കൊച്ചി: കാലൊടിഞ്ഞ വിദ്യാര്‍ഥിയെ അധ്യാപിക നിര്‍ബന്ധിച്ച് രണ്ടാം നിലയില്‍ നിന്ന് നടത്തിച്ചെന്ന് പരാതി. ക്ലാസ് റൂമില്‍ കളിക്കുന്നതിനിടെ വീണ് കാലൊടിഞ്ഞ വിദ്യാര്‍ഥിയെയാണ് നടത്തിച്ചത്. ഇടതു കാലിന്റെ എല്ലുകള്‍ മൂന്നിടത്ത് പൊട്ടിയ മൂന്നാം ക്ലാസുകാരനെ പിന്നീട് വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു.
കാക്കനാട് എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്സ് ഭാഗത്തു താമസിക്കുന്ന വീട്ടമ്മയായ സംഗീതയുടെ പരാതിയില്‍ ജില്ലാ കളക്ടര്‍ രേണു രാജ് അന്വേഷണത്തിന് ഉത്തരവിട്ടു. എറണാകുളം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. ടീച്ചര്‍ ഇല്ലാത്ത സമയത്ത് ക്ലാസില്‍ ഓടി കളിക്കുന്നതിനിടെയാണ് കുട്ടിയ്ക്ക് വീണ് പരിക്കേറ്റത്.
കുട്ടിയുടെ കരച്ചില് കേട്ടെത്തിയ ക്ലാസ് ടീച്ചര്‍ പ്രാഥമിക ചികിത്സ പോലും നല്‍കാതെ അഭിനയമാണെന്ന് അധിക്ഷേപിക്കുകയും താഴത്തെ നിലയിലേക്ക് നിര്‍ബന്ധിച്ച് നടത്തിക്കുകയുമായിരുന്നെന്ന് പരാതിയില്‍ പറയുന്നു. കാലിന് നീരുവെച്ച നിലയിലായിരുന്നു കുട്ടി.
അപകടത്തെ കുറിച്ച് ക്ലാസ് ടീച്ചറോ, പ്രധാന അധ്യാപികയോ വീട്ടുകാരെ അറിയിച്ചില്ല. വാന്‍ ഡ്രൈവറാണ് വിവരം അറിയിച്ചത്. ആശുപത്രിയിലെത്തിച്ച് എക്സ്റേ എടുത്തപ്പോഴാണ് എല്ലുകള്‍ മൂന്നിടത്ത് പൊട്ടിയത് കണ്ടെത്തിയത്. കുട്ടിയെ നടത്തിച്ചതു കാരണം എല്ലുകള്‍ക്ക് വിടവുണ്ടാവുകയും ഒടിവ് കൂടുകയും ചെയ്തെന്നും പരാതിയിലുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.