എരുമേലി: വീടിന്‍റെ ഗേറ്റിലേക്ക് ബൈക്ക് (Bike Accident) ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ കോളേജ് വിദ്യാർഥിനി മരിച്ചു. ബൈക്ക് ഓടിച്ചിരുന്ന സഹപാഠിയായ യുവാവിന് ഗുരുതരമായി പരിക്കേറ്റു. ചങ്ങനാശേരി രാമങ്കരി സ്വദേശിനിയായ അനുപമയാണ് മരിച്ചത്. എരുമേലി-കാഞ്ഞിരപ്പള്ളി റോഡിൽ കൊരട്ടി അമ്പലം വളവിന് സമീപമാണ് ഇന്ന് വൈകുന്നേരം ഏഴരയോടെ അപകടം നടന്നത്. കുട്ടിക്കാനം മരിയൻ കോളേജ് വിദ്യാർഥികളുടെ സംഘം ബൈക്കുകളിലായി വരുകയായിരുന്നു. അനുപമ സഞ്ചരിച്ചിരുന്ന ബൈക്ക് ഓടിച്ചിരുന്നത് പീരുമേട് പൊലീസ് സ്റ്റേഷനിലെ എസ്.ഐയുടെ മകൻ അമീർ ആയിരുന്നു.
നിയന്ത്രണം വിട്ടെത്തിയ ബൈക്ക് സ്വകാര്യ വ്യക്തിയുടെ വീടിന്‍റെ ഗേറ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവരും വീടിന് മുന്നിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു. ഇരുവരെയും ഉടൻ തന്നെ കാഞ്ഞിരപ്പള്ളി മേരി ക്യൂൻസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അനുപമ മരണപ്പെട്ടതായി ഡോക്ടർമാർ അറിയിച്ചു. പരിക്കേറ്റ അമീർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അനുപമയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
കർണാടകത്തിൽ വാഹനാപകടം; രണ്ടു മലയാളികൾ മരിച്ചു
മാനന്തവാടി: കർണാടകത്തിലെ ഗുണ്ടല്‍പേട്ടയില്‍ ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികൾ മരിച്ചു. മരിച്ചവരില്‍ ഒരാള്‍ വയനാട് കമ്പളക്കാട് സ്വദേശിയായ അജ്മല്‍ (20) ആണ്. ഒപ്പമുണ്ടായിരുന്ന ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാൾ കല്‍പ്പറ്റ സ്വദേശിയാണന്നാണ് വിവരം. കർണാടകത്തിൽനിന്ന് ഉള്ളിയും സവാളയും എടുത്ത് മടങ്ങിവരികയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്.
കർണാടക മിൽക്ക് വാഹനവുമായി കൂട്ടിയിടിച്ചാണണ് അപകടമുണ്ടായത്. കുത്തന്നൂരിന് സമീപം ഇന്ന് ഉച്ചയ്ക്കുശേഷം രണ്ടു മണിയോടെയാണ് അപകടം സംഭവിച്ചത്. ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കർണാടക പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി, മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി.
വീണ്ടും ഇലക്ട്രിക് സ്കൂട്ടർ ബാറ്ററി പൊട്ടിത്തെറിച്ചു; ഗൃഹനാഥൻ മരിച്ചു; ഭാര്യയ്ക്കും രണ്ടു മക്കൾക്കും ഗുരുതര പരിക്ക്
ഹൈദരാബാദ്: തെലങ്കാനയിൽ വീണ്ടും ഇലക്ട്രിക് സ്കൂട്ടർ ബാറ്ററി പൊട്ടിത്തെറിച്ചുള്ള അപകടം റിപ്പോർട്ട് ചെയ്തു. വിജയവാഡയിലാണ് സംഭവം. ഇലക്ട്രിക് സ്കൂട്ടർ ബാറ്ററി കിടപ്പുമുറിയിൽ ചാർജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് ഗൃഹനാഥൻ മരിച്ചു. ശിവകുമാർ എന്നയാളാണ് മരിച്ചത്. അപകടത്തിൽ ശിവകുമാറിന്‍റെ ഭാര്യയ്ക്കും രണ്ടു മക്കൾക്കും ഗുരുതരമായി പൊള്ളലേറ്റു. ശനിയാഴ്ച പുലർച്ചെയാണ് സംഭവം.
Also Read- പതിനേഴുകാരിയെ പിതാവും സഹോദരനും ചേർന്ന് കഴുത്തുഞെരിച്ച് കൊന്നു
ബാറ്ററി പൊട്ടിത്തെറിച്ചതോടെ ശിവകുമാറിനും ഭാര്യയ്ക്കും രണ്ട് കുട്ടികൾക്കും പൊള്ളലേറ്റു. ഇവരുടെ നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തി അവരെ നാലുപേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ശിവകുമാർ മരണപ്പെട്ടതായി ഡോക്ടർമാർ അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ ശിവകുമാറിന്‍റെ ഭാര്യയെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ചയാണ് ശിവകുമാർ ഇലക്ട്രിക് സ്കൂട്ടർ വാങ്ങിയതെന്നാണ് റിപ്പോർട്ട്. അതേസമയം ഏതു കമ്പനിയുടേതാണ് സ്കൂട്ടർ എന്ന കാര്യം വ്യക്തമായിട്ടില്ല. ഒരാഴ്ചയ്ക്കിടെ തെലുങ്ക് സംസ്ഥാനങ്ങളിൽ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്. തെലങ്കാനയിലെ നിസാമാബാദ് ജില്ലയിൽ ഏപ്രിൽ 19 ന് ഇലക്ട്രിക് ഇരുചക്രവാഹനത്തിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് 80 വയസ്സുള്ള ഒരാൾ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Accident, Kottayam news