പാലക്കാട്: മലമ്പുഴ കുറുമ്പാച്ചി മലയിലെ പാറയിടുക്കിൽ കുടുങ്ങിയ ബാബുവിനെ (Malampuzha Babu) രക്ഷപ്പെടുത്തിയ ലെഫ്റ്റനന്റ് കേണൽ ഹേമന്ദ് രാജും (Lt. Col Hemant Raj ) സംഘവും ഒരിക്കൽ കൂടി മലമ്പുഴയിലെത്തും. ബാബുവിനെ കാണാൻ മാത്രമല്ല, രക്ഷാദൗത്യത്തിൽ ഒരു ഭയവും മടിയും കൂടാതെ പങ്കെടുത്ത നാട്ടുകാരെ കൂടി കാണാനാണ് ആ വരവ്.
അടുത്തയാഴ്ച മലമ്പുഴയിലേക്ക് വരാനാണ് ഉദ്ദേശിയ്ക്കുന്നതെന്ന് ഹേമന്ദ് രാജ് ന്യൂസ് 18 നോട് പറഞ്ഞു. " ഞങ്ങൾക്ക് ബാബുവിനെ കാണണം. ഒപ്പം ആ നാട്ടുകാരെയും, ഞങ്ങൾ ജോലിയുടെ ഭാഗമായാണ് രക്ഷാ ദൗത്യം നിർവഹിച്ചത്, എന്നാൽ ഞങ്ങളോടൊപ്പം വന്ന നാട്ടുകാരുടെ സേവനം അത്രമേൽ വലുതായിരുന്നു, അവരെയെല്ലാം നേരിൽ കണ്ട് അഭിനന്ദനം അറിയിക്കണം". ഹേമന്ദ് രാജ് പറഞ്ഞു.
ദൗത്യത്തിനായി ഡ്രോൺ ദ്യശ്യങ്ങൾ നൽകിക്കൊണ്ടിരുന്ന കാർത്തിക്, സൂരജ് എന്നിവരെയും നേരിൽ കാണണമെന്ന് അദ്ദേഹം വ്യക്തമാക്കി. അവർ നൽകിയ ദൃശ്യങ്ങൾ ദൗത്യത്തിന് വളരെയേറെ സഹായിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ബാബുവിന്റെ ഫോൺ ഞങ്ങളുടെ കൈവശമുണ്ടെന്നും അത് നേരിട്ട് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read-
Malampuzha Rescue | 'വെരി താങ്ക്സ്, ഇന്ത്യൻ ആർമി'; മലമ്പുഴയിൽ നടന്നത് സമാനതകളില്ലാത്ത രക്ഷാപ്രവർത്തനം
പാറയിടുക്കിൽ നിന്നും ബാബുവിനെ ഉയർത്തിയ സൈനികൻ ബാലകൃഷ്ണന്റെ കൈയിലായിരുന്നു ഫോൺ. ദൗത്യത്തിന് ശേഷം തനിക്ക് ഫോൺ കൈമാറിയെങ്കിലും ആ തിരക്കിനിടയിൽ തിരികെ നൽകാൻ വിട്ടു പോയി. ബാബുവിന് അത്രമേൽ ഇഷ്ടപ്പെട്ട ഫോൺ നേരിട്ട് തന്നെ കൈമാറുമെന്ന് ഹേമന്ദ് രാജ് പറഞ്ഞു.
Also Read-
Trekking | കുറ്റം പറയാൻ വരട്ടെ; ഈ ട്രെക്കിംഗ് അത്ര കുഴപ്പം പിടിച്ച പരിപാടിയാണോ?
ബാബുവിന്റെ ഫോണുമായി നിൽക്കുന്ന സെൽഫി ഫോട്ടോ ഹേമന്ദ് രാജ് കുടുംബാംഗങ്ങൾക്ക് അയച്ചു നൽകി. രക്ഷകരായ സൈനികരെ ഒരിക്കൽ കൂടി കാണാനുള്ള കാത്തിരിപ്പിലാണ് ബാബുവും കുടുംബവും.
തിങ്കളാഴ്ച രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് ബാബു മല ചവിട്ടിയത്. താഴേയ്ക്കിറങ്ങുന്നതിനിടയിൽ, കൊടുമുടിയിൽ നിന്ന് 200 അടിയെങ്കിലും താഴ്ന്നതായി കണക്കാക്കപ്പെടുന്ന ആഴത്തിലുള്ള മലയിടുക്കിലേക്ക് ബാബു വഴുതി വീണു. ഇതിനിടെ കാലിന് പരിക്കേറ്റു. രക്ഷപ്പെടുത്തുന്നതിൽ പരാജയപ്പെട്ട സുഹൃത്തുക്കൾ കുന്നിന്റെ അടിവാരത്തെത്തി അധികൃതരെ വിവരമറിയിച്ചതിനെ തുടർന്ന് രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ബുധനാഴ്ച്ചയാണ് ബാബുവിനെ രക്ഷിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.