• HOME
  • »
  • NEWS
  • »
  • kerala
  • »
  • പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ചിത്രം പ്രചാരണ ബോർഡിൽ; കൃഷ്ണ കുമാറിനെതിരെ പരാതി

പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ചിത്രം പ്രചാരണ ബോർഡിൽ; കൃഷ്ണ കുമാറിനെതിരെ പരാതി

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സ്ഥാനാർത്ഥികൾ മത ചിഹ്നമോ അതുമായി ബന്ധപ്പെട്ട കാര്യങ്ങളോ ഉപയോഗിക്കരുതെന്നാണ് നിർദേശം

  • Share this:
    തിരുവനന്തപുരം: തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി ജി കൃഷ്ണ കുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി. കൃഷ്ണകുമാർ പെരുമാറ്റ ചട്ടം ലംഘിച്ചുവെന്ന് കാണിച്ചാണ് യൂത്ത് കോൺഗ്രസ് തിരുവനന്തപുരം മണ്ഡലം കമ്മറ്റി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാാതി നൽകിയത്.

    തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സ്ഥാനാർത്ഥികൾ മത ചിഹ്നമോ അതുമായി ബന്ധപ്പെട്ട കാര്യങ്ങളോ ഉപയോഗിക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. അത്തരത്തിൽ മതചിഹ്നം ഉപയോഗിച്ചാൽ പെരുമാറ്റ ചട്ടലംഘനം ആകുമെന്നും കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്.

    ഈ ഘട്ടത്തിലാണ് തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയും നടനുമായ കൃഷ്ണകുമാറിന്റെ പ്രചാരണ ബോർഡുകളിൽ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ചിത്രം ഉപയോഗിച്ചിരിക്കുന്നത്. നഗരത്തിലെ മുട്ടത്തറ, വലിയശാല അടക്കമുള്ള സ്ഥലങ്ങളിലാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ചിത്രം പതിപ്പിച്ച ബോർഡുകൾ വച്ചിരിക്കുന്നത്.

    ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടത്തോടെ യൂത്ത് കോൺഗ്രസ് തിരുവനന്തപുരം മണ്ഡലം കമ്മറ്റി ആണ് പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ചിത്രം ഉപയോഗിച്ചതിലൂടെ കൃഷ്ണകുമാർ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചുവെന്ന് യൂത്ത് കോൺഗ്രസ് പരാതിയിൽ പറയുന്നു.

    Also Read-പത്രിക തള്ളല്‍: ബിജെപിക്ക് തിരിച്ചടി; ഇടപെടുന്നില്ലെന്ന് ഹൈക്കോടതി; സ്ഥാനാർഥികൾക്ക് മത്സരിക്കാനാകില്ല

    അതുകൊണ്ടുതന്നെ കൃഷ്ണ കുമാറിനെതിരെ നടപടി വേണമെന്ന ആവശ്യമാണ് യൂത്ത് കോൺഗ്രസ് മുന്നോട്ടുവച്ചത്. ഏതായാലും വിഷയത്തിൽ കൃഷ്ണകുമാറിന്റെ ഭാഗത്തുനിന്ന് പ്രതികരണം ഉണ്ടായിട്ടില്ല. യൂത്ത് കോൺഗ്രസിന്റെ പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ എന്ത് നടപടി സ്വീകരിക്കുമെന്നതും കാത്തിരുന്നു കാണണം.



    അതേസമയം, തലശ്ശേരി, ഗുരുവായൂർ, ദേവികുളം മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രിക തള്ളിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയിൽ ഇടപെടുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. തലശ്ശേരിയില്‍ എന്‍. ഹരിദാസിന്റെയും ഗുരുവായൂരില്‍ നിവേദിത സുബ്രഹ്മണ്യന്റെയും ദേവികുളത്ത് ആർ.എം. ധനലക്ഷ്മിയുടെയും പത്രികകളാണ് തള്ളിയത്.

    ഇതോടെ ഈ മൂന്നു മണ്ഡലങ്ങളിലും എൻഡിഎയ്ക്ക് സ്ഥാനാര്‍ഥിയില്ലാത്ത അവസ്ഥയായി. നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരെ തലശ്ശേരിയിലെയും ഗുരുവായൂരിലെയും ബിജെപി സ്ഥാനാര്‍ഥികള്‍ നല്‍കിയ ഹര്‍ജികള്‍ ഞായറാഴ്ച ഹൈക്കോടതി പ്രത്യേക സിറ്റിങ് നടത്തി പരിഗണിച്ചിരുന്നു. തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദമായ നിലപാടു തേടി ജസ്റ്റിസ് എന്‍. നഗരേഷ് ഹര്‍ജികള്‍ ഇന്നത്തേക്കു മാറ്റുകയായിരുന്നു.

    തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ തുടങ്ങിയാല്‍ കോടതിക്ക് ഇടപെടാനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യത്തില്‍ സുപ്രീംകോടതി തീര്‍പ്പുകല്‍പ്പിച്ചതാണെന്നും വരണാധികാരിയുടെ തീരുമാനം അന്തിമമായിരിക്കുമെന്നും കമ്മീഷന്‍ കോടതിയില്‍ സമര്‍പ്പിച്ച എതിര്‍സത്യവാങ്മൂലത്തില്‍ പറഞ്ഞു. വരണാധികാരി യാന്ത്രികമായി പ്രവര്‍ത്തിക്കുന്നുവെന്നും തീരുമാനം വിവേചനപരമാണെന്നും ഹര്‍ജിക്കാര്‍ ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ രണ്ടുമണ്ഡലങ്ങളില്‍ സാങ്കേതിക പിഴവ് പരിഹരിക്കുന്നതിന് വരണാധികാരികള്‍ സമയം അനുവദിച്ചിരുന്നു. ഇതുചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജിക്കാരുടെ വാദം.
    Published by:Naseeba TC
    First published: