പ്രണയത്തിന് അതിരുകളില്ല. ആലപ്പുഴയിലെ (Alappuzha) ഒരു സിപിഎമ്മുകാരനും ലിത്വാനിയ സ്വദേശിനിയും തമ്മിൽ പ്രണയത്തിലായി. ഇരുവരും വിവാഹം (Wedding) കഴിക്കാൻ തീരുമാനിച്ചു. എന്നാൽ തടസവുമായി വിദേശവനിതയുടെ കുടുംബം രംഗത്തെത്തി. കാരണം എന്താണെന്നല്ലേ, മകളുടെ വരൻ ഒരു കമ്മ്യൂണിസ്റ്റുകാരനാണെന്ന കാര്യം അവർക്ക് അംഗീകരിക്കാനാകില്ല. ലിത്വാനിയക്കാർക്ക് കമ്മ്യൂണിസ്റ്റുകാരോട് അത്ര പഥ്യമില്ല. സോവിയറ്റ് യൂണിയൻ തകർന്നപ്പോൾ തൊണ്ണൂറുകളിൽ സ്വതന്ത്രമായ രാജ്യമാണ് ലിത്വാനിയ. അന്നുമുതൽ അവിടെ കമ്മ്യൂണിസത്തിന് അയിത്തം കൽപ്പിച്ചിരിക്കുകയാണ്.
തുമ്പോളിയിലെ സജീവ സിപിഎം പ്രവർത്തകനായ ജോൺസൻ എന്നയാളാണ് ഈ കഥയിലെ നായകൻ. വർഷങ്ങൾക്ക് മുമ്പ് ദൈവത്തിന്റെ സ്വന്തം നാട്ടിലെത്തിയ ക്രിസ്റ്റീനയാണ് ജോൺസന്റെ മനംകവർന്ന ലിത്വാനിയക്കാരി. ആലപ്പുഴയിൽ എത്തിയപ്പോഴാണ് ക്രിസ്റ്റീനയും ജോൺസനും തമ്മിൽ പരിചയത്തിലായത്. ക്രിസ്റ്റീന നാട്ടിലേക്ക് മടങ്ങിയിട്ടും അവരുമായുള്ള സൌഹൃദം ജോൺസൻ തുടരുകയാണ്. അങ്ങനെ ഇരുവരും തമ്മിൽ പ്രണയത്തിലായി. അങ്ങനെ വീണ്ടുമൊരു വരവിനിടെ ജോൺസനും ക്രിസ്റ്റീനയും തമ്മിലുള്ള വിവാഹനിശ്ചയം നടന്നു. ഇതിനുശേഷമാണ് ഇക്കാര്യം ക്രിസ്റ്റീന വീട്ടിൽ അറിയിച്ചത്. എന്നാൽ ജോൺസൻ ഒരു കമ്മ്യൂണിസ്റ്റുകാരനാണെന്ന വിവരം ക്രിസ്റ്റീനയുടെ വീട്ടുകാരെ ചൊടിപ്പിച്ചു. ഈ വിവാഹം നടത്താൻ സമ്മതിക്കില്ലെന്ന് അവർ കട്ടായം പറഞ്ഞു.
അതിന് ഒരു കാരണവുമുണ്ട്. തൊണ്ണൂറുകൾ വരെ സോവിയറ്റ് യൂണിയന്റെ അധീനതയിലായിരുന്നു ലിത്വാനിയ. എന്നാൽ യു എസ് എസ് ആർ തകർന്നതോടെ ലിത്വാനിയയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചു. വലതുപക്ഷ പാർട്ടികൾ അധികാരത്തിലെത്തിയതോടെ, അവിടെനിന്ന് കമ്മ്യൂണിസ്റ്റുകാരെ പടിയടച്ച് പിണ്ഡം വെച്ചു. അക്കാലം മുതൽക്കേ കമ്മ്യൂണിസ്റ്റുകാരോട് ശക്തമായ എതിർപ്പ് വെച്ചുപുലർത്തുന്നവരാണ് ലിത്വാനിയക്കാർ.
അതുകൊണ്ടുതന്നെയാണ് ക്രിസ്റ്റീനയുടെ വിവാഹത്തെ വീട്ടുകാർ നഖശിഖാന്തം എതിർത്തത്. എന്നാൽ ലിത്വാനിയയിൽ സാമൂഹികപ്രവർത്തകയായ ക്രിസ്റ്റീന, ജോൺസനുമായി തനിക്ക് ഉണ്ടായ നല്ല അനുഭവങ്ങൾ വീട്ടുകാരോട് പങ്കുവെച്ചു. ഇതു കേട്ടുകഴിഞ്ഞതോടെ മകളുടെ ആഗ്രഹത്തെ എതിർക്കുന്നതിൽനിന്ന് വീട്ടുകാർ പിൻമാറി. ഇത്രയുംകാലം തുടർന്നുവന്ന കടുത്ത രാഷ്ട്രീയനിലപാടിൽനിന്ന് ക്രിസ്റ്റീനയ്ക്കുവേണ്ടി അയവ് വരുത്താൻ അവർ തീരുമാനിച്ചു.
Also Read-
ഗൾഫിൽനിന്ന് തിരിച്ചെത്തിയ പ്രവാസിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി
ഇരുവരുടെയും വീട്ടുകാരുടെ സമ്മതപ്രകാരം ഉടൻ തന്നെ വിവാഹം നടത്താനാണ് തീരുമാനം. ഇപ്പോൾ സംസ്ഥാനത്ത് നിലവിലുള്ള കോവിഡ് നിയന്ത്രണങ്ങൾ മാറിയാൽ ഉടൻ വിവാഹം നടത്താമെന്നാണ് ജോൺസനും ക്രിസ്റ്റീനയും തീരുമാനിച്ചിരിക്കുന്നത്. കമ്മ്യൂണിസത്തെ എതിർക്കുന്ന ക്രിസ്റ്റീനയുടെ കുടുംബാംഗങ്ങളും കമ്മ്യൂണിസ്റ്റ് പാർട്ടി ഭരിക്കുന്ന കേരളത്തിൽ വിവാഹത്തിനായി എത്തും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.