തിരുവനന്തപുരം: കോണ്‍ഗ്രസിൽ പുതിയ പ്രവർത്തന മാര്‍ഗരേഖയും പെരുമാറ്റച്ചട്ടവും പ്രഖ്യാപിച്ചത് സംബന്ധിച്ച് പുതിയ വിവാദം. നിർണായക വിഷയങ്ങൾ ചർച്ച ചെയ്യേണ്ട രാഷ്ട്രീയകാര്യ സമിതിയെ മറികടന്നാണ് കെപിസിസി അധ്യക്ഷൻ പുതിയ പ്രഖ്യാപനങ്ങൾ നടത്തിയതെന്നാണ് ആരോപണം. പാർട്ടി പുനസംഘടന പൂർത്തിയാകാത്ത സാഹചര്യത്തിൽ, പ്രധാന തീരുമാനങ്ങൾ രാഷ്ട്രീയകാര്യ സമിതിയുടെ അനുമതിയോടെ ആവണമെന്ന ഹൈക്കമാൻഡ് നിർദേശം മറികടന്നെന്നും ചില നേതാക്കൾക്ക് പരാതിയുണ്ട്.
കോൺഗ്രസിൻറെ ഭരണഘടന പ്രകാരം സംസ്ഥാനത്തെ നയപരമായ വിഷയങ്ങളിൽ തീരുമാനമെടുക്കേണ്ടത് കെപിസിസി എക്സിക്യൂട്ടീവാണ്. പുനസംഘടന പൂർത്തിയാകാത്തതിനാൽ നിലവിൽ എക്സിക്യൂട്ടീവ് കമ്മിറ്റി ഇല്ല. പകരം രാഷ്ട്രീയകാര്യ സമിതിയിൽ ഇത്തരം നിർണായക വിഷയങ്ങൾ ചർച്ചയ്ക്ക് എടുക്കുകയാണ് പതിവ്. രാഷ്ട്രീയകാര്യ സമിതിയെ മറികടന്ന് കൊണ്ടാണ് കഴിഞ്ഞദിവസം കെപിസിസി അധ്യക്ഷൻ പുതിയ പ്രഖ്യാപനങ്ങൾ നടത്തിയതെന്നാണ് ആരോപണം. സംഘടനാ പ്രവർത്തനത്തിന് പുതിയ മാര്‍ഗരേഖയും പെരുമാറ്റച്ചട്ടവുമാണ് കെപിസിസി അധ്യക്ഷനായ കെ സുധാകരൻ പ്രഖ്യാപിച്ചത്. ചില മുതിർന്ന നേതാക്കളുമായി കൂടിയാലോചിച്ചതൊഴിച്ചാൽ, രാഷ്ട്രീയകാര്യ സമിതിയുടെ പരിഗണനയിൽ ഈ വിഷയം എത്തിയില്ല. പുതുതായി ചുമതല ഏറ്റെടുത്ത ഡിസിസി അധ്യക്ഷന്മാരുടെ ശില്‍പ്പശാലയിലാണ് പ്രവര്‍ത്തന മാര്‍ഗരേഖയും പെരുമാറ്റച്ചട്ടവും പ്രഖ്യാപിച്ചത്. കെപിസിസി എക്‌സിക്യൂട്ടീവില്‍ അനൗദ്യോഗിക അംഗങ്ങള്‍ മാത്രമായ ഡിസിസി അധ്യക്ഷന്മാര്‍ക്ക് ഇത്തരം നയപരമായ കാര്യങ്ങള്‍ തീരുമാനിക്കുന്നതിന് അധികാരമില്ലെന്നും മുതിര്‍ന്ന നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
നയപരമായ കാര്യങ്ങൾ മുതിർന്ന നേതാക്കൾ ഉൾപ്പെട്ട രാഷ്ട്രീയകാര്യ സമിതിയിൽ ചർച്ച ചെയ്യണമെന്ന ഹൈകമ്മൻഡ് നിർദ്ദേശം കെ സുധാകരൻ മറികടന്നെന്നും വിമർശനമുണ്ട്.
സിപിഎമ്മിലെ സെക്രട്ടറിയേറ്റ് കമ്മിറ്റി മാതൃകയിൽ കോൺഗ്രസിൽ രൂപവത്കരിച്ചതാണ് രാഷ്ട്രീയകാര്യ സമിതി. പൊതുവായ രാഷ്ട്രീയ വിഷയങ്ങളിൽ നിലപാട് എടുക്കുകയും നിർണായക വിഷയങ്ങളിൽ കോൺഗ്രസിൻറെ അഭിപ്രായരൂപീകരണം നടത്തുന്നതും ഈ സമിതിയാണ്. മുൻ കെപിസിസി അധ്യക്ഷന്മാരും മറ്റ് മുതിർന്ന നേതാക്കളുമാണ് ഹൈക്കമാൻഡ് നിയോഗിച്ച ഈ സമിതി അംഗങ്ങൾ.
കോൺഗ്രസിൻറെ സംഘടനാ ശൈലിയിൽ തന്നെ വലിയ പൊളിച്ചെടുത്ത് ഉണ്ടാകുന്ന തീരുമാനങ്ങളാണ് കഴിഞ്ഞദിവസം കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പ്രഖ്യാപിച്ചത്. പാർട്ടിയുടെ കീഴ്ഘടകങ്ങൾ മുതൽ ഇത്ര വിപുലമായ പൊളിച്ചെഴുത്ത് തീരുമാനമുണ്ടായിട്ടും, എന്തുകൊണ്ട് രാഷ്ട്രീയകാര്യ സമിതിയിൽ ചർച്ചയ്ക്ക് എടുത്തില്ല എന്നതാണ് ചോദ്യം. കെ സുധാകരൻ അധ്യക്ഷപദം ഏറ്റെടുത്തതിന് ശേഷം ഒരു തവണ മാത്രമാണ് രാഷ്ട്രീയകാര്യ സമിതി ചേർന്നത്.
രാഷ്ട്രീയകാര്യ സമിതിക്ക് മുമ്പായി പ്രധാന നേതാക്കൾ പ്രത്യേക യോഗം ചേർന്നത് നേരത്തെ വിവാദമായിരുന്നു. ഗ്രൂപ്പ് നേതാക്കളുമായി കെ സുധാകരൻ പ്രത്യേക ചർച്ച നടത്തിയതിൽ പ്രതിഷേധിച്ച് കെ മുരളീധരൻ സമിതി യോഗത്തിൽ നിന്ന് വിട്ടു നിൽക്കുകയും ചെയ്തിരുന്നു. രാഷ്ട്രീയകാര്യ സമിതിയെ അവഗണിച്ചുകൊണ്ടുള്ള പുതിയ നീക്കം കോൺഗ്രസിൻറെ ജനാധിപത്യ സ്വഭാവം നഷ്ടപ്പെടുത്തുമെന്ന് ചില മുതിർന്ന നേതാക്കൾ വിമർശനമുന്നയിക്കുന്നു. വരുംദിവസങ്ങളിൽ മുതിർന്ന നേതാക്കൾ ഇക്കാര്യത്തിൽ പരസ്യ പ്രതികരണവുമായി രംഗത്ത് വരുമെന്നാണ് സൂചന.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Congress, High command, K sudhakaran, KPCC President K. Sudhakaran