കണ്ണൂര്‍: കനത്തമഴ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ഐ സി എസ് ഇ, സി ബി എസ് ഇ സ്കൂളുകൾ, അംഗനവാടികൾ എന്നിവയ്ക്കും അവധിയായിരിക്കും. അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കുന്നതിന് ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
മഴക്കെടുതിയിൽ നിന്ന് വിദ്യാർത്ഥികളെ അകറ്റി നിർത്തുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകണമെന്നും കളക്ടർ ആവശ്യപ്പെട്ടു. കനത്തമഴയെ തുടര്‍ന്ന് ജാഗ്രതയുടെ ഭാഗമായി കണ്ണൂര്‍ ജില്ലയില്‍ ഇന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് അതി ശക്തമായ മഴ ഇന്നും തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പുണ്ടായിരുന്നു. ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.
കാസർഗോഡ് ജില്ലയിലെ അങ്കണവാടികൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെ എല്ലാ സ്ക്കൂളുകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു. കനത്ത മഴ തുടരുകയും ജില്ലയിലെ പുഴകളും മറ്റു ജലാശയങ്ങളും കരകവിഞ്ഞൊഴുകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചത്. എന്നാൽ കാസർകോട്ടെ അവധി കോളേജുകൾക്ക് അവധി ബാധകമായിരുന്നില്ല.
ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിൽ ചൈത്രവാഹിനി പുഴ കരകവിഞ്ഞൊഴുകുകയാണ്. ചെങ്കള പഞ്ചായത്തിൽ ഏഴാം വാർഡിൽ നെല്ലിക്കട്ടയിൽ വെള്ളത്താൽ ചുറ്റപ്പെട്ട കുടുംബത്തെ കാസർഗോഡ് അഗ്നിശമന രക്ഷാസേന പുറത്തെത്തിച്ചു.
ചൈത്രവാഹിനി പുഴ കര കവിഞ്ഞ് ഭീമനടി നന്മ പാലിയേറ്റീവ് കെയർ സൊസൈറ്റി കെട്ടിടത്തിലേക്ക് വെള്ളം കയറി.
അടുത്ത 5 ദിവസങ്ങളിൽ ഗുജറാത്ത്, കൊങ്കൺ, ഗോവ, മധ്യമഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, യാനം, തെലങ്കാന, തീരദേശ, ദക്ഷിണ കർണാടക, കേരളം, മാഹി എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട കനത്തതോ അതിശക്തമായതോ ആയ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.