പാലക്കാട് എക്സൈസ് ഡിവിഷൻ ഓഫീസിൽ നടത്തിയ വിജിലൻസ് റെയ്ഡിൽ പത്തു ലക്ഷത്തിലധികം രൂപ കൈക്കൂലി പണം കണ്ടെത്തിയ സംഭവത്തിൽ പതിനാല് എക്സൈസ് ഉദ്യോഗസ്ഥരെ സസ്പെൻറ് ചെയ്തു. എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എംഎം നാസർ, എക്സൈസ് സർക്കിൾ ഇൻസ്പെക്ടറും എക്സൈസ് എൻഫോഴ്സ്മെന്റ് & ആന്റിനാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് ഓഫീസറുമായ എസ്.സജീവ്, ചിറ്റൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ. അജയൻ, ചിറ്റൂർ എക്സൈസ് ഇൻസ്പെക്ടർ ഇ രമേശ്, എക്സൈസ് ഇന്റലിജൻസ് & ഇൻവെസ്റ്റിഗേഷൻ ബ്യൂറോയിലെ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ സെന്തിൽകുമാർ, എക്സൈസ് സിവിഷൻ ഓഫീസിലെ ഓഫീസ് അറ്റൻ്റഡ് നൂറുദ്ദീൻ, പ്രിവൻ്റീവ് ഓഫീസർ എ എസ് പ്രവീൺകുമാർ, സിവിൽ എക്സൈസ് ഓഫീസർ സൂരജ്, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ പി സന്തോഷ് കുമാർ, പ്രിവൻ്റീവ് ഓഫീസർ മൻസൂർ അലി, സിവിൽ എക്സൈസ് ഓഫീസർ വിനായകൻ, ചിറ്റൂർ എക്സൈസ് ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസർ ശശികുമാർ , എക്സൈസ് ഇൻ്റലിജൻസ് ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ പി. ഷാജി, ചിറ്റൂർ റേഞ്ച് ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ ശ്യാംജിത് എന്നിവരെയാണ് സസ്പെൻ്റ് ചെയ്തത്.
മെയ് 16 നാണ് വിജിലൻസ് വിഭാഗം പാലക്കാട് എക്സൈസ് ഡിവിഷൻ ഓഫീസിൽ റെയ്ഡ് നടത്തിയത്. ഡിവിഷൻ ഓഫീസിലെ ഓഫീസ് അറ്റൻഡൻ്റ് നൂറുദ്ദീനിൽ നിന്നും 2,24, 000 രൂപയും , മറ്റൊരു വാഹനത്തിൽ നിന്ന് 7,99,600 രൂപയും പിടിച്ചെടുത്തു. ഡിവിഷൻ ഓഫീസിലെയും ചിറ്റൂർ റെയ്ഞ്ച്, എക്സൈസ് ഇൻ്റലിജൻസ് ഓഫീസിലെയും ഉദ്യോഗസ്ഥർക്ക് കള്ള് ഷാപ്പ് ലേലത്തിനെടുത്തവർ സന്തോഷ പണം എന്ന പേരിൽ നൽകുന്ന കൈക്കൂലിയാണ് ഇതെന്നാണ് വിജിലൻസ് കണ്ടെത്തിയത്.
Also Read-
പാലക്കാട് അണക്കപ്പാറ വ്യാജ കള്ള് നിർമ്മാണ കേന്ദ്രം: 70 എക്സൈസ് ഉദ്യോഗസ്ഥർക്ക് സ്ഥലമാറ്റം
വിജിലൻസ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ കൂട്ട നടപടിയെടുത്തത്.
ഇത് രണ്ടാം തവണയാണ് പാലക്കാട് ജില്ലയിലെ എക്സൈസ് ഉദ്യോഗസ്ഥർ കൂട്ട നടപടി നേരിടുന്നത്. മുൻപ് വ്യാജ കള്ള് നിർമ്മാണ കേന്ദ്രത്തിന് ഒത്താശ ചെയ്ത സംഭവത്തിലാണ് കൂട്ട നടപടി നേരിട്ടത്. ആലത്തൂർ, ചിറ്റൂർ എക്സൈസ് സർക്കിൾ ഓഫീസിലെയും കുഴൽമന്ദം, ആലത്തൂർ റെയ്ഞ്ച് ഓഫീസുകളിലെയും പാലക്കാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെയും ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്. ഇവർക്ക് സ്പിരിറ്റ് മാഫിയയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
കേസിൽ സ്പിരിറ്റ് മാഫിയയുമായി നേരിട്ട് ബന്ധമുണ്ടെന്ന് കണ്ടെത്തിയ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഷാജി എസ് രാജൻ ഉൾപ്പടെ ഒൻപത് ഉദ്യോഗസ്ഥരെ നേരത്തേ സസ്പെൻ്റ് ചെയ്തിരുന്നു. ഇവർക്കെതിരെ വിജിലൻസ് അന്വേഷണത്തിനും ഉത്തരവിട്ടുണ്ട്. 2021 ജൂൺ 27നാണ് സംസ്ഥാന എക്സൈസ് എൻഫോഴ്സ്മെൻ്റ്അണക്കപ്പാറയിൽ വ്യാജ കള്ള് നിർമ്മാണ കേന്ദ്രം കണ്ടെത്തുന്നത്. ഇവിടെ നിന്നും 1312 ലിറ്റർ സ്പിരിറ്റും, 2220 ലിറ്റർ വ്യാജ കള്ളും പിടിച്ചെടുത്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.