കുമരകത്ത് വേമ്പനാട്ടുകായലിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് നാടിനാകെ മാതൃകയായ എൻ.എസ്. രാജപ്പന്റെ പണം തട്ടിയെടുത്തത് വൻ വിവാദമായിരുന്നു. സഹോദരിക്കെതിരെ രാജപ്പൻ കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. പണം തട്ടിയ കേസിൽ കുമരകം പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടെയാണ് കേസ് ഒത്തുതീർപ്പാക്കുന്ന നടപടിയിലേക്ക് പോകുന്നത്.
പണം തട്ടിയത് സഹോദരി വിലാസിനി തന്നെയെന്ന് അന്വേഷണത്തിൽ കുമരകം പോലീസിന് വ്യക്തമായിരുന്നു. ഇതിനെ തുടർന്ന് ഇവർ കുടുംബസമേതം ഒളിവിൽ പോയിരുന്നു. ഭർത്താവ് കുട്ടപ്പനും സഹോദരൻ ജയലാലിനും ഒപ്പമാണ് ഇവർ ഒടുവിൽ പോയത്. പോലീസ് പിടിക്കും എന്ന് ഉറപ്പായതോടെയാണ് പണം തിരികെ നൽകി രക്ഷപ്പെടാൻ വിലാസിനിയും കുടുംബവും ശ്രമം നടത്തിയത്. വിലാസിനി അഞ്ചു ലക്ഷത്തിഎണ്ണായിരം രൂപ തിരികെ ബാങ്ക് അക്കൗണ്ടിൽ തന്നെ അടച്ചു. ഇതുസംബന്ധിച്ച രസീതും വിലാസിനി രാജപ്പന് കൈമാറി. ഇതോടെയാണ് ഇനി കേസിൽ മുന്നോട്ടു പോകേണ്ടതില്ല എന്ന തീരുമാനത്തിലേക്ക് രാജപ്പൻ എത്തിയത്.
പണം തിരികെ ലഭിക്കുക എന്നത് മാത്രമായിരുന്നു ആവശ്യം എന്ന് രാജപ്പൻ വ്യക്തമാക്കി. എന്നാൽ രസീത് തന്നെങ്കിലും ബാങ്കിൽ പോയി ഇത് പരിശോധിക്കാനായിട്ടില്ല. ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ ഉള്ളതിനാൽ ഇന്ന് ബാങ്ക് അവധി ആണ്. അതിനാൽ നാളെ മാത്രമേ ഇക്കാര്യങ്ങൾ നേരിട്ട് പരിശോധിക്കാൻ ആകുവെന്ന് രാജപ്പൻ പറഞ്ഞു. നേരിട്ട് പരിശോധിച്ച ശേഷം പൊലീസിനോട് പരാതിയുമായി മുന്നോട്ടു പോകാൻ ഇല്ല എന്ന് അറിയിക്കാനാണ് രാജപ്പന്റെ തീരുമാനം.
പണം തട്ടിയെടുത്തിട്ടില്ല എന്നായിരുന്നു സഹോദരി വിലാസിനിയും മകൻ ജയലാലും മാധ്യമങ്ങൾക്ക് മുന്നിൽ വിശദീകരിച്ചത്.
രാജപ്പനെ ആരും നോക്കാൻ ഇല്ലാതിരുന്ന സമയത്ത് താൻ പോയി വീട്ടിലേക്ക് കൂട്ടി കൊണ്ടു വരികയായിരുന്നു. അതിനുശേഷമാണ് പ്രധാനമന്ത്രി മൻ കി ബാത്ത് പരിപാടിയിൽ രാജപ്പന്റെ പ്രകൃതിസ്നേഹം രാജ്യത്തോട് പറഞ്ഞത് എന്നും അന്ന് വിലാസിനി പറഞ്ഞിരുന്നു.
നിരവധി ആളുകൾ സഹായം വാഗ്ദാനം ചെയ്തിനെ തുടർന്നാണ് കുമരകം ഫെഡറൽ ബാങ്കിൽ തന്റെയും രാജപ്പന്റെയും പേരിൽ അക്കൗണ്ട് എടുത്തത് എന്നായിരുന്നു വിശദീകരണം. ശാരീരിക ബുദ്ധിമുട്ട് അനുഭവിച്ചതോടെയാണ് രാജപ്പൻ തന്നെ പണം എടുക്കാൻ ചുമതലപ്പെടുത്തിയിരുന്നത്. രാജപ്പൻ ആവശ്യപ്പെട്ടതനുസരിച്ച് 5 ലക്ഷം രൂപ എടുത്ത് രാജപ്പന് നേരിട്ട് നൽകി.
കൈപ്പുഴമുട്ട് പാലത്തിന് താഴെ കാത്തുനിന്ന രാജപ്പന് പണം താനും സുഹൃത്തും ചേർന്നാണ് കൈമാറിയതെന്ന് വിലാസിനിയുടെ മകൻ ജയലാൽ പറഞ്ഞു. ഈ വാദങ്ങളെല്ലാം കള്ളമായിരുന്നു എന്നാണ് ഇപ്പോൾ വ്യക്തമാക്കുന്നത്. വഞ്ചന അടക്കമുള്ള വകുപ്പുകൾ ചുമത്തി കുമരകം സിഐ സജികുമാർ ആണ് കേസിൽ അന്വേഷണം നടത്തിയിരുന്നത്. ബാങ്കിൽ നിന്നും രേഖകൾ സംഘടിപ്പിച്ചാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ബാങ്ക് ജീവനക്കാരിൽ നിന്ന് ഉൾപ്പെടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഈ അന്വേഷണമാണ് കേസിൽ നിർണായകമായത്.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.