• HOME
  • »
  • NEWS
  • »
  • kerala
  • »
  • മൊഴിയെടുത്തെന്ന് ആനാവൂര്‍, ഇല്ലെന്ന് ക്രൈംബ്രാഞ്ച് ; നഗരസഭാ കത്ത് വിവാദ അന്വേഷണത്തില്‍ ആശയക്കുഴപ്പം

മൊഴിയെടുത്തെന്ന് ആനാവൂര്‍, ഇല്ലെന്ന് ക്രൈംബ്രാഞ്ച് ; നഗരസഭാ കത്ത് വിവാദ അന്വേഷണത്തില്‍ ആശയക്കുഴപ്പം

വിവാദമായ കത്ത് ഇതുവരെ തനിക്ക് കിട്ടിയില്ലെന്നാണ് ആനാവൂർ തുടക്കം മുതൽ വിശദീകരിക്കുന്നത്.

  • Share this:
തിരുവനന്തപുരം നഗരസഭാ കത്ത് വിവാദത്തിൽ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ മൊഴിയെടുപ്പിൽ ആശയക്കുഴപ്പം. അന്വേഷണ സംഘത്തിന് ദിവസങ്ങൾക്കു മുൻപ് നേരിട്ട് മൊഴി നൽകിയെന്ന് ആനാവൂർ നാഗപ്പന്‍ പറഞ്ഞു. അതേസമയം ആനാവൂർ നാഗപ്പന്റെ മൊഴി രേഖപ്പെടുത്തിയില്ലെന്നാണ് ക്രൈംബ്രാഞ്ചിൽ നിന്ന് ലഭിക്കുന്ന വിവരം. വിജിലൻസ് ആനാവൂരിന്റെ മൊഴിയെടുത്തു. കത്ത് വിവാദത്തിന്റെ പശ്ചാത്തലത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ സാന്നിധ്യത്തിൽ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേർന്നു.

തിരുവനന്തപുരം വിജിലൻസ് സ്പെഷ്യല്‍ യൂണിറ്റ് ഒന്നാണ് ആനാവൂര്‍ നാഗപ്പന്‍റെ മൊഴി രേഖപ്പെടുത്തിയത്. മേയർ ആര്യാ രാജേന്ദ്രന്റെ മൊഴിയും വിജിലൻസ് രേഖപ്പെടുത്തി. കത്തിനെക്കുറിച്ച് അറിയില്ലെന്നാണ് ഇരുവരുടെയും മൊഴി. വിവാദമായ കത്ത് ഇതുവരെ തനിക്ക് കിട്ടിയില്ലെന്നാണ് ആനാവൂർ തുടക്കം മുതൽ വിശദീകരിക്കുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് ആനാവൂർ മൊഴി നൽകിയോ എന്നത് സംബന്ധിച്ച് ആശയക്കുഴപ്പം നിലനിൽക്കുന്നു. മൊഴി നൽകിയെന്നാണ് ആനാവൂർ നാഗപ്പന്‍റെ വാദം.

Also Read-കത്ത് വിവാദത്തിൽ മേയർ ആര്യാ രാജേന്ദ്രൻ രാജിവയ്ക്കേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്

അതേസമയം ഇതുവരെ മൊഴി ലഭിച്ചിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്. മൊഴി നൽകാൻ ആനാവൂരിനോട് സമയം ചോദിച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ആനാവൂർ നേരത്തെ ഫോണിലൂടെ പറഞ്ഞ കാര്യം മൊഴിയായി പരിഗണിക്കാനും ക്രൈംബ്രാഞ്ച് ആലോചിക്കുന്നു. ചൊവ്വാഴ്ചയ്ക്കുള്ളിൽ അന്വേഷണ റിപ്പോർട്ട് പൂർത്തിയാക്കേണ്ടതുണ്ട്. സംഭവത്തിൽ വിജിലൻസ് അന്വേഷണവും പുരോഗമിക്കുകയാണ്. . പരാതിക്കാരനായ കോൺഗ്രസ് മുൻ കൗൺസിലർ ശ്രീകുമാർ വിജിലൻസിന് മൊഴി നൽകി.

കത്ത് വിവാദത്തില്‍ മേയർ രാജി വയ്ക്കണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ ആവശ്യപ്പെട്ടു. കത്ത് വ്യാജമെങ്കില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമത്തിനെതിരെ എന്തുകൊണ്ട് നടപടി എടുക്കുന്നില്ലെന്ന് മുരളീധരന്‍ ചോദിച്ചു.മേയറുടെ രാജി ആവശ്യപ്പെട്ട് തിങ്കളാഴ്ച മുതൽ ബിജെപി- യുഡിഎഫ് സമരങ്ങൾ വീണ്ടും ശക്തമാകുമെന്നാണ് സൂചന.
Published by:Arun krishna
First published: