കോയമ്പത്തൂർ: അവിനാശിയില്‍ പത്തൊന്‍പതു പേരുടെ ജീവനെടുത്ത കണ്ടെയ്നര്‍ ലോറി ഡ്രൈവര്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് ഈറോഡ് പൊലീസ് കേസെടുത്തു. ഇയാളുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കും. പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ ഡ്രൈവർ എ.ഹേമരാജ് ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
മനപൂർവമല്ലാത്ത നരഹത്യ, അശ്രദ്ധമായി വാഹനമോടിക്കൽ തുടങ്ങിയ വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്. അപകടത്തിന് കാരണം കണ്ടെയ്നർ ലോറിയുടെ ടയർപൊട്ടി നിയന്ത്രണം വിട്ടതാണെന്നായിരുന്നു ആദ്യനിഗമനം. എന്നാൽ വിശദപരിശോധനയിൽ ടയർ പൊട്ടിയിട്ടില്ലെന്ന് കണ്ടെത്തി. കോയമ്പത്തൂർ സേലം ഹൈവേയിലെ ആറുവരി പാതയുടെ വലതുവശംചേർന്ന് വന്ന ലോറി ഡിവൈഡറിൽ ഉരഞ്ഞ് 250 മീറ്ററോളം ഓടിയശേഷം ഡിവൈഡർ മറികടന്ന് മറുഭാഗത്തെത്തി ബസിലിടിച്ചത്. ടയർ പൊട്ടിയതാണെന്ന ഹേമരാജിന്റെ വാദം മോട്ടോർവാഹന വകുപ്പും തളളിക്കളഞ്ഞിട്ടുണ്ട്. ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്നാണ് വിവരം.
Also Read ഭവിത പരീക്ഷയെഴുതി; KSRTC അപകടത്തിൽ അച്ഛൻ മരിച്ചതറിയാതെ
സംഭവത്തിൽ തമിഴ്നാട് പൊലീസിന്റെ അന്വേഷണം തുടരുകയാണെന്നും ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്ന നടപടി ഉണ്ടാകുമെന്നും മന്ത്രി എകെ ശശീന്ദ്രന് പറഞ്ഞു.
കൊച്ചിയിലെ ഗ്ലോബൽ ഷിപ്പിങ് കമ്പനിയുടേതാണ് ട്രക്ക്. വല്ലാർപാടം കണ്ടെയ്നർ ടെർമിനലിൽ നിന്ന് ടൈലുകളുമായി സേലത്തേക്കു പോകുമ്പോഴാണ് കെഎസ്ആര്‍ടിസി ബസിലേക്ക് ഇടിച്ചുകയറിയത്.