ന്യൂഡൽഹി: അച്ചടക്ക ലംഘനം നടത്തിയ കെ വി തോമസിനെ (KV Thomas) പാർട്ടി പദവികളിൽ നിന്ന് ഒഴിവാക്കാൻ അച്ചടക്ക സമിതി ശുപാർശ. എഐസിസി അംഗത്വത്തിൽ (aicc membership) നിന്നും രാഷ്ട്രീയകാര്യ സമിതിയിൽ (political affairs committee) നിന്നും നീക്കാനാണ് ശുപാർശ. അച്ചടക്ക സമിതിയുടെ ശുപാർശ കോൺഗ്രസ് അധ്യക്ഷയ്ക്ക് കൈമാറും. കെ വി തോമസിനെ താക്കീത് ചെയ്യാനും അച്ചടക്ക സമിതി ശുപാർശ ചെയ്തിട്ടുണ്ട്. സമിതിയുടെ ശുപാർശകളിൽ അന്തിമ തരുമാനം എഐസിസി അധ്യക്ഷ സോണിയാ ഗാന്ധിയുടേതാകും.
അതേസമയം നേരിൽ ഹാജരായി വിശദീകരണം നൽകാൻ സാഹചര്യം തരണമെന്ന കെ വി തോമസിന്റെ ആവശ്യവും എ കെ ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതി തള്ളി. അച്ചടക്കം ലംഘിച്ച സുനിൽ ജാക്കറിന് രണ്ട് വർഷം സസ്പെൻഷനുംം അച്ചടക്ക സമിതി ശുപാർശ ചെയ്തു.
പാർട്ടി വിലക്ക് ലംഘിച്ച് സി പി എം പാർട്ടി കോൺഗ്രസ് സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുത്തതിനും പിണറായി വിജയനെ പുകഴ്ത്തിയതിനുമെതിരെയാണ് നടപടി വരുന്നത്. കെ വി തോമസിനെ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് തന്നെ സസ്പെൻഡ് ചെയ്യണമെന്നായിരുന്നു കെപിസിസി നൽകിയ കത്തിൽ പറഞ്ഞിരുന്നത്.
പാർട്ടി കോൺഗ്രസിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുക്കാൻ ശശി തരൂരിനും കെ വി തോമസിനുമാണ് സി പി എമ്മിൽ നിന്ന് ക്ഷണം ഉണ്ടായിരുന്നത്. കെ പി സി സിയുടെ എതിർപ്പും എ ഐ സി സിയുടെ നിർദേശവും പരിഗണിച്ച് ശശി തരൂർ സെമിനാറിൽ പങ്കെടുക്കുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ കെ വി തോമസ് സെമിനാറിൽ പങ്കെടുത്തുവെന്ന് മാത്രമല്ല മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് പ്രസംഗിക്കുകയും ചെയ്തു.
Also Read-
Amit Shah| കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കേരള സന്ദർശനം മാറ്റി
ഇതെല്ലാം സംസ്ഥാന കോൺഗ്രസ് നേതൃത്വത്തെ പ്രകോപിപ്പിക്കുന്ന തരത്തിലായിരുന്നു. മാത്രവുമല്ല സി പി എം പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത കെ വി തോമസിനെ രൂക്ഷമായി വിമർശിച്ച സംസ്ഥാന നേതൃത്വത്തിനെതിരെ കെ വി തോമസും പരസ്യ നിലപാട് എടുത്തിരുന്നു.
അതിവേഗം പുറത്താക്കി വീര പരിവേഷത്തോടെ തോമസ് സിപിഎം പാളയത്തിലേക്ക് പോകുന്നത് ഒഴിവാക്കണമെന്ന നിലപാടാണ് ഒരു വിഭാഗം നേതാക്കൾ സ്വീകരിക്കുന്നത്. ചൊവ്വാഴ്ച നടന്ന കോണ്‍ഗ്രസ് അച്ചടക്ക സമിതി യോഗത്തിലാണ് കെ.വി. തോമസിനെതിരായ നടപടിയും ചര്‍ച്ചയായത്. നടപടി സംബന്ധിച്ച ശുപാര്‍ശ സോണിയ ഗാന്ധിക്ക് കൈമാറിയിട്ടുണ്ടെന്ന് അച്ചടക്കസമിതി യോഗത്തിന് ശേഷം താരീഖ് അന്‍വര്‍ അറിയിച്ചു.
അതേസമയം, താന്‍ എന്നും കോണ്ഗ്രസുകാരന് ആയിരിക്കുമെന്ന് കെ.വി. തോമസും പ്രതികരിച്ചു. ഇത്രനാള്‍ കാത്തിരുന്നില്ലേ, നടപടി വരട്ടേ, അപ്പോള്‍ നോക്കാമെന്നും അദ്ദേഹം പറഞ്ഞു. അച്ചടക്ക സമിതിക്കും സോണിയ ഗാന്ധിക്കും കത്തയച്ചിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷയെ കണ്ട് വിശദീകരണം നല്കാന് അവസരം കിട്ടുകയാണെങ്കില്‍ വിശദീകരണം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.