കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫിനെ പുകഴ്ത്തിയും ക്ഷമ ചോദിച്ചും കോണ്‍ഗ്രസ് സൈബര്‍ ടീമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ജോസഫ് ഒരു പച്ചയായ മനുഷ്യനാണെന്നും, നിഷ്കളങ്കനാണെന്നും പോസ്റ്റില്‍ പറയുന്നു. അദ്ദേഹം ഒരു നിഷ്കളങ്കനായത് കൊണ്ടായിരിക്കാം വാക്കുകളില്‍ പിഴവും പെരുമാറ്റത്തില്‍ തിടുക്കവും ആവലാതിയും കാണാന്‍ സാധിച്ചത്. രാഷ്ട്രീയ എതിരാളി എന്നതില്‍ കവിഞ്ഞ് ഒരു കോണ്‍ഗ്രസുകാരനും വ്യക്തി വിരോധമില്ലാത്ത ഒരു മനുഷ്യനാണ് ജോ ജോസഫ്. എന്തെങ്കിലും ഞങ്ങളുടെ വശത്തു നിന്ന് വിഷമം ഉണ്ടാക്കി എങ്കില്‍ ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു', സൈബര്‍ ടീം ഫേസ്ബുക്കില്‍ കുറിച്ചു.
കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
ഡോ. ജോ ജോസഫ് ഒരു നിഷ്കളങ്കന്‍ ആയിരുന്നിരിക്കാം. കാരണം അദ്ദേഹത്തിന്റെ വാക്കുകളില്‍ നാക്ക് പിഴകള്‍ ഉണ്ടായിരുന്നു, അദ്ദേഹത്തിന്റെ സംസാരങ്ങളില്‍ പെരുമാറ്റങ്ങളില്‍ ഒരു തിടുക്കം ആവലാതി നമ്മള്‍ കണ്ടിട്ടുണ്ട്. താങ്കള്‍ നല്ലൊരു മനുഷ്യനാണ്, പച്ചയായ മനുഷ്യന്‍.
രാഷ്ട്രീയ എതിരാളി എന്നതില്‍ കവിഞ്ഞു ഒരു കോണ്‍ഗ്രസുകാരനും വ്യക്തി വിരോധമില്ലാത്ത ഒരു മനുഷ്യന്‍. അപമാന ഭാരത്താല്‍ തല കുനിച്ചല്ല തല നിവര്‍ത്തി അഭിമാനത്തോടെ ജീവിക്കുക. ഈ മണ്ണ് ജയിച്ചവന്റെ മാത്രമല്ല തോറ്റവന്റേത് കൂടിയാണ്. എന്തെങ്കിലും ഞങ്ങളുടെ വശത്തു നിന്ന് വിഷമം ഉണ്ടാക്കി എങ്കില്‍ ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു ,അതാണ് ഞങ്ങളുടെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സംസ്കാരവും ഞങ്ങളെ പഠിപ്പിച്ചതും . ദൈവം നിങ്ങളുടെ കുടുംബത്തെയും നിങ്ങളുടെ പ്രവര്‍ത്തങ്ങളെയും അനുഗ്രഹിക്കട്ടെ.
സ്ഥാനാർഥി നിർണയത്തിൽ പാളിച്ച വന്നിട്ടില്ല; മണ്ഡലത്തിൽ സ്വാധീനം ഉണ്ടാക്കാൻ കഴിയാത്തത് പരിശോധിക്കും: മന്ത്രി പി രാജീവ്
തൃക്കാക്കരയിൽ സ്ഥാനാർത്ഥി നിർണയത്തിൽ പാളിച്ചയില്ലെന്ന് മന്ത്രി പി രാജീവ്. മണ്ഡലത്തിൽ സ്വാധീനം ഉണ്ടാക്കാൻ കഴിയാത്തത് എന്തുകൊണ്ട് എന്ന് പരിശോധിക്കുമെന്നും ഇടത് വിരുദ്ധ വോട്ടുകൾ ഒന്നിച്ചുവെന്നും പി രാജീവ് പറഞ്ഞു.
തോൽവിയുമായി ബന്ധപ്പെട്ട് എല്ലാ വശങ്ങളും പരിശോധിക്കും. കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ വോട്ടുകൾ നേടാനായി. സ്ഥാനാർത്ഥി നിർണയത്തിൽ തെറ്റു പറ്റിയിട്ടില്ല. മണ്ഡലത്തിൽ സ്വാധീനം ഉണ്ടാക്കാൻ കഴിയാത്തത് എന്തുകൊണ്ടാണെന്ന് പരിശോധിക്കും.
ഇടത് വിരുദ്ധ വോട്ടുകൾ ഒന്നിച്ചു. സഹതാപത്തിന്റെ ഘടകം പ്രവർത്തിച്ചു. രാഷ്ട്രീയ ഘടകവും അവർക്കൊപ്പം നിന്നു. എന്നാൽ വോട്ട് ശതമാനത്തിൽ പാർട്ടിക്ക് വർധനവുണ്ടാക്കാൻ കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.
Also Read-
കണ്‍സ്യൂമര്‍ ഫെഡിന്റെ പൂട്ടിപ്പോയ 10 ഔട്ട് ലെറ്റുകള്‍ തുറക്കും; നടപടി പുതിയ മദ്യനയത്തിന്റെ ഭാഗമായി
അതേസമയം, തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ഫലപ്രഖ്യാപനത്തിന് പിന്നാലെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട കെപിസിസി പ്രസിഡന്റ് കെ സുധാകരന് മറുപടിയുമായി മന്ത്രി വി ശിവന്‍കുട്ടിയും രംഗത്തെത്തി. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മന്ത്രിയുടെ പരിഹാസം. '41ല്‍ നിന്നും 41ലേക്ക് ഒരു കുതിപ്പായിരുന്നു. രാജി പോലും..' എന്നായിരുന്നു മന്ത്രിയുടെ പരിഹാസം.
ക്യാപ്റ്റന്‍ നിലംപരിശായെന്ന് ഇതാണ് വരാന്‍ പോകുന്ന കോണ്‍ഗ്രസെന്നും പ്രസ്താവനയില്‍ കെ സുധാകരന്‍ പറഞ്ഞിരുന്നു. ജനഹിതം മാനിച്ച് മുഖ്യമന്ത്രി രാജിവക്കണമെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനായിരുന്നു മന്ത്രിയുടെ മറപടി. യുഡിഎഫിന്റെ സീറ്റെണ്ണം ഒന്നും കൂടിയിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.