാണ് പദ്ധതി. മരുമകന്റെ ജീവിതത്തിലെ ഏറ്റവും മികച്ച സമ്മാനമായിരുക്കുമിതെന്ന് അന്ന ഉറപ്പിച്ചുപറയുന്നു.
കുട്ടികളിലെ കലാഭിരുചി വളര്‍ത്തുന്നതിനു വേണ്ടിയാണ് കൊച്ചി ബിനാലെ ഫൗണ്ടേഷന് ആര്‍ട്ട് ബൈ ചില്‍ഡ്രന്‍ എന്ന പദ്ധതിക്ക് തുടക്കമിട്ടത്. കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കത്തില്‍ കുട്ടികള്‍ക്കായി ആര്‍ട്ട് റൂം തുറന്നു. വിവിധ പരിശീലന കളരികളും കുട്ടികളുടെ സര്‍ഗ്ഗാത്മകത പ്രദര്‍ശിപ്പിക്കാനുമുള്ള ഇടമാണിത്.
തോക്കും ഹെലികോപ്ടറും മണ്ണുമാന്തിയും അതിവേഗ കാറുകളുമടങ്ങുന്നതാണ് ഇന്നത്തെ ബാല്യങ്ങളുടെ കളിപ്പാട്ട സങ്കല്പ്പങ്ങളെന്ന് ബിനാലെ ആര്‍ട്ട് റൂമിലിരുന്ന് ജോണ്‍ ബേബി പറഞ്ഞു. സ്വന്തം കുട്ടികള്‍ കളിപ്പാട്ടത്തിനായി വാശിപിടിച്ചപ്പോള്‍ തന്റെ കുട്ടിക്കാലത്ത് പാടത്തെ പണിക്കാരുണ്ടാക്കിത്തന്ന ഓലപ്പീപ്പിയും തത്തയും പന്തുമെല്ലാം ഉണ്ടാക്കാന്‍ ജോണ്‍ ശ്രമിച്ചു. പക്ഷെ ചില വസ്തുക്കള്‍ ഉണ്ടാക്കിയെന്നതൊഴിച്ചാല്‍ ആ ഉദ്യമം വിജയമായിരുന്നില്ല. പിന്നീട് കേരളം മുഴുവന്‍ യാത്ര ചെയ്ത് നിരവധിയാളുകളെ കണ്ട് ഓല കൊണ്ടുള്ള വസ്തുക്കളുടെ നിര്‍മ്മാണം പരിശീലിച്ചു. പിന്നീട് സ്കൂളുകളിലും അധ്യാപക പരിശീലന പരിപാടികളിലും സ്ഥിരം സാന്നിദ്ധ്യമായി ഹരിപ്പാട് വീയപുരം സ്വദേശിയായ ഈ 55കാരന് മാറി.
മനുഷ്യന്റെ ചരിത്രത്തോളം തന്നെ പഴക്കമുള്ള കലയാണ് നെയ്ത്തും മെടയലുമെന്ന് ആര്‍ട്ട് ബൈ ചില്‍ഡ്രന്‍ പ്രോഗ്രാം മാനേജര്‍ ബ്ലെയസ് ജോസഫ് പറഞ്ഞു. നിലനില്‍പ്പിന്റെ ഭാഗമായി രൂപം കൊണ്ട ഈ കല പുതുതലമുറയ്ക്ക് പകര്‍ന്നു കൊടുക്കേണ്ടത് അനിവാര്യമാണ്. ഓല-കളരിയിലൂടെ കൂടുതല്‍ പേരിലേക്ക് ഈ കല പ്രചരിക്കുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.
നിരവധി കുട്ടികളാണ് ഓല കൊണ്ടുള്ള കളിപ്പാട്ടം ഉണ്ടാക്കാന്‍ ഓല-കളരിയില്‍ പരിശീലിക്കുന്നത്. അമ്മൂമ്മയുടെ കൂടെയെത്തിയ അഞ്ച് വയസുകാരന് ദാഥേയ്ക്ക് ഓലമെടയല്‍ ഏറെ കൗതുകമുണര്‍ത്തുന്ന ഒന്നാണ്. അടുത്ത ദിവസം നഴ്സറിയില്‍ ചെല്ലുമ്പോള്‍ കൂട്ടുകാര്‍ക്ക് ഇത് കാണിച്ചു കൊടുക്കാനിരിക്കുകയാണ് ഈ മിടുക്കന്. ആദ്യം ചെറിയ തോതിലുള്ള വസ്തുക്കള്‍ ഉണ്ടാക്കാന്‍ പഠിപ്പിക്കുന്നു. പിന്നീട് തത്ത, ഓലപ്പന്ത്, ചെറിയ പീപ്പി, വലിയ കുഴല്‍, എന്നിവയുണ്ടാക്കാന്‍ പഠിപ്പിക്കുന്നു. ഓല മെടയാനുള്ള അടിസ്ഥാന സൂത്രം മനസിലായാല്‍ പിന്നെ ഏതു വസ്തുക്കളും ഉണ്ടാക്കാന്‍ സാധിക്കുമെന്ന് ജോണ്‍ പറഞ്ഞു. ഓല കൊണ്ടുള്ള വട്ടത്തൊപ്പി ഉണ്ടാക്കി ആര്‍ട്ട് റൂമിന്റെ മുന്നില്‍ തന്നെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട് അദ്ദേഹം.
ആര്‍ട്ടിസ്റ്റായ മിനി ജോണാണ് ജോണ്‍ ബേബിയുടെ ഭാര്യ. '101 ചോദ്യങ്ങള്‍' എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ച മിനോണ്‍ ജോണ്‍, മിന്റു ജോണ്‍ എന്നിവര്‍ മക്കളാണ്. അച്ഛനെ സഹായിക്കുന്നതിനായി മിന്റുവും ആര്‍ട്ട് റൂമിലെ ഓല-കളരിയില്‍ സജീവമാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kochi Biennale, Kochi-Muziris Biennale 2018, കൊച്ചി ബിനാലെ, കൊച്ചി മുസിരിസ് ബിനാലെ, മുസിരിസ് ബിനാലെ