ചകിരിവിറ്റ് തമിഴ്നാടിന് കോടികൾ; ചിരട്ടയ്ക്ക് ആയിരങ്ങൾ; കേരളത്തിന് എന്തു കിട്ടുന്നു?

തേങ്ങാപരിപ്പിനും വെളിച്ചെണ്ണക്കും മാത്രമാണ് മലയാളികൾ ഇപ്പോഴും നാളികേരത്തെ ആശ്രയിക്കുന്നത്. മൂല്യവർധിത ഉത്പന്നങ്ങളുടെ കാര്യത്തിൽ കേരളം ഇപ്പോഴും തുടങ്ങിയ ഇടത്ത് നിൽക്കുകയാണെന്ന് ചുരുക്കം.

news18
Updated: January 18, 2019, 11:36 AM IST
ചകിരിവിറ്റ് തമിഴ്നാടിന് കോടികൾ; ചിരട്ടയ്ക്ക് ആയിരങ്ങൾ; കേരളത്തിന് എന്തു കിട്ടുന്നു?
തെങ്ങ്
  • News18
  • Last Updated: January 18, 2019, 11:36 AM IST
  • Share this:
# രാജേഷ് വെമ്പായം 

തെങ്ങിന്റെ കാര്യത്തിൽ നൂറ്റാണ്ടുകൾക്ക് മുൻപുള്ള അതേ ഇടത്തിലാണ് നാം ഇപ്പോഴും നിൽക്കുന്നത്. അതേസമയം നമ്മുടെ അയല്‍ സംസ്ഥാനങ്ങൾ പലരും ഇക്കാര്യത്തിൽ കേരളത്തെ മറികടന്നു മുന്നിലെത്തി. തേങ്ങ ഉത്പാദനത്തിൽ രണ്ടാം സ്ഥാനത്തുള്ള കേരളം ഇപ്പോഴും ചികിരിക്കായി ആശ്രയിക്കേണ്ടിവരുന്നത് തമിഴ്നാടിനെ. മലയാളികൾ വലിച്ചെറിയുന്ന ചിരട്ടക്ക് ഓൺലൈൻ സൈറ്റുകളിൽ പൊന്നുംവിലയാണ്. ഇതൊന്നും നമ്മുടെ കണ്ണുതുറപ്പിക്കുന്നില്ല. തേങ്ങാപരിപ്പിനും വെളിച്ചെണ്ണക്കും മാത്രമാണ് മലയാളികൾ ഇപ്പോഴും നാളികേരത്തെ ആശ്രയിക്കുന്നത്. മൂല്യവർധിത ഉത്പന്നങ്ങളുടെ കാര്യത്തിൽ കേരളം ഇപ്പോഴും തുടങ്ങിയ ഇടത്ത് നിൽക്കുകയാണെന്ന് ചുരുക്കം.

തെങ്ങിനെ ചതിച്ച മലയാളികൾ

കല്പവൃക്ഷമായ തെങ്ങിന്റെ എല്ലാഭാഗങ്ങളും ഉപയോഗപ്പെടുത്താമെന്നതാണ് പ്രത്യേകത. തെങ്ങ് ചതിക്കില്ലെന്നാണ് പഴമൊഴി. പക്ഷേ തെങ്ങിനെ നമ്മള്‍ ചതിക്കുകയായിരുന്നുവെന്ന് മാറ്റി പറയേണ്ട സമയമാണിത്. അനന്തസാധ്യതകള്‍ ഉണ്ടായിട്ടും അതുപയോഗപ്പെടുത്താനാവാതെ മാറി നിന്നത് കേരളത്തിന്റെ കാർഷിക രംഗത്തിനും സാമ്പത്തികമേഖലക്കും വരുത്തിയ നഷ്ടം ചില്ലറയല്ല. കൊപ്ര, വെളിച്ചെണ്ണ, പാചകം എന്നിവക്ക് വേണ്ടിയാണ് കേരളത്തിന്റെ നാളികേര ഉപയോഗം മുഴുവനും. വിളഞ്ഞ നാളികേരം കേരളത്തില്‍ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നത് രണ്ട് ശതമാനമാണെന്നാണ് നാളികേര വികസന ബോര്‍ഡിന്റെ തന്നെ കണക്ക്. ശ്രീലങ്ക, തായ്‌ലന്റ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളും എന്തിന് നമ്മുടെ അയൽ സംസ്ഥാനങ്ങൾ പോലും വൈവിധ്യമാര്‍ന്ന നാളികേരോത്പന്നങ്ങളിലൂടെ സാമ്പത്തിക ഭദ്രത നിലനിര്‍ത്തുന്നു.

കൃഷി വിസ്തൃതി എടുത്താല്‍ 7.81 ലക്ഷം ഹെക്ടറില്‍ (2017ലെ കണക്ക്) കൃഷി ചെയ്യുന്നു. ഒരു ഹെക്ടറില്‍ നിന്നും 6,883 തേങ്ങയാണ് കേരളത്തില്‍ ഉല്പാദിപ്പിക്കുന്നതെങ്കില്‍ തമിഴ്നാട്ടിലും ആന്ധ്രാപ്രദേശിലും ഇത് യഥാക്രമം ഹെക്ടറിന് 14,873 തേങ്ങയും 13,808 തേങ്ങയുമാണ്. രാജ്യത്ത് നാളികേര ഉല്പാദനത്തിലും കൃഷി വിസ്തൃതിയിലും കേരളത്തിന്റെ വിഹിതം വര്‍ഷം തോറും കുറഞ്ഞു വരുന്നു. 1960-61 ല്‍ രാജ്യത്തെ നാളികേര കൃഷി വിസ്തൃതിയുടെ 69.58 ശതമാനവും ഉല്പാദനത്തിന്റെ 69.52 ശതമാനവും കേരളത്തിലായിരുന്നുവെങ്കില്‍ 2011-12 -ല്‍ ഈ വിഹിതങ്ങള്‍ യഥാക്രമം 40.2 ശതമാനവും 42.12 ശതമാനവുമായി കുറഞ്ഞു.ചകിരിവിറ്റ് തമിഴ്നാടിന് കോടികൾ

കേരളം ചകിരിക്കായി ആശ്രയിക്കുന്നത് അയൽ സംസ്ഥാനമായ തമിഴ്നാടിനെയാണ്. കോടിക്കണക്കിന് രൂപയാണ് കേരളത്തിന് ചകിരിവിറ്റ് തമിഴ്നാട് കൊണ്ടുപോകുന്നത്. കേരളത്തിലെ സർക്കാർ സംരംഭങ്ങൾക്കുമാത്രം ചകിരിനൽകി തമിഴ്നാട് സമ്പാദിക്കുന്നത് വർഷം 67.5 കോടി രൂപയെന്നാണ് കണക്ക്. കയർവകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലേക്ക് തമിഴ്നാട്ടിൽനിന്ന് വർഷംതോറും എത്തുന്നത് രണ്ടരലക്ഷം ക്വിന്റൽ ചകിരിനാര്. ഇതിന് കിലോഗ്രാമിന് ശരാശരി 27 രൂപ നൽകണം. ഇത്തരത്തിൽ വർഷം 67.5 കോടിയാണ് തമിഴ്നാട്ടിലേക്ക് പോകുന്നത്. സംസ്ഥാനത്ത് പ്രതിവർഷം ശരാശരി 578 കോടി തേങ്ങ ഉത്‌പാദിപ്പിക്കുന്നുണ്ടെന്നാണ് നാളികേര വികസനബോർഡിന്റെ കണക്ക്. എന്നാൽ, കേരളത്തിൽ ചകിരി സംഭരിക്കുന്നതിന്റെയും സംസ്കരിക്കുന്നതിന്റെയും ഇരട്ടി തമിഴ്നാട്ടിൽ നടക്കുന്നുണ്ട്. കേരളത്തിൽ ഉത്‌പാദിപ്പിക്കുന്ന തേങ്ങയുടെ 20 ശതമാനം ചകിരിപോലും വ്യാവസായിക ആവശ്യത്തിനായി സംസ്കരിക്കുന്നില്ലെന്നതാണ് യാഥാർത്ഥ്യം.ഒരു ചിരട്ടയ്ക്ക് എന്താ വില?

ഒരുചിരട്ടക്ക് എന്താ വില എന്ന ചോദ്യത്തിന് ഉത്തരമായി ആരെങ്കിലും ആയിരം രൂപ എന്ന് പറഞ്ഞാല്‍ മലയാളികള്‍ മൂക്കത്ത് വിരല്‍ വയ്ക്കും. എന്നാല്‍ സംഭവം സത്യമാണ്. വമ്പന്‍ ഓഫറുകള്‍ നല്‍കി പ്രമുഖ ഓണ്‍ലൈന്‍ സൈറ്റായ ആമസോണിലാണ് വലിയ വിലയ്ക്ക് ചിരട്ട വില്‍പ്പന തകൃതിയായി നടക്കുന്നത്. 1289 രൂപ മുതലാണ് നാച്ചുറല്‍ കോക്കനട്ട് ഷെല്‍ കപ്പ് എന്ന പേരില്‍ അറിയിപ്പെടുന്ന ചിരട്ട വില്‍പ്പന ആരംഭിക്കുന്നത്. 2499 രൂപ വരെയുള്ള ചിരട്ടകള്‍ ആമസോണില്‍ ലഭ്യമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ 3000 രൂപ വിലയിലുള്ള ചിരട്ട 55 ശതമാനം ഓഫര്‍ നല്‍കി 1365 രൂപയ്ക്കായിരുന്നു വില്‍പ്പന നടത്തിയിരുന്നു. ചിരട്ട ഒന്നു പോളിഷ് ചെയ്ത് രൂപമാറ്റം വരുത്തിയാല്‍ വില ഇതിലും കൂടും. ചിരട്ട കൊണ്ടുള്ള രണ്ട് പാത്രം, രണ്ട് സ്പൂണ്‍, രണ്ട് ഫോര്‍ക്ക് എന്നിവ ഉള്‍പ്പടെയുള്ള കോമ്പോ പാക്കിന് 3288 രൂപയാണ് ആമസോണ്‍ ഈടാക്കുന്നത്. ഇത്തരത്തില്‍ ചിരട്ട കൊണ്ടുള്ള പല ഉത്പന്നങ്ങളും ലഭ്യമാണ്.നീരയ്ക്ക് സംഭവിച്ചത്?

നാളികേരകർഷകർക്ക് അധികവരുമാനം ലക്ഷ്യമിട്ടാണ് കേരളത്തിൽ നീര പദ്ധതി ആരംഭിച്ചത്. നീരയില്‍ പ്രതീക്ഷ അര്‍പ്പിച്ച് കേരളത്തില്‍ 29 നാളികേര കമ്പനികളാണ് രജിസ്റ്റര്‍ചെയ്തത്. പല കമ്പനികളും ഒന്നരക്കോടി രൂപവരെ മുടക്കി വലിയ പ്ലാന്റുകള്‍ സ്ഥാപിച്ചു. നീരയ്ക്ക് ഏകീകൃതമായ രുചി ഇല്ലാത്തതും വിലയുമെല്ലാം തിരിച്ചടിയായി. ചെത്തുന്നവര്‍ ക്രമേണ രംഗം വിട്ടതോടെ നീര ശേഖരിക്കലും വിഷമമായി. വിപണനം മോശമായതോടെ ഉത്പാദനം കുറച്ചു. പ്ലാന്റ് സ്ഥാപിക്കാന്‍ വാങ്ങിയ വായ്പ പോലും തിരിച്ചടയ്ക്കാന്‍ കഴിയാത്ത സ്ഥിതിയായി. കേരളത്തില്‍ 29 കമ്പനികള്‍ ഉണ്ടെങ്കിലും നാളികേര വികസനബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തത് 16 എണ്ണമാണ്. നാളികേര ഉത്പാദക സൊസൈറ്റികളുടെ (സി.പി.എസ്.) കൂട്ടായ്മയായ നാളികേര ഫെഡറേഷനുകള്‍ (സി.പി.എഫ്.) ചേരുന്നതാണ് കമ്പനി. ഒരു കമ്പനിയില്‍ എട്ടുമുതല്‍ 10 വരെ ഫെഡറേഷനുകളുണ്ടാകും. 2012-13 മുതല്‍ 2015-16 വരെയുള്ള സമയത്താണ് കേരളത്തില്‍ ഇവയുടെ വര്‍ധനയുണ്ടായത്. 2015-16-ല്‍ 636 സൊസൈറ്റികളും 86 ഫെഡറേഷനുകളും 10 കമ്പനികളും കേരളത്തില്‍ രൂപവത്കരിച്ചപ്പോള്‍ 2016-17ലും 2017-18ലും ഒരു കമ്പനി പോലും വന്നിട്ടില്ല.കേരളത്തിന് കണ്ടുപഠിക്കാം

പ്രകൃതിയുടെ വരദാനമെന്ന് വിശേഷിപ്പിക്കാവുന്ന കരിക്കിന്‍ വെള്ളത്തിന്റെ വാണിജ്യസാധ്യതകൾ പോലും ഉപയോഗപ്പെടുക്കാൻ കേരളത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. സംസ്ഥാനത്ത് ആകെ ഉത്പാദിപ്പിക്കുന്ന 578 കോടി നാളികേരത്തിന്റെ നാലിലൊന്നുപോലും കരിക്കെന്ന നിലയില്‍ വിപണനം നടത്താന്‍ കഴിയുന്നില്ല. കേരളത്തിന്റെ ദാഹം ശമിപ്പിക്കാന്‍ തമിഴ്‌നാടിന്റെ കരിക്ക് വേണമെന്നതാണ് ഇപ്പോഴത്തെ സ്ഥിതി. ബഹുരാഷ്ട്ര കമ്പനികള്‍ പോലും കരിക്കിന്‍വെള്ളത്തിനായി കേരളത്തിലേക്ക് ഉറ്റുനോക്കുമ്പോള്‍ അവസരങ്ങളുപയോഗപ്പെടുത്താനാകാതെ കേരളം പകച്ചുനില്‍ക്കുകയാണ്. കര്‍ണ്ണാടക, തമിഴ്‌നാട്, ആന്ധ്ര, ഗുജറാത്ത്, ഒറീസ്സ എന്നീ സംസ്ഥാനങ്ങളില്‍ കരിക്കിന്‍വെള്ളം ബോട്ടിലിലാക്കി ഉത്പാദിപ്പിക്കുന്ന യൂണിറ്റുകള്‍ പലതുണ്ട്. തമിഴ്‌നാട്ടില്‍ നിന്ന് അമേരിക്കയിലേക്ക് കയറ്റുമതിയുമുണ്ട്.

ചെത്തിയൊരുക്കി സംസ്‌കരിച്ച കരിക്കിന് കയറ്റുമതി സാധ്യത ഏറെയാണ്. ഇങ്ങനെ സംസ്‌കരിക്കുന്ന കരിക്ക് 24 ദിവസം വരെ അഞ്ചു മുതല്‍ ഏഴു വരെ ഡിഗ്രി സെല്‍ഷ്യസ് ശീതീകരിച്ച അവസ്ഥയില്‍ കേടുകൂടാതെ സൂക്ഷിക്കാനുള്ള സാങ്കേതികവിദ്യയുണ്ട്. മധുരപലഹാര നിര്‍മാണത്തിനും ഭക്ഷ്യവ്യവസായത്തിനും ഏറെ പ്രാധാന്യമുള്ള തൂള്‍ത്തേങ്ങ, പായ്ക്ക് ചെയ്ത തേങ്ങാപ്പാല്‍, കൊഴുപ്പകറ്റിയ ശേഷമുള്ള സ്‌കിംഡ് തേങ്ങാപ്പാല്‍, പശുവിന്‍ പാലിന് പകരം ഉപയോഗിക്കാവുന്ന കുപ്പിയിലാക്കിയ തേങ്ങാപ്പാല്‍, തേങ്ങാപ്പാലില്‍ നിന്ന് ജലാംശം അകറ്റിയ തേങ്ങപ്പാല്‍ പൊടി, വിറ്റമിന്‍ ഇ സമ്പുഷ്ടമായ വെര്‍ജിന്‍ കോക്കനട്ട് ഓയില്‍, കോക്കനട്ട് ഐസ്‌ക്രീം, കോക്കനട്ട് ഷുഗര്‍ തുടങ്ങിയവ ഏറെ പ്രാധാന്യമുള്ള മൂല്യവര്‍ധിത കേരോത്പന്നങ്ങളാണ്. തേങ്ങാവെള്ളത്തില്‍ നിന്നും തേങ്ങാപ്പാലില്‍ നിന്നും തയ്യാറാക്കാവുന്ന സസ്യവളര്‍ച്ചാ ഹോര്‍മോണായ കൊക്കോഗ്രോ, തേങ്ങാപ്പാല്‍ യോഗര്‍ട്ട്, തേങ്ങ പഞ്ചസാര (പാം ഷുഗര്‍), പുളിപ്പിച്ച തേങ്ങാവെള്ളം ഉപയോഗിച്ച് നിര്‍മിക്കുന്ന നാളികേര വിനാഗിരി തുടങ്ങി ഉത്പന്നങ്ങളുടെ നിര നീളുകയാണ്. തെങ്ങിൻതടിയിൽ നിന്നുള്ള ഉത്പനങ്ങൾക്കും അനന്ത സാധ്യതകളുണ്ട്.
First published: January 18, 2019, 11:28 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading