തിരുവനന്തപുരം: നേതൃനിരയിലെ അഭിപ്രായഭിന്നതയെ തുടർന്ന് കുട്ടനാട് ഉപതെരഞ്ഞെടുപ്പിൽ എൻ.സി.പി സ്ഥാനാർഥി നിർണയം വൈകുന്നു. സ്ഥാനാർഥിയെ തീരുമാനിക്കാൻ പാർട്ടി സംസ്ഥാന അധ്യക്ഷനേയും രണ്ടു എം.എൽ.എമാരേയുമാണ് നേതൃയോഗം ചുമതലപ്പെടുത്തിയത്. എന്നാൽ ഒരു പേരിൽ എത്തിച്ചേരാൻ ഈ നേതാക്കൾക്കും ഇതുവരെ കഴിഞ്ഞിട്ടില്ല.
സംസ്ഥാന സെക്രട്ടറി ജനറൽ സലിം പി. മാത്യു, തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ.തോമസ്, ദേശീയ സെക്രട്ടറി ജോസ് മോൻ എന്നീ പേരുകളാണ് സംസ്ഥാന ഭാരവാഹിയോഗത്തിനു മുന്നിലുണ്ടായിരുന്നത്. ഇവരിലൊരാളെ തീരുമാനിച്ച് കേന്ദ്ര നേതൃത്വത്തെ അറിയിക്കാൻ ഭാരവാഹിയോഗം മൂന്നംഗ നേതൃസമിതിയെ ചുമതലപ്പെടുത്തി. എന്നാൽ അഭിപ്രായ ഭിന്നതയെ തുടർന്ന് സ്ഥാനാർഥി നിർണയത്തിനായി കൊച്ചിയിൽ ചേരാനിരുന്ന യോഗം നടന്നില്ല.
തോമസ് കെ.തോമസിനെ തന്നെ സ്ഥാനാർഥിയാക്കണമെന്നാണ് സംസ്ഥാന അധ്യക്ഷൻ ടി.പി.പീതാംബരന്റെ നിലപാട്. ഭാരവാഹിയോഗത്തിൽ തോമസ് ചാണ്ടിയുടെ ഭാര്യയുടെ ശുപാർശ കത്തുമായാണ് ടി.പി പീതാംബരൻ എത്തിയത്. എന്നാൽ അതു വായിക്കാൻ പോലും എതിർവിഭാഗം അനുവദിച്ചില്ല. എന്നാൽ തോമസ് കെ.തോമസിനെ സ്ഥാനാർഥിയാക്കണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് സംസ്ഥാന അധ്യക്ഷൻ. പാലാ എംഎൽഎ മാണി സി.കാപ്പൻ സലിം പി.മാത്യുവിനൊപ്പമാണ്.
പാർട്ടിയുടെ പ്രധാന നേതാവെന്നതും പരിചയ സമ്പത്തും കണക്കിലെടുത്ത് സലിം പി.മാത്യുവിനെ സ്ഥാനാർഥിയാക്കുന്നതാണ് ഉചിതമെന്നാണ് കാപ്പന്റെ അഭിപ്രായം.
ജില്ലാഘടകങ്ങളിൽ ഭൂരിഭാഗവും സിപിഎമ്മും പിന്തുണയ്ക്കുന്നത് സലിം പി.മാത്യുവിനെ തന്നെയാണ്. തർക്കം രൂക്ഷമായതോടെ ദേശീയ സെക്രട്ടറി ജോസ് മോന്റെ സാധ്യത മങ്ങി. ചൊവ്വാഴ്ച തിരുവനന്തപുരത്താണ് അടുത്ത യോഗം. ഇതിലും തീരുമാനമായില്ലെങ്കിൽ കേന്ദ്ര നേതൃത്വം ഇടപെട്ട് സ്ഥാനാർഥിയെ തീരുമാനിക്കും.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.