കൊച്ചി: തൃപ്പൂണിത്തുറയിൽ പൊലീസ് കസ്റ്റഡിയിൽ ഇരുമ്പനം സ്വദേശി മനോഹരൻ മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്, ബിജെപി പ്രവർത്തകർ. കുറ്റക്കാരായ മുഴുവൻ പേർക്കുമെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നിരാഹാര സമരം ആരംഭിച്ചു. പ്രതിഷേധത്തിനിടെ പൊലീസും പ്രവർത്തകരുമായി ഉന്തും തള്ളുമുണ്ടായി. ബിജെപി പ്രവർത്തകരും ഹിൽപാലസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.
മരിച്ച മനോഹരന്റെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തൃശ്ശൂരിലാണ് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കുക. കളമശ്ശേരി മെഡിക്കൽ കോളജിൽ ഫോറൻസിക് സർജന്മാർ ഇന്ന് ഇല്ലാത്തതുകൊണ്ടാണ് തൃശ്ശൂരിലേക്ക് മാറ്റിയത്. മനോഹരന്റെ മരണത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഡിവൈഎസ്പി പയസിനാണ് അന്വേഷണ ചുമതല.
Also Read- തൃപ്പൂണിത്തുറയിൽ കസ്റ്റഡിയിലെടുത്തയാൾ മരിച്ച സംഭവം; പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു
ഇരുമ്പനം കർഷക കോളനി റോഡിൽ രാത്രി 9 മണിയോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. വാഹന പരിശോധനക്ക് എത്തിയ തൃപ്പുണിത്തുറ പോലീസ് കൈകാണിച്ചപ്പോൾ ബൈക്ക് നിർത്തിയില്ലെന്നാരോപിച്ച് 53 കാരനായ മനോഹരനെ പൊലീസ് ക്രൂരമായി മർദിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷിയായ രമ ന്യൂസ് 18നോട് പറഞ്ഞു.
അവശനിലയിലായ മനോഹരനെ വലിച്ചിഴച്ചാണ് ജീപ്പിൽ കയറ്റിയത്. കസ്റ്റഡിയിലെടുത്ത മനോഹരൻ തൃപ്പുണിത്തുറ സ്‌റ്റേഷനിൽ നിന്ന് രക്ത പരിശോധനയ്ക്ക് കൊണ്ടു പോകുന്നതിനിടയിൽ കുഴഞ്ഞു വീണു. വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനിടെ മരണപ്പെടുകയായിരുന്നു. ആവശ്യപ്പെട്ടപ്പോൾ വാഹനം നിർത്താതിരുന്നതിന് പിഴ ചുമത്താനാണ് മനോഹരനെ സ്റ്റേഷനിൽ കൊണ്ടു വന്നത് എന്നാണ് പോലീസ് വിശദീകരണം. സംഭവത്തിൽ, സിറ്റി പോലീസ് കമ്മീഷണർ തൃക്കാക്കര എ സി പി യോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.
പോലീസ് റോഡിൽ മുഖത്തടിച്ചപ്പോൾ തന്നെ മനോഹരൻ അവശനിലയിലായിരുന്നു എന്നാണ് ദൃക്സാക്ഷി മൊഴികൾ. ഇതിനു പുറമേ പോലീസ് സ്‌റ്റേഷനിൽ മനോഹരന് മർദ്ദനമേറ്റിരുന്നോയെന്ന് പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ വ്യക്തമാവുകയുള്ളൂ. സ്പെയർ പാട്ട്സ് കച്ചവടക്കാനായ മനോഹരൻ ഇരുമ്പനത്ത് കട നടത്തിവരികയായിരുന്നു. ഭാര്യയും രണ്ട് പെൺകുട്ടികളുമടങ്ങുന്നതാണ് മനോഹരന്റെ കുടുംബം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Custody death, Ernakulam, Kerala police, Police custody