ന്യൂഡൽഹി: ആകാംക്ഷയ്ക്കൊടുവിൽ കോൺഗ്രസ് ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് കോൺഗ്രസ് മത്സരിക്കുന്ന 16 മണ്ഡലങ്ങളിൽ 12 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. രാത്രി 11 മണിയോടെ സിഇസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് ആണ് ഔദ്യോഗിക പട്ടിക പുറത്തുവിട്ടത്.
പട്ടികയിൽ നാല് സിറ്റിങ്ങ് എംപിമാരുണ്ട്. ശശി തരൂർ, കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി, എം.കെ രാഘവൻ എന്നിവരാണ് വീണ്ടും ജനവിധി തേടുന്ന കോൺഗ്രസ് എം.പിമാർ. സിറ്റിങ്ങ് എംപിമാരിൽ കെ.സി വേണുഗോപാലും മുല്ലപ്പള്ളി രാമചന്ദ്രനും ഇത്തവണ മത്സരരംഗത്തില്ല. ഇരുവരും മത്സരിക്കാനില്ലെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.
അതേസമയം, എറണാകുളം എം.പി ആയിരുന്ന കെ.വി തോമസിന് സീറ്റ് നിഷേധിച്ചത് വിവാദമായി. എറണാകുളത്ത് സീറ്റ് നിഷേധിക്കപ്പെട്ടെന്ന് അറിഞ്ഞപ്പോൾ രൂക്ഷമായ ഭാഷയിലായിരുന്നു കെ.വി തോമസ് പ്രതികരിച്ചത്. ഒരു സൂചന പോലും നൽകാതെ തന്നെ ഒഴിവാക്കിയതിൽ ദുഃഖവും വേദനയുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് സ്ഥാനാർത്ഥികൾ
തിരുവനന്തപുരം - ശശി തരൂർ
പത്തനംതിട്ട - ആന്റോ ആന്റണി
മാവേലിക്കര - കൊടിക്കുന്നിൽ സുരേഷ്
ഇടുക്കി - ഡീൻ കുര്യാക്കോസ്
എറണാകുളം - ഹൈബി ഈഡൻ
പാലക്കാട് - വി.കെ ശ്രീകണ്ഠൻ
തൃശൂർ - ടി.എൻ പ്രതാപൻ
ചാലക്കുടി - ബെന്നി ബെഹനാൻ
ആലത്തൂർ - രമ്യ ഹരിദാസ്
കോഴിക്കോട് - എം.കെ രാഘവൻ
കണ്ണൂർ - കെ സുധാകരൻ
കാസർകോട് - രാജ് മോഹൻ ഉണ്ണിത്താൻ
ഉമ്മൻ ചാണ്ടിയും കെ.സി വേണുഗോപാലും മുല്ലപ്പള്ളി രാമചന്ദ്രനും മത്സരിക്കില്ല
ആറ്റിങ്ങൽ, ആലപ്പുഴ, വടകര, വയനാട് മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ ഞായറാഴ്ച മാത്രമേ പ്രഖ്യാപിക്കുകയുള്ളൂ. ഈ മണ്ഡലങ്ങളിൽ സ്ഥാനാർഥികളുടെ കാര്യത്തിൽ കൂടുതൽ ചർച്ചകൾ ആവശ്യമായി വന്നതിനാലാണ് പ്രഖ്യാപനം വൈകുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.