പാലക്കാട്: പ്രതിരോധ വാക്സിൻ എടുത്തിട്ടും പേവിഷബാധയേറ്റ് മരിച്ച കോളേജ് വിദ്യാർത്ഥിനിക്ക് നായ കടിച്ച് ആഴത്തിൽ മുറിവേറ്റിരുന്നുവെന്ന പ്രചാരണം ശരിയല്ലെന്ന് കുടുംബം. പേവിഷബാധയേറ്റ് മരിച്ച മങ്കര സ്വദേശി ശ്രീലക്ഷ്മിയുടെ പിതാവാണ് ഇത്തരം പ്രചരണങ്ങൾ ശരിയല്ലെന്ന് വ്യക്തമാക്കിയത്. സംഭവത്തിൽ ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും ആവശ്യപ്പെട്ടിട്ടുണ്ട്.
നായകടിച്ച് ആഴത്തിൽ മുറിവേറ്റതാകാം പ്രതിരോധ വാക്സിൻ എടുത്തിട്ടും ശ്രീലക്ഷ്മിയ്ക്ക് പേവിഷബാധയേൽക്കാൻ കാരണമായതെന്നാണ് ആരോഗ്യ വകുപ്പിൻറെ പ്രാഥമിക നിഗമനം. എന്നാൽ ഇത് തെറ്റാണെന്ന് ശ്രീലക്ഷ്മിയുടെ പിതാവ് സുഗുണൻ പറയുന്നു.
നായകടിച്ച ഉടൻ പ്രതിരോധ വാക്സിൻ ജില്ലാ ആശുപത്രിയിൽ നിന്ന് എടുത്തെങ്കിലും മുറിവിനുള്ള സിറം തൃശൂർ മെഡിക്കൽ കോളേജിൽ പോയാണ് കുത്തിവെച്ചത്. ഇതിൽ വന്ന കാലതാമസം പേവിഷ ബാധയേൽക്കാൻ കാരണമായിട്ടുണ്ടോയെന്ന് ആരോഗ്യ വകുപ്പ് പരിശോധിച്ചു വരികയാണ്.
Also Read-
സംസ്ഥാനത്ത് പേവിഷബാധ മരണങ്ങൾ കൂടുന്നു; ആറ് മാസത്തിനിടെ മരിച്ചത് 13 പേർ
സംഭവത്തിൽ ജില്ലാ കളക്ടറോടും ജില്ലാ മെഡിക്കൽ ഓഫീസറോടും റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൻറെ പശ്ചാത്തലത്തിൽ നായ കടിച്ചാൽ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.
Also Read-
'പേവിഷബാധയേറ്റ് കോളേജ് വിദ്യാർഥിനി മരിച്ചത് മുറിവിന്റെ ആഴം കാരണം'; വാക്സിൻ നൽകിയതിൽ അപാകതയില്ലെന്ന് ഡിഎംഒ
മെയ് 30 നാണ് പാലക്കാട് മങ്കര സ്വദേശിനി ശ്രീലക്ഷ്മി യെ(19) അയല്‍വീട്ടിലെ വളര്‍ത്തു നായ കടിച്ചത്. കഴിഞ്ഞ ദിവസമാണ് ചികിത്സയിലിരിക്കെ ശ്രീലക്ഷ്മി മരിച്ചത്. നായ കടിച്ചതിനു ശേഷവും കോളേജിൽ പോയിരുന്ന ശ്രീലക്ഷ്മിക്ക് പനി ബാധിച്ചിരുന്നു. വീട്ടിലെത്തി വെള്ളം കുടിച്ചതോടെയാണ് പേവിഷബാധയുടെ ലക്ഷണം കാണിച്ചത്.
തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യനില വഷളായ ശ്രീലക്ഷ്മി മരണത്തിന് കീഴടങ്ങി. വാക്സിൻ എടുത്തിട്ടും മരണം സംഭവിച്ചതോടെയാണ് വിശദീകരണവുമായി ഡിഎംഒ രംഗത്തെത്തിയത്.
ശ്രീലക്ഷ്മിയെ നായ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ ഉടമ തടയാന്‍ ശ്രമിക്കുകയും ഇദ്ദേഹത്തിന് കടിയേല്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇദ്ദേഹത്തിന് ഇതുവരെ യാതൊരു ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിട്ടില്ല. സംസ്ഥാനത്ത് പേവിഷബാധയേറ്റ് ഈ വര്‍ഷം മരിക്കുന്ന പതിമൂന്നാമത്തെ ആളാണ് ശ്രീലക്ഷ്മി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.